ന്യൂഡൽഹി: രൂപയുടെ വിലയിൽ വീണ്ടും വൻ ഇടിവ് രേഖപ്പെടുത്തിയത് സാമ്പത്തിക രംഗത്തെ ആശങ്കയിലാക്കുന്നു. ഒരു ഡോളറിന് 79.23 രൂപയിലാണ് വിനിമയം നടക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി രൂപയുടെ മൂല്യം ഇടിയുന്നുണ്ട്. 2022 ജനുവരി 12 ന് ഒരു ഡോളറിന് 73.77 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. എന്നാൽ അതിനുശേഷം 5 രൂപയിലധികം ഇടിഞ്ഞ് ഇന്ന് 79.37 ൽ എത്തി നിൽക്കുന്നു. വിദേശ നിക്ഷേപങ്ങൾ പിൻവലിയുന്നതും ക്രൂഡ് ഓയിൽ വില കുത്തനെ ഉയരുന്നതും ഡോളർ സൂചിക ഉയരുന്നതും രൂപയ്ക്ക് തിരിച്ചടിയായി. ഇന്നലെ 79.16 ൽ ആണ് രൂപയുടെ വിനിമയം നടന്നത്.

സർക്കാരിന്റെ പ്രാഥമിക കണക്കുകൾ പ്രകാരം ജൂണിൽ ഇന്ത്യയുടെ വ്യാപാര കമ്മി 25.63 ബില്യൺ ഡോളറായി ഉയർന്നു. രാജ്യത്തിന്റെ ചരക്ക് കയറ്റുമതി ജൂണിൽ 16.78 ശതമാനം ഉയർന്ന് 37.94 ബില്യൺ ഡോളറിലെത്തി, അതേസമയം ഇറക്കുമതി 51 ശതമാനം വർധിച്ച് 63.58 ബില്യൺ ഡോളറിലെത്തി. 2021 മെയ് മാസത്തിൽ വ്യാപാര കമ്മി 6.53 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2022 ആയപ്പോൾ 24.29 ബില്യൺ ഡോളറായി. മേയിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 20.55 ശതമാനം ഉയർന്ന് 38.94 ബില്യൺ ഡോളറിലെത്തി. അതേസമയം ഇറക്കുമതി 62.83 ശതമാനം വർദ്ധിച്ചു

അതേസമയം രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിൽ വൻ കുറവുണ്ടാക്കിയിട്ടുണ്ട്. ഇത് ആശങ്കക്ക് വഴിവെക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാരമാണ് വിദേശനാണ്യ ശേഖരം കുറഞ്ഞത്. ജൂലൈ ഒന്നിന് അവസാനിച്ച ആഴ്ചയിൽ 500 കോടി ഡോളറിന്റെ (അഞ്ച് ബില്യൺ) കുറവാണ് വിദേശ നാണ്യ ശേഖരത്തിൽ ഉണ്ടായത്.

തൊട്ടു മുമ്പത്തെ ആഴ്ചയിൽ വിദേശ നാണ്യ ശേഖരം 2.734 ബില്യൺ വർധിച്ചിരുന്നു. തുടർച്ചയായ മൂന്ന് ആഴ്ച ഇടിഞ്ഞ ശേഷമായിരുന്നു ഈ വർധന. ജുലൈ ഒന്നിന് അവസാനിച്ച ആഴ്ചയിൽ 588.314 ബില്യൺ ആണ് വിദേശനാണ്യ ശേഖരം. തൊട്ടു മുൻ ആഴ്ച ഇത് 593.323 ബില്യൺ ആയിരുന്നു. വിദേശനാണ്യ ശേഖരത്തിൽ നല്ലൊരു പങ്കും കറൻസി ആസ്തിയാണ്. ഇതിന്റെ മൂല്യത്തിൽ 4.47 ബില്യൺ കുറവാണ് ഉണ്ടായത്. സ്വർണ ആസ്തി 504 മില്യൺ കുറഞ്ഞു.

കഴിഞ്ഞ അഞ്ച് ആഴ്ചകളിൽ നാലിലും വിദേശനാണ്യ ശേഖരം ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ആർബിഐ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ ആഴ്ചകളിൽ രൂപയുടെ മൂല്യത്തിൽ റെക്കോഡ് ഇടിവാണ് ഉണ്ടായത്.