ന്യൂഡൽഹി: മേഘാലയ മുൻ മുഖ്യമന്ത്രിയും ലോക്‌സഭാ സ്പീക്കറുമായ പി എ സാംഗ്മ അന്തരിച്ചു. 68 വയസായിരുന്നു. കോൺഗ്രസിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം പിന്നീട് എൻസിപിയിലേക്ക് മാറുകയായിരുന്നു. ശരദ് പവാറിനൊപ്പം എൻസിപിയുടെ സ്ഥാപക നേതാവായിരുന്നു അദ്ദേഹം. പി എ സംഗ്മയുടെ നിര്യണത്തിൽ അനുശോചനം അറിയിച്ച് ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ഏഴ് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996 മുതൽ 1998 വരെയാണ് ലോക്‌സഭയുടെ സ്പീക്കറായിരുന്നത്. 1988 മുതൽ 90 വരെയുള്ള കാലയളവിലാണ് അദ്ദേഹം മേഘാലയ മുഖ്യമന്ത്രിയായത്. എൻസിപിയിൽ നിന്നും അടുത്തകാലത്തായി അദ്ദേഹം രജിവെക്കുകയുണ്ടായി. 2012ലെ ഇന്ത്യൻ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രണാബ് മുഖർജിയ്‌ക്കെതിരെ സാംഗ്മ സ്വതന്ത്രനായി മത്സരിച്ചിരുന്നു.

1973ൽ മേഘാലയ പ്രദേശ് യൂത്ത് കോൺഗ്രസിന്റെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സാംഗ്മ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനാവുന്നത്. 1975 മുതൽ 1980 വരെ മേഘാലയ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച സാംഗ്മ 1977ൽ തുറ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലെത്തി.

തുടർന്ന് എട്ടുതവണ ഇതേ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയിട്ടുണ്ട്. 1988 മുതൽ 1990 വരെയാണ് സാംഗ്മ മേഘാലയ മുഖ്യമന്ത്രിയായി. ഇടവേളയ്ക്കുശേഷം 1991ൽ വീണ്ടും ലോക്‌സഭയിലെത്തിയെ സാംഗ്മ നരസിംഹറാവു മന്ത്രിസഭയിൽ കൽക്കരി, തൊഴിൽ സഹമന്ത്രിയായി. പിന്നീട് അതേ മന്ത്രിസഭയിൽ വാർത്താ വിനിമയ മന്ത്രിയായും സേവനം അനുഷ്ഠിച്ചു. 1996 മുതൽ 1998വരെയാണ് സാംഗ്മ ലോക്‌സഭാ സ്പീക്കറായിരുന്നത്.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിനെതിരായി കോൺഗ്രസിനുള്ളിലെ സമരത്തിന് നേതൃത്വം കൊടുത്തുവെന്ന കാരണത്താൽ 1999 മെയ് 20ന് ശരദ് പവാറിനും താരിഖ് അൻവറിനുമൊപ്പം സാംഗ്മയെയും കോൺഗ്രസിൽ നിന്നും പുറത്താക്കി. തുടർന്ന് ഇവർ മൂവരും കൂടിച്ചേർന്ന് 1999ൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി.) രൂപീകരിച്ചത്.

ശരദ് പവാർ സോണിയാ ഗാന്ധിയുമായി വീണ്ടും അടുത്തതോടെ 2004 ജനുവരിയിൽ എൻ.സി.പി യിൽ പിളർപ്പുണ്ടായി. പിന്നീട് തൃണമൂൽ കോൺഗ്രസ് നേതാവായ മമത ബാനർജിയുമായി കൂട്ടുകൂടിയ സാംഗ്മ നാഷണലിസ്റ്റ് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു. സാംഗ്മയുടെ മകൾ അഗത സാംഗ്മ കഴിഞ്ഞ യുപിഎ മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു.