ഇറ്റാനഗർ: അരുണാചൽ പ്രദേശിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വിമത നേതാവുമായ കാലികോ പലിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണു മൃതദേഹം കണ്ടെത്തിയത്. അടുത്തിടെ അരുണാചൽ പ്രദേശിൽ കോൺഗ്രസിനുള്ളിൽ വിമത നീക്കത്തിനു ചുക്കാൻ പിടിച്ച നേതാവാണ് കാലികോ. 47 വയസുകാരനാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് അരുണാചൽ പ്രദേശിൽ വൻ രാഷ്ട്രീയ പ്രതിസന്ധിക്കു വഴിവച്ച് കാലിഖോ പുൽ മുഖ്യമന്ത്രിയായത്. കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനത്ത് വിമതരെക്കൂട്ടി ബിജെപി പിന്തുണയോടെയാണ് കാലിഖോ ആക്ടിങ് മുഖ്യമന്ത്രിയായത്. പിന്നീട് ഈ നീക്കം സുപ്രീം കോടതി റദ്ദാക്കുകയും കോൺഗ്രസിൽനിന്നുള്ള നബാം തൂകിയെ മുഖ്യമന്ത്രിയാക്കുകയുമായിരുന്നു. നേരത്തേ, ജിഗോംഗ് അപാംഗ് സർക്കാരിൽ കാലിഖോ ധനമന്ത്രിയായിരുന്നു. കമാൻ മിഷ്മി ഗോത്രവർഗക്കാരനാണ് കാലിഖോ.

കഴിഞ്ഞ ഡിസംബറിലാണ് അരുണാചലിൽ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ച് കാലിഖോ അധികാരം പിടിച്ചെടുത്തത്. സ്പീക്കറുടെയും ഗവർണറുടെയും ഒത്താശയോടെയായിരുന്നു ഇത്. നിയമസഭാ സമ്മേളനം നിശ്ചയിച്ചതിൽനിന്നു നേരത്തേ നടത്തി സഭാ നേതാവായി കാലിഖോ പലിനെ നിയോഗിക്കുകയായിരുന്നു. നിയമസഭാ മന്ദിരം പൂട്ടിയിടുകയും ചെയ്തു. അറുപതംഗസഭയിൽ ബിജെപി അംഗങ്ങളുടെ പിന്തുയോടെയായിരുന്നു കാലിഖോയുടെ നീക്കങ്ങൾ. ഇതിനെതിരേ കോൺഗ്രസും നബാം തൂകിയും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.