- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗൊയ് അന്തരിച്ചു; കോവിഡിനെ അതിജീവിച്ചെങ്കിലും പിന്നീടുണ്ടായ രൂക്ഷമായ ശ്വാസതടസ്സം മുതിർന്ന കോൺഗ്രസ് നേതാവിന് അതിജീവിക്കാനായില്ല; വിട പറഞ്ഞത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാൾ
ഗുവഹാട്ടി: മുതിർന്ന കോൺഗ്രസ് നേതാവും അസം മുൻ മുഖ്യമന്ത്രിയുമായ തരുൺ ഗൊഗോയി അന്തരിച്ചു. 86 വയസ്സായിരുന്നു. കോവിഡ് മുക്തനായ ആയ തരുൺ ഗൊഗോയി കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഗുവഹാട്ടി മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലായിരുന്നു. മൂന്നു തവണ അസം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 2001 മുതൽ 2016 വരെയാണ് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്. കോൺഗ്രസിന്റെ യുവനേതാവും കലിയബോർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയുമായ ഗൗരവ് ഗൊഗോയും, എംബിഎ ബിരുദധാരിയായ ചന്ദ്രിമ ഗൊഗോയുമാണ് തരുൺ ഗൊഗോയുടെ മക്കൾ. ഭാര്യ ഡോളി ഗൊഗോയ്.
നേരത്തെ കോവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ട തരുൺ ഗൊഗോയിയെ നവംബർ രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മുതൽ ശ്വാസ തടസ്സം രൂക്ഷമാകുകയും തരുൺ ഗൊഗോയിയുടെ ആരോഗ്യനില വഷളാകുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 25ന് കോവിഡ് സ്ഥിരീകരിക്കപ്പെട്ട അദ്ദേഹത്തെ രണ്ടുമാസത്തെ ചികിത്സയ്ക്കു ശേഷം ഒക്ടോബർ 25ന് ആണ് ഡിസ്ചാർജ് ചെയ്തത്. പിന്നീട് കോവിഡ് അനന്തര അസ്വസ്ഥതകളെ തുടർന്ന് ആരോഗ്യസ്ഥിതി മോശമാവുകയും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ദേശീയതലത്തിലേക്ക് ഉയർന്ന പ്രധാനനേതാക്കളിൽ ഒരാളാണ് തരുൺ ഗൊഗോയ്. അസമിലെ ജോർഹട്ട് മണ്ഡലത്തെയും പിന്നീട് കലിയബോർ മണ്ഡലത്തെയും പ്രതിനിധീകരിച്ച് ഏറെക്കാലം എംപിയായിരുന്നു തരുൺ ഗൊഗോയ്. 1976-ൽ അടിയന്തരാവസ്ഥക്കാലത്താണ് തരുൺ ഗൊഗോയ്ക്ക് എഐസിസിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത്. പിന്നീട് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോൾ അദ്ദേഹം എഐസിസി ജനറൽ സെക്രട്ടറിയായി. പിന്നീട് നരസിംഹറാവുവിന്റെ മന്ത്രിസഭയിൽ സ്വതന്ത്രചുമതലയുള്ള കേന്ദ്രസഹമന്ത്രിയായി.
പിന്നീട് സംസ്ഥാനരാഷ്ട്രീയത്തിലേക്ക് മടങ്ങിയ തരുൺ ഗൊഗോയ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു. തിതബാർ മണ്ഡലത്തിൽ മത്സരിച്ച് ജയിച്ച അദ്ദേഹം 2001-ൽ അസം മുഖ്യമന്ത്രിയായി. മികച്ച ഭരണം കാഴ്ച വച്ച അദ്ദേഹം, അതിന് ശേഷം മൂന്ന് തവണ തുടർച്ചയായി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന് അസം ഉറച്ച കോട്ടയായി. എന്നാൽ 2014-ൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ക്ലീൻ സ്വീപ്പ് അസമിലും കോൺഗ്രസിന്റെ അടി തെറ്റിച്ചു. സിറ്റിങ് സീറ്റുകളിൽ പലതും കോൺഗ്രസിന് നഷ്ടമായി. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഗൊഗോയ്, 2016-ൽ നിയമസഭാതെരഞ്ഞെടുപ്പിന് കോൺഗ്രസിന്റെ നേതൃത്വം വഹിക്കാൻ ഒരുക്കമായിരുന്നില്ല. ഒടുവിൽ നീണ്ട 16 വർഷക്കാലത്തിന് ശേഷം അസമിൽ ബിജെപി ഭരണത്തിലേറി. സർബാനന്ദ സോനോവാൾ മുഖ്യമന്ത്രിയായി.
മറുനാടന് ഡെസ്ക്