- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വനത്തിൽ അതിക്രമിച്ചു കടന്നു'; ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്; വിദ്യാർത്ഥികൾക്കെതിരെയും കേസ്; ആറ് മാസംവരെ തടവോ 25,000 രൂപ പിഴയോ ശിക്ഷ; നടപടി, കൂടുതൽ ആളുകൾ മല കയറാനെത്തുന്നതിന് പിന്നാലെ
പാലക്കാട്: മലമ്പുഴ ചേറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു. വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. ഒപ്പം മല കയറിയ വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്. മലയിൽ കൂടുതൽ ആളുകൾ കയറാനെത്തുന്നതിന് പിന്നാലെയാണ് നടപടി.
സ്വാഭാവിക നടപടി ആയിക്കോട്ടെ എന്ന് ബാബുവിന്റെ ഉമ്മ പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ഇനിയും ആളുകൾ മലകയറുന്ന പ്രവണത തടയാനും കൂടിയാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.
വനം മന്ത്രിയും റവന്യു മന്ത്രിയുമടക്കം ബാബുവിന് നൽകിയ ഇളവുകൾ മറ്റാർക്കും നൽകില്ലെന്ന രീതിയിലാണ് ഇന്ന് രാവിലെ പ്രതികരിച്ചത്. ബാബുവിന് എതിരെ കേസെടുക്കില്ല എന്നുതന്നെയാണ് ഇന്ന് രാവിലെ നടന്ന ഉന്നതതല യോഗത്തിലും ധാരണയായത്. എന്നാൽ ബാബുവിനെതിരെ കേസെടുക്കാതിരിക്കുമ്പോൾ മറ്റ് ആളുകളും ഇതേ മാതൃകയിൽ നിയമലംഘനം നടത്തുകയാണ്. ഇന്നലെ രാത്രിയിലും ചേറാട് മലയിൽ കൂടുതൽ ആളുകളെ കണ്ടതായി പരാതി ഉയരുകയും ചെയ്തിരുന്നു. ഇത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
വനം-പരിസ്ഥിതി സ്നേഹികളുൾപ്പടെയുള്ളവർ സംഭവത്തിൽ കേസെടുക്കാത്ത വനം വകുപ്പ് നടപടിക്കെതിരെ രംഗത്തുവന്നിരുന്നു. വനത്തിൽ അതിക്രമിച്ച് കയറിയാൽ നിർബന്ധമായും കേസെടുക്കണമെന്ന രീതിയിൽ അവർ ദേശീയ തലത്തിൽ ഒരു കൂട്ടായ്മയുണ്ടാക്കുകയും ചെയ്തു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇപ്പോൾ വാളയാർ റെയ്ഞ്ച് ഓഫീസർ ബാബുവിനും കൂടെ വനത്തിലേക്ക് പോയ വിദ്യാർത്ഥികൾക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
വനമേഖലയിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരളാ ഫോറസ്റ്റ് ആക്ട് 27 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ചെറിയ പിഴയൊടുക്കിയാൽ കേസിൽ നിന്ന് മോചിതരാകാവുന്ന കുറ്റമാണിത്. കേസെടുക്കില്ലെന്ന് കരുതി അനുമതിയില്ലാതെ ആരും മലയിലേക്ക് പോകരുതെന്ന് ബാബു പറഞ്ഞു.
ബാബുവിനെ രക്ഷപ്പെടുത്തിയതിനു പിന്നാലെ, ഇന്നലെ വീണ്ടും ഒരാൾ മല കയറിയിരുന്നു. മലയുടെ മുകൾ ഭാഗത്ത് നിന്ന് ഫ്‌ളാഷ് ലൈറ്റുകൾ തെളിഞ്ഞത് ആദ്യം നാട്ടുകാരാണ് കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാ?ഗത്തിൽപ്പെട്ട രാധാകൃഷ്ണൻ (45) എന്നയാളെയാണ് വന മേഖലയിൽ കണ്ടെത്തിയത്.
ആറ് മണിക്കാണ് ഇയാൾ മല കയറിയത്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. വനം വകുപ്പിന്റെ നൈറ്റ് പട്രോളിങ് സംഘം കസ്റ്റഡിയിലെടുത്ത രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വലിയ പരിഭ്രാന്തി സൃഷ്ടിച്ച സംഭവത്തിന് ശേഷം വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് നാട്ടുകാർ നടത്തിയത്.
പാലക്കാട് ചെറാട് കുമ്പാച്ചി മലയിലെ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂറുകൾക്ക് ശേഷമാണ് സൈന്യം രക്ഷിച്ച് കൊണ്ട് വന്നത്. ബാബുവിനെ രക്ഷിക്കാൻ മുക്കാൽ കോടിയോളം ചെലവ് വന്നുവെന്ന് ദുരന്ത നിവാരണ അഥോറിറ്റിയുടെ പ്രാഥമിക കണക്ക്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവർത്തനം ബുധനാഴ്ചയാണ് അവസാനിച്ചത്.
രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ച ബാബു വീട്ടിലെത്തിയപ്പോൾ സംസ്ഥാനം ചെലവിട്ടത് മുക്കാൽ കോടിക്കടുത്ത് തുകയെന്നാണ് പാലക്കാട് ജില്ലാ ഭരണകൂടം നൽകുന്ന പ്രാഥമിക കണക്ക്. ബില്ലുകൾ ഇനിയും കിട്ടാനുണ്ട് എന്നതിനാൽ തുക ഇനിയും കൂടാനാണ് സാധ്യത. ബാബു കുടുങ്ങിയത് മുതൽ രക്ഷാ പ്രവർത്തനത്തിനായി പ്രാദേശിക സംവിധാനങ്ങൾ മുതൽ ഏറ്റവും ഒടുവിൽ കരസേനയുടെ രക്ഷാ ദൗത്യ സംഘത്തെ വരെ എത്തിച്ചു. ദുരന്ത നിവാരണ അഥോറിറ്റി, കോസ്റ്റ് ഗാർഡ്, കരസേന എന്നിവരുടെ സേവനവും തേടിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ