- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന അതിർത്തിയിലെ സ്വകാര്യ ഭൂമി കൈമാറ്റത്തിന് വനംവകുപ്പിന്റെ എൻഒസി വേണ്ട; പിണറായി സർക്കാറിൽ നിന്നും ഒരു നല്ല തീരുമാനം വരുന്നു; സ്വന്തം ഭൂമി വിൽക്കാൻ വനംവകുപ്പിൽ അപേക്ഷ നൽകി കാത്തിരിക്കേണ്ട ഗതികേട് ഒഴിവാക്കുമെന്ന് പ്രതീക്ഷയിൽ കർഷകർ
തിരുവനന്തപുരം: വനാതിർത്തിയോട് ചേർന്ന് സ്വകാര്യ ഭൂമിയുള്ളവർ അനുഭവിക്കുന്നത് നിരവധി പ്രശ്‌നങ്ങളാണ്. വന്യമൃഗങ്ങളോട് പടപൊരുതി ജീവിതം മുന്നോട്ടു നയിക്കുന്നവരാണ് ഇവിടുത്തെ കർഷകർ. എന്നാൽ, പലപ്പോഴും അത്യാവശ്യമായി ഭൂമി വിൽക്കേണ്ടത് അടക്കമുള്ള ആവശ്യങ്ങൾ ഉണ്ടായാൽ വനംവകുപ്പിൽ അപേക്ഷ നൽകി കാത്തിരിക്കേണട് അവസ്ഥ ഭൂ ഉടമക്ക് ഉണ്ടാകാറുണ്ട്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാൻ വേണ്ടി സർക്കാർ തലത്തിൽ നല്ലൊരു ഇടപെടലിന് കളമൊരുങ്ങുകയാണ്.
വനാതിർത്തിയോടു ചേർന്നുള്ള സ്വകാര്യ ഭൂമി കൈമാറ്റം ചെയ്യുന്നതിനു വനം വകുപ്പിന്റെ നിരാക്ഷേപ പത്രം (എൻഒസി) ആവശ്യമില്ലെന്നും ഇതു സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ ഉള്ളതിനാൽ നടപടിക്രമം വ്യക്തമാക്കി ഉടൻ ഉത്തരവു പുറത്തിറക്കുമെന്നും മന്ത്രി വി.എൻ.വാസവൻ അറിയിച്ചു. സർക്കാരിന്റേതെന്നു സംശയമുള്ള ഭൂമി കൈമാറുന്നതിനു ബന്ധപ്പെട്ട വകുപ്പിന്റെ എൻഒസി ആവശ്യപ്പെടാമെന്നു നിയമമുണ്ട്. വനഭൂമി ഉൾപ്പെട്ട സർവേ നമ്പറിലുള്ള സ്വകാര്യ ഭൂമി രജിസ്റ്റർ ചെയ്യുമ്പോൾ വനം വകുപ്പിന്റെ എൻഒസി ഹാജരാക്കണം.
വനഭൂമിയോടു ചേർന്നു കിടക്കുന്ന ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റ് വനം വകുപ്പിൽ നിന്ന് എൻഒസി വാങ്ങിയ ശേഷമേ വില്ലേജ് ഓഫിസർമാർ നൽകാവൂ. പരിസ്ഥിതി ദുർബല പ്രദേശങ്ങൾ ആക്ട് (2003) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ലാൻഡ് റവന്യു കമ്മിഷണർ പുറപ്പെടുവിച്ച സർക്കുലർ പ്രകാരം വിജ്ഞാപനം ചെയ്ത സർവേ നമ്പറുകളിലെ പരിസ്ഥിതി ദുർബല ഭൂമി കൈമാറ്റം ചെയ്യാൻ പാടില്ല. അതേസമയം, ഈ വ്യവസ്ഥകളിൽ ഒന്നും പെടാത്ത സ്വകാര്യ ഭൂമി കൈമാറുമ്പോൾ വനാതിർത്തിയിൽ ആണെന്ന ഒറ്റക്കാരണത്താൽ എൻഒസി ഹാജരാക്കേണ്ട ആവശ്യമില്ലെന്നു മന്ത്രി വ്യക്തമാക്കി.
എന്നാൽ, ഇത്തരം ഭൂമിക്കും എൻഒസി വേണമെന്നു കാട്ടി മണ്ണാർക്കാട് ഡിഎഫ്ഒ അഗളി, മണ്ണാർക്കാട് സബ് രജിസ്റ്റ്രാർമാർക്കു കത്തു നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പലരും നിരാക്ഷേപപത്രം ആവശ്യപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതു കണക്കിലെടുത്താണു പുതിയ ഉത്തരവിറക്കുന്നതെന്നും കെ.യു.ജനീഷ് കുമാറിന്റെ സബ്മിഷനു മറുപടിയായി മന്ത്രി വ്യക്തമാക്കി.
അതേസമയം തീരദേശ പാതയുടെ പണി സമയബന്ധിതമായി പൂർത്തിയാക്കുമെന്നു പി.അബ്ദുൽ ഹമീദിന്റെ സബ്മിഷനു മന്ത്രി പി.എ.മുഹമ്മദ് റിയാസ് മറുപടി നൽകി. 6500 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന, 9 ജില്ലകളിലൂടെ കടന്നുപോകുന്ന തീരപാതയിൽ 470 കി.മീ. ദൂരമാണു കിഫ്ബി പദ്ധതിയിൽ നിർമ്മിക്കുന്നത്. ഇതിൽ 76.24 കി.മീറ്ററിനു സാമ്പത്തിക അനുമതി ലഭിച്ചു.
മലപ്പുറം ജില്ലയിലെ 2 ജോലികൾ പുരോഗമിക്കുകയാണ്. 394 കി.മീറ്ററിലെ വിശദ പദ്ധതി രേഖ തയാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. ഇതിൽ വള്ളിക്കുന്ന് മണ്ഡലത്തിലൂടെ കടന്നുപോകുന്ന കെട്ടുങ്ങൽ- അരിയല്ലൂർ സ്‌ട്രെച്ചും ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള റിക്വിസിഷൻ ഫോമുകൾ റവന്യു വകുപ്പിൽ സമർപ്പിച്ചിരിക്കുകയാണ്. ഇതു വേഗത്തിലാക്കാൻ പ്രത്യേക യോഗം ഉടൻ വിളിക്കും.
മറുനാടന് മലയാളി ബ്യൂറോ