വടകര: കെ.എസ്.ഇ.ബി വൈദ്യുതി കണക്ഷൻ കെട്ടിട ഉടമയുടെ പേരിൽനിന്നും മാറ്റാൻ രേഖകളിൽ വ്യാജ ഒപ്പിട്ട് സമർപ്പിച്ച പരാതിയിൽ കേസെടുത്ത വടകര സിഐക്ക് സ്ഥലം മാറ്റം. വടകര സിഐ എം. രാജേഷിനെയാണ് വയനാട് സൈബർ സെല്ലിലേക്ക് സ്ഥലം മാറ്റിയത്.
വ്യാജരേഖകൾ സമർപ്പിച്ച് കെ.എസ്.ഇ.ബി. കണക്ഷൻ കെട്ടിടയുടമയുടെ പേരിൽനിന്ന് സ്വന്തംപേരിലേക്ക് മാറ്റിയെന്ന പരാതിയിൽ സ്ഥാപനത്തിന്റെ ഉടമകൾ ഉൾപ്പെടെ അഞ്ചാളുടെ പേരിൽ വടകര പൊലീസ് കേസെടുത്തിരുന്നു.എന്നാൽ സ്ഥാപനഉടമകൾക്കെതിരെ കേസെടുക്കരുതെന്ന് ഭരണതലത്തിൽ നിന്നുള്ള സമ്മർദ്ദം ഉണ്ടായിരുന്നു അതിന് വഴങ്ങാത്തതിനാണ് സ്ഥലമാറ്റമെന്നാണ് ആക്ഷേപം.

സംഭവം ഇങ്ങനെ; ചോറോട് പഞ്ചായത്ത് പെരുവാട്ടുംതാഴയിലെ റോക്കി എൻക്ലേവ് ഉടമ ചെറുവത്ത് സി.കെ. സുരേന്ദ്രന്റെ പരാതിയിൽ ഈ കെട്ടിടത്തിൽ സേവറി റെസ്റ്റോറന്റ്, ബേക്കറി, സൂപ്പർമാർക്കറ്റ് എന്നീ സ്ഥാപനങ്ങൾ നടത്തുന്ന ചൊക്ലി അണിയാരം മാണിക്കോത്ത് കുഞ്ഞിമ്മൂസ, ഷെബിൻ കുഞ്ഞിമ്മൂസ, സ്ഥാപനത്തിന്റെ ഇലക്ട്രിക്കൽ സൂപ്പർവൈസർ കോഴിക്കോട് സ്വദേശി ഷൈജു, ജീവനക്കാരായ അഞ്ജലി അശോകൻ, വി.പി. ദിനേശൻ എന്നിവരുടെ പേരിലാണ് കേസ്.

സർവീസ് കണക്ഷൻ കുഞ്ഞിമ്മൂസയുടെ പേരിലേക്ക് മാറ്റുന്നതിനായി 2020 ഫെബ്രുവരി ഒന്നിന് രണ്ട് മുദ്രക്കടലാസുകളിൽ കൺസെന്റ് ലെറ്റർ സുരേന്ദ്രന്റെ വ്യാജ ഒപ്പിട്ട് കെ.എസ്.ഇ.ബി. മുട്ടുങ്ങൽ ഓഫീസിലും ഇലക്ട്രിക്കൽ പാനൽ ബോർഡുകൾ മാറ്റാനും മറ്റുമായി വ്യാജ ഒപ്പിട്ട സത്യവാങ്മൂലം ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലും നൽകിയെന്നാണ് പരാതി.

കെട്ടിടയുടമയുടെ പേരിലുള്ള ഡീസൽ ജനറേറ്റർ ഷെയർ ചെയ്യാനുള്ള അനുമതിപത്രത്തിനുവേണ്ടി വ്യാജ ഒപ്പിട്ട അപേക്ഷയും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ ഓഫീസിൽ നൽകി. മൂന്നുരേഖകളും വിവരാവകാശനിയമപ്രകാരം വാങ്ങിനോക്കിയപ്പോഴാണ് വ്യാജ ഒപ്പാണെന്ന് മനസ്സിലായതെന്ന് സുരേന്ദ്രൻ പരാതിയിൽ ചൂണ്ടിക്കാട്ടി. മൂന്നുരേഖകളിലും തീയതിയും ചേർത്തിരുന്നില്ല.

തുടർന്ന്, സുരേന്ദ്രൻ ചെന്നൈയിലെ ട്രൂത്ത് ലാബ് ഫൊറൻസിക് സർവീസിൽ തന്റെ ശരിയായ ഒപ്പും രേഖകളിലെ ഒപ്പും പരിശോധനയ്ക്ക് അയച്ചു. രേഖകളിലേത് വ്യാജ ഒപ്പാണെന്ന പരിശോധനാഫലം ഉൾപ്പെടെയാണ് പൊലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്നാണ് വടകര സിഐ. എം. രാജേഷ് അന്വേഷണം നടത്തി കേസെടുത്തത്.

കെ.എസ്.ഇ.ബിയിൽനിന്ന് രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇവ ശാസ്ത്രീയമായ പരിശോധനക്ക് അയക്കുമെന്നും പൊലീസ് അറിയിച്ചു.എന്നാൽ സ്ഥാപന ഉടമകൾക്കെതിരെ കേസെടുക്കരുതെന്ന് ഭരണതലത്തിൽ നിന്നുള്ള സമ്മർദത്തിന് വഴങ്ങാത്തതാണ് സിഐയുടെ സ്ഥലം മാറ്റത്തിൽ കലാശിച്ചതെന്നാണ് ആക്ഷേപം.

അതേസമയം മലിനീകരണ നിയന്ത്രണബോർഡിന്റെ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലും മാലിന്യനിർമ്മാർജനപ്ലാന്റ് പ്രവർത്തിക്കാത്തതിനാലും സേവറി റെസ്റ്റോറന്റ് പൂട്ടാൻ ചോറോട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകി. ചോറോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഡെയ്സി ഖോരെ നടത്തിയ പുനഃപരിശോധനയുടെ റിപ്പോർട്ടുപ്രകാരമാണ് നടപടി.

നേരത്തേ മെഡിക്കൽ ഓഫീസർ നടത്തിയ പരിശോധനപ്രകാരം ഇതുപൂട്ടാൻ നോട്ടീസ് നൽകിയിരുന്നു. തുടർന്ന്, സ്ഥാപനത്തിൽനിന്ന് കിട്ടിയ മറുപടിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസർ വീണ്ടും പരിശോധന നടത്തി. കെട്ടിടത്തിന്റെ ഏറ്റവും അടിത്തട്ടിൽ വെള്ളം കെട്ടിക്കിടക്കുന്നതുകൊതുകുകൾ പെരുകാൻ കാരണമാകുമെന്നും ഇതുപരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെന്നും ഓഫീസർ റിപ്പോർട്ട് നൽകി.

ഇതേത്തുടർന്നാണ് പൂട്ടാൻ വീണ്ടും നോട്ടീസ് നൽകിയത്. സ്ഥാപനത്തിന്റെ വാദം കേട്ടശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.