- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരങ്ങൾ മുറിച്ചത് വന ഭൂമിയിൽ നിന്നല്ല; റവന്യു പട്ടയ ഭൂമിയിൽ നിന്ന്; മുട്ടിലിൽ 106 ഈട്ടി വെട്ടി; എറണാകുളം ജില്ലയിൽ ഈട്ടിയും തേക്കുമടക്കം 296 മരങ്ങൾ മുറിച്ചുവെന്നും വനം വകുപ്പിന്റെ റിപ്പോർട്ട്; റവന്യു വകുപ്പിനു വീഴ്ചയുണ്ടായിട്ടില്ലെന്ന് വകുപ്പ് മന്ത്രി; പരസ്പരം പഴിചാരി വകുപ്പുകൾ
കൊച്ചി: സംസ്ഥാനത്തു നടന്ന കോടികളുടെ മരംകൊള്ളയിൽ പരസ്പരം പഴിചാരി സർക്കാർ വകുപ്പുകൾ. മരങ്ങൾ മുറിച്ചത് വന ഭൂമിയിൽ നിന്നല്ലെന്നും എല്ലാ മരങ്ങളും റവന്യു പട്ടയ ഭൂമിയിൽ നിന്നാണ് മുറിച്ചിരിക്കുന്നതെന്നും വനം വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക അന്വേഷണത്തിലൂടെ കണ്ടെത്തിയ വിവരങ്ങൾ കേസ് അന്വേഷിക്കുന്ന സംഘത്തിന് നൽകും.
വനം വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ നിർണായക കണ്ടെത്തലുകൾ. മുട്ടിലിൽ മുറിച്ചത് 106 ഈട്ടി മരങ്ങളാണെന്നും എറണാകുളം ജില്ലയിൽ ഈട്ടിയും തേക്കുമടക്കം 296 മരങ്ങൾ മുറിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ജില്ലകളിലെ കണക്ക് പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്തു നടന്ന കോടികളുടെ മരംകൊള്ളയെക്കുറിച്ചുള്ള വനം വകുപ്പ് അന്വേഷണ സംഘത്തിന്റെ ദൈനംദിന റിപ്പോർട്ടുകളിൽ പ്രതിസ്ഥാനത്തു റവന്യു ഉദ്യോഗസ്ഥർ മാത്രമാണുള്ളത്. വില്ലേജ് ഓഫിസർമാരുടെ അനുമതിപ്രകാരമായിരുന്നു വ്യാപക മരംവെട്ട് എന്നാണു ഭൂരിഭാഗം റിപ്പോർട്ടുകളിലെയും കണ്ടെത്തലുകൾ. വനം ഉദ്യോഗസ്ഥരുടെ വീഴ്ചകൾ പൂർണമായി ഒഴിവാക്കിയാണ് പല റിപ്പോർട്ടുകളും സമർപ്പിച്ചിരിക്കുന്നത്.
വനം വകുപ്പിന്റെ ഉത്തര, മധ്യ, തെക്കൻ മേഖലകളിൽ നിന്നായി 3 റിപ്പോർട്ടുകളാണു വനം മന്ത്രിക്കും വനം വകുപ്പിന്റെ വിജിലൻസ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കും ലഭിച്ചത്. റവന്യു വകുപ്പിനെ മാത്രം പ്രതിസ്ഥാനത്തു നിർത്തിയാൽ പ്രശ്‌നമാകുമെന്ന സൂചന ലഭിച്ചതോടെ വനം ഉദ്യോഗസ്ഥരുടെ വീഴ്ചകൾ കൂടി അന്വേഷിച്ചു റിപ്പോർട്ടിൽ ഉൾപ്പെടുത്താൻ അന്വേഷണ സംഘത്തിന് ഉന്നതതല നിർദ്ദേശം ലഭിച്ചു.
മരംവെട്ടിനു പിന്നിലെ ഉത്തരവാദി ആര്, അനുമതിയില്ലാതെ മരം വെട്ടിയോ, മുറിക്കാൻ അനുമതി നൽകിയ മരം ട്രീ രജിസ്റ്ററിൽ ഉൾപ്പെട്ടതാണോ, വനം വകുപ്പിന്റെ പാസില്ലാതെ മരംവെട്ട് നടന്നോ എന്നീ വിവരങ്ങൾ കൂടി പ്രത്യേകമായി റിപ്പോർട്ടിൽ ഉൾപ്പെടുത്താനും നിർദേശിക്കപ്പെട്ടിരുന്നു.
ദൈനംദിന റിപ്പോർട്ടുകളിൽ പലതിലും മരം വെട്ടാൻ പാസ് നൽകിയതിന്റെ കണക്കുകൾ മാത്രമാണ്. ഇതുസംബന്ധിച്ച് 16നു നൽകിയ പ്രാഥമിക റിപ്പോർട്ടും വിശദാംശങ്ങളില്ലാത്തതിനാൽ മന്ത്രി മടക്കിയിരുന്നു.
വനം വകുപ്പിന്റെ 5 അന്വേഷണ സംഘങ്ങളുടെ റിപ്പോർട്ടുകൾ ചേർത്ത് വിജിലൻസ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിങ് ചൊവ്വാഴ്ച മന്ത്രി എ.കെ.ശശീന്ദ്രനു റിപ്പോർട്ട് കൈമാറും. വനം വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ വരുംദിവസങ്ങളിൽ കൂട്ട സ്ഥലംമാറ്റം ഉണ്ടാകുമെന്നാണു സൂചന. അന്വേഷണ റിപ്പോർട്ട് അടിസ്ഥാനമാക്കി വകുപ്പുതല നടപടികൾ സ്വീകരിക്കുമെന്നു മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
അതേസമയം മരംമുറി വിവാദത്തിൽ സർക്കാരിനോ മന്ത്രിമാർക്കോ പങ്കില്ലെന്ന് ആവർത്തിച്ച് വിശദീകരിക്കുകയാണ് ഇപ്പോഴത്തെ റവന്യു മന്ത്രി കെ രാജൻ. വില്ലേജ് ഓഫിസർമാരുടെ അനുമതിയോടെയാണു മരം മുറിച്ചതെന്ന വാർത്തകൾ തെറ്റാണെന്ന് കെ.രാജൻ വിശദീകരിച്ചു. സർക്കാരിനു മുന്നിൽ അങ്ങനെയൊരു ആക്ഷേപം ഇതുവരെ വന്നിട്ടില്ല. മരം മുറി കേസിൽ റവന്യു വകുപ്പിനു വീഴ്ചയുണ്ടായിട്ടില്ല. സർക്കാർ ഉത്തരവിൽ ഒരു അവ്യക്തതയുമില്ല. കർഷകരും ആദിവാസികളും വിവിധ സംഘടനകളും ഭരണ, പ്രതിപക്ഷ ഭേദമില്ലാതെ എംഎൽഎമാരും ആവശ്യപ്പെട്ടതിനാനാലാണ് ഉത്തരവിറക്കിയത്.
ഉത്തരവ് ദുർവ്യാഖ്യാനം ചെയ്തു എന്നതാണ് യാഥാർത്ഥ്യം. വകുപ്പുകൾ തമ്മിൽ തർക്കമോ ആശയക്കുഴപ്പമോ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മരംകൊള്ളയിൽ പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം മറ്റ് നടപടികൾ സ്വീകരിക്കും. ഇഡി അടക്കം എല്ലാ അന്വേഷണത്തേയും സ്വാഗതം ചെയ്യുകയാണ്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതേ തനിക്കും പറയാനുള്ളു എന്നും റവന്യൂ മന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസ് ഡെസ്ക്