തിരുവനന്തപുരം: മുൻ രഞ്ജി ക്രിക്കറ്റ് താരം ഒ.കെ. രാംദാസ് അന്തരിച്ചു. അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. കണ്ണൂർ തളാപ്പ് സ്വദേശിയായ രാംദാസ് കേരള ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനാണ്. എഴുപതുകളിൽ കേരളത്തിനു വേണ്ടി സുരി ഗോപാലകൃഷ്ണനൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്തിരുന്ന രാംദാസിനെ കേരളത്തിൽനിന്നുള്ള ഏറ്റവും മികച്ച ഓപ്പണറായാണു കണക്കാക്കുന്നത്.

1968-69 ൽ മൈസൂരിനെതിരെയായിരുന്നു ഒ.കെ. രാംദാസ് ഫസ്റ്റ് ക്ലാസിൽ അരങ്ങേറിയത്. കേരളത്തിനായി 35 മത്സരങ്ങൾ കളിച്ചു. 11 അർധസെഞ്ചറികളടക്കം 1647 റൺസെടുത്തിട്ടുണ്ട്. 1968 മുതൽ 1981 വരെ കേരള ക്രിക്കറ്റ് ടീമിലെ സജീവ സാന്നിധ്യമായിരുന്നു.

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ സീനിയർ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു അദ്ദേഹം. ഒപ്പം ബാങ്കുമായി ബന്ധപ്പെട്ട് ടൂർണമെന്റുകളിൽ സജീവസാന്നിധ്യമായി. പരിശീലകനായും മാനേജരായുമെല്ലാം അദ്ദേഹം ക്രിക്കറ്റിനൊപ്പം നിന്നു.

കേരള ക്രിക്കറ്റ് അസോസിയേഷനിലും രാംദാസ് സജീവമായിരുന്നു. കെ.സി.എയുടെ അംഗമായും പിന്നീട് സെലക്ഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി മാച്ച് റഫറി, ദൂരദർശനിൽ കമന്റേറ്റർ എന്നീ നിലകളിലും രാംദാസ് പ്രശസ്തി നേടി. കുറച്ചുകാമായി തിരുവനന്തപുരത്താണ് താമസം.