- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓസ്ട്രേലിയൻ മുൻതാരം മൈക്കൽ സ്ലേറ്റർ ഗാർഹിക പീഡനക്കേസിൽ അറസ്റ്റിൽ; വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയെന്ന് ന്യൂസൗത്ത് വെയ്ൽസ് പൊലീസ്
സിഡ്നി: മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റർ മൈക്കൽ സ്ലേറ്റർ അറസ്റ്റിൽ. ഗാർഹിക പീഡനം ആരോപിച്ചാണ് സ്ലേറ്ററെ ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. സ്ലേറ്ററുടെ അറസ്റ്റ് സംബന്ധിച്ച് അദ്ദേഹത്തിന്റെ മാനേജരായ സീൻ ആൻഡേഴ്സൺ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
കഴിഞ്ഞ ആഴ്ച നടന്ന ഒരു സംഭവത്തെ തുടർന്നാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്യുന്നത് എന്ന് വ്യക്തമാക്കിയ പൊലീസ് ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ തയ്യാറായില്ല.
'കഴിഞ്ഞ ആഴ്ചയിൽ ഒക്ടോബർ 12നാണ് ഗാർഹിക പീഡനം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചത്. പീഡന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് അന്വേഷണം നടത്തുന്നതിനായി മാൻലിയിലെ സ്ലേറ്ററുടെ വീട്ടിലേക്ക് ഡിറ്റക്റ്റീവുകൾ പോയിരുന്നു. സംഭവത്തിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിന് വേണ്ടി 51കാരനായ സ്ലേറ്ററെ അറസ്റ്റ് ചെയ്യുകയും മാൻലിയിലെ പൊലീസ് സ്റ്റേഷനിലേക്ക് അദ്ദേഹത്തെ കൊണ്ടുപോവുകയും ചെയ്തു.' ന്യൂ സൗത്ത് വെയിൽസ് പൊലീസ് അവരുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
ലഹരി മരുന്നിന്റെ അടിമയായ സ്ലേറ്റർ ഭാര്യയുമായി വഴക്കിട്ടതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓസ്ട്രേലിയയിലെ ടിവി അവതാരകയായ ജോ സ്ലേറ്ററാണ് ഭാര്യ. 2005 മുതൽ പ്രണത്തിലായിരുന്ന ഇരുവരും നാല് വർഷത്തിന് ശേഷം വിവാഹിതരാകുകയായിരുന്നു. സ്ലേറ്ററെ വിഷാദരോഗത്തിൽ നിന്ന് ജീവിതത്തേലിക്ക് തിരിച്ചുകൊണ്ടുവന്നത് ജോയാണ്. ഇരുവർക്കും മൂന്നു മക്കളുണ്ട്.
51കാരനായ സ്ലേറ്റർ ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ടി വി കമന്റേറ്റർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 1993ൽ ഓസ്ട്രേലിയയ്ക്കു വേണ്ടി അരങ്ങേറ്റം കുറിച്ചതിനു ശേഷം പത്ത് വർഷത്തോളം ടീമിലെ സജീവസാന്നിദ്ധ്യമായിരുന്നു. 2003ലാണ് സ്ലേറ്റർ സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. അന്താരാഷ്ട്ര തലത്തിൽ ഓസ്ട്രേലിയയ്ക്കായി 74 ടെസ്റ്റുകളും 42 ഏകദിനങ്ങളും താരം കളിച്ചിട്ടുണ്ട്.
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം സ്ലേറ്റർ കമന്റേറ്ററായി ജോലി ചെയ്യുകയായിരുന്നു. 15 വർഷത്തോളം ഓസ്ട്രേലിയൻ ചാനലുകളിൽ കമന്ററി പറഞ്ഞ ശേഷം അദ്ദേഹം പിന്നീട് ഓസ്ട്രേലിയയിലെ പ്രമുഖ സംപ്രേഷകരായ സെവൻ നെറ്റ്വർക്ക് ക്രിക്കറ്റ് കമന്ററി ടീമിനൊപ്പം ചേരുകയും ചെയ്തു. കഴിഞ്ഞ മാസമാണ് സ്ലേറ്ററെ സെവൻ നെറ്റ്വർക്ക് അവരുടെ ടീമിൽ നിന്നും പിരിച്ചുവിട്ടത്. ഇന്ത്യയിലെ ടി20 ലീഗായ ഐപിഎല്ലിലും സ്ലേറ്റർ കമന്റേറ്ററായിട്ടുണ്ട്.
ഈ സീസണിൽ ഇന്ത്യയിൽ നടന്ന ഐപിഎൽ കോവിഡ് വ്യാപനത്തിൽ പെട്ട് പ്രതിസന്ധിയിലായപ്പോൾ ഓസ്ട്രേലിയൻ താരങ്ങളെ തിരികെ നാട്ടിലെത്തിക്കാൻ ശ്രമിക്കാത്തതിന് ഓസ്ട്രേലിയൻ പ്രധാനമന്ത്രിയായ സ്കോട്ട് മോറിസണുമായി സ്ലേറ്റർ ഇടഞ്ഞിരുന്നു. സമൂഹ മാധ്യമത്തിലൂടെ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച സ്ലേറ്റർ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ കൈയിൽ ചോര പുരണ്ടിരിക്കുന്നു എന്നാണ് പറഞ്ഞത്. കോവിഡ് വ്യാപനം കൂടുതലായിരുന്ന ഇന്ത്യയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ ഓസ്ട്രേലിയൻ സർക്കാരിന്റെ നടപടിയെ വിമർശിച്ചുകൊണ്ടാണ് സ്ലേറ്റർ ഇത്തരത്തിൽ പ്രസ്താവന ഇറക്കിയത്.