കാക്കനാട്: നടിയെ തട്ടിക്കൊണ്ടുപോകാനും വിവസ്ത്രയാക്കി ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്താനും ശ്രമിച്ച സംഭവത്തിൽ തിരയുന്ന മുഖ്യപ്രതി പൾസർ സുനി കൊടും ക്രിമിനലെന്ന് പൊലീസ്. കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായിരുന്ന പെരുമ്പാവൂർ സ്വദേശിയായ സുനിൽ നേരത്തേ പ്രമുഖ നടിയുടെ ഡ്രൈവറായിരുന്നു. സുനിൽകുമാർ കൊടും ക്രിമിനലാണെന്ന് അറിഞ്ഞതോടെ ഇയാളെ പുറത്താക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഇതിനെ തുടർന്നുള്ള വിരോധമാണ് പൾസർ സുനി എന്ന സുനിൽകുമാറിനെ ഭീഷണിപ്പെടുത്താനും ബ്ലാക്‌ മെയിൽ ചെയ്യാനും പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ. സുനിലിനെ മാറ്റിയതിനെ തുടർന്ന്  നടിയും സുനിലും തമ്മിൽ വാക്കുതർക്കവും ഉണ്ടായിരുന്നു. സിനിമാരംഗത്തെ നിരവധി പേരുമായി ബന്ധമുള്ളയാളാണ് സുനിൽ എന്നതിനാൽ ഇപ്പോഴത്തെ സഭവത്തിൽ മേഖലയിൽ നടിയോട് എതിർപ്പുള്ള ആർക്കെങ്കിലും പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ നടിയെ തട്ടിക്കൊണ്ടുപോയതിനും ബലാത്സംഗ ശ്രമത്തിനുമാണ് കേസെടുത്തിട്ടുള്ളത്. പൾസർ സുനിയും ഇപ്പോൾ അറസ്റ്റിലായ സിനിമാ നിർമ്മാണ കമ്പനി ജീവനക്കാരനായ മാർട്ടിനും ഉൾപ്പെടെ ആറുപേർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.

നടിയെ ബ്ലാക്‌ മെയിൽ ചെയ്യാൻ അത്യന്തം നാടകീയ രംഗങ്ങൾ സൃഷ്ടിച്ചാണ് ഇന്നലെ കാർ തടഞ്ഞുനിർത്തുന്നതുൾപ്പെടെയുള്ള സംഭവങ്ങൾ അരങ്ങേറിയതെന്നാണ് വിവരം. ഇതിന് മുമ്പുതന്നെ പലപ്പോഴും ഭാവനയെ ബ്ലാക്‌ മെയിൽ ചെയ്യാൻ അവരുടെ സ്വകാര്യ ഇടപാടുകൾ പുറത്തുപറയുമെന്ന് പറഞ്ഞും മറ്റും സുനിൽ ഭീഷണിപ്പെടുത്തിയെന്ന സൂചനകളുമുള്ളതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

എന്നാൽ നടി ഈ കെണിയിൽ വീഴാതായതോടെയാണ് തട്ടിക്കൊണ്ടുപോകലിനും മറ്റും പദ്ധതിയിട്ടത്. ഇതിനായി ഒരാഴ്ചയിലേറെ സുനിൽ ആസൂത്രണം നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡബ്ബിംഗിന് കൊച്ചിയിലേക്ക് വരുന്ന വഴിയിൽ നടിയുടെ ഡ്രൈവറായി തന്റെ വിശ്വസ്തനായ മാർട്ടിനെ സുനിൽ നിയോഗിക്കുകയായിരുന്നു.

അപകടത്തിലേക്കാണെന്നറിയാതെ മാർട്ടിൻ ഓടിച്ച വണ്ടിയിൽ വന്ന നടിയെ അതിന് പിന്നാലെ തന്നെ സുനിലും സംഘവും പിൻതുടർന്നിരുന്നു. തുടർന്ന് രാത്രി കാർ അപകടത്തിൽ പെടുത്തും വിധം ഉരസിയ ശേഷം വണ്ടി നിർത്തിച്ചാണ് അക്രമം അരങ്ങേറിയത്. ചലച്ചിത്ര താരങ്ങൾക്ക് ഡ്രൈവർമാരെ ഏർപ്പാടികൊടുക്കുന്ന ആളാണ് സുനിൽ കുമാർ. മുൻപ് ഉണ്ടായ ചെറിയ പ്രശ്‌നത്തെ തുടർന്ന് സുനിലിനെ ഡ്രൈവർ ജോലിയിൽ നിന്ന്  പിരിച്ചുവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിന് പിന്നില്ലെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി ബ്ലാക്‌മെയിൽ ചെയ്യാനുള്ള ശ്രമമാണ് നടന്നതെന്നും പൊലീസ് പറയുന്നു.

എന്നാൽ നേരത്തേ ഡ്രൈവറായിരുന്ന കാലത്ത് തനിക്കറിയാവുന്ന രഹസ്യങ്ങൾ പുറത്താക്കുമെന്ന് പറഞ്ഞ് മുമ്പും നടിയെ സുനിൽ ഭീഷണിപ്പെടുത്തിയിരുന്നെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഇതിന് വഴങ്ങാതെ വന്നപ്പോളാണ് ഇപ്പോൾ തട്ടിക്കൊണ്ടുപോകൽ പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് വിവരം.

നടിയുമായി വന്ന മാർട്ടിൻ ഓടിച്ച വാഹനത്തിൽ പ്രതികൾ സഞ്ചരിച്ച വാഹനം ഇടിപ്പിച്ച് അപകട പ്രതീതി ഉണ്ടാക്കിയാണ് തട്ടിക്കൊണ്ടുപോകൽ നാടകത്തിന് തുടക്കമായത്. വണ്ടി നിർത്തി പുറത്തിറങ്ങിയ മാർട്ടിൻ മറ്റേ വണ്ടിയിലുള്ളവരെ ചോദ്യംചെയ്യുന്നതുപോലെ നടിക്കുകയും പൊടുന്നനെ മാർട്ടിനെ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിക്കുന്നതുപോലെ ഭാവിച്ച് നടിയുടെ വാഹനം തട്ടിയെടുക്കുകയുമായിരുന്നു. രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം പിന്നീട് രണ്ടു മണിക്കൂറിലേറെ എറണാകുളം നഗരത്തിൽ ചുറ്റിക്കറങ്ങുകയും ഇതിനിടെ നടിയുടെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്നാണ് കാക്കനാട് ഭാഗത്ത് സംവിധായകൻ ലാലിന്റെ വീടിന്റെ പരിസരത്ത് ഉപേക്ഷിച്ച് സംഘം കടന്നത്.

മുൻ ഡ്രൈവർ ഉൾപ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്നും ഇവർ തന്റെ ചിത്രങ്ങൾ പകർത്തിയതായും കളമശേരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആക്രമണത്തിന് ശേഷം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി നടിയുടെ വൈദ്യപരിശോധനയും നടത്തി. സംഭവസമയത്ത് നടിയുടെ കാറോടിച്ചിരുന്ന മാർട്ടിനെ അറസ്റ്റുചെയ്തതോടെ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിച്ചുവരുന്നു.

മാർട്ടിനും സുനിൽകുമാറും തമ്മിൽ നാൽപ്പതിലേറെത്തവണ ഫോൺ വിളിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. ഇന്നലെ മാർട്ടിൻ പലവട്ടം സുനിയുമായി ഫോണിൽ സംസാരിച്ചതിന് തെളിവുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഒട്ടേറെ എസ്എംഎസുകളും അവർ തമ്മിൽ അയച്ചിട്ടുണ്ട്. കാർ ഓടിക്കുന്നതിനിടെ മാർട്ടിൻ ആർക്കോ സന്ദേശം അയച്ചിരുന്നതായി കണ്ടെന്ന് ഭാവനയും മൊഴിനൽകി. നടിയുടെ വസ്ത്രം മാറ്റി ദൃശ്യങ്ങൾ പകർത്തി അവർ അപ്പോൾത്തന്നെ ആർക്കോ സന്ദേശമായി കൈമാറിയോ എന്നും അന്വേഷിക്കുന്നു. ക്വട്ടേഷൻ അംഗങ്ങളെന്ന പേരിലാണ് ഭീഷണിപ്പെടുത്തിയതെന്നാണ് നടിയുടെ മൊഴിയിൽ പറയുന്നത്. ഇതേത്തുടർന്ന് പ്രതികൾക്ക് ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

തൃശൂരിൽനിന്നു ഷൂട്ടിങ് കഴിഞ്ഞു കൊച്ചിയിലേക്കു വരുമ്പോൾ ഇന്നലെ രാത്രിയാണു നടിക്കെതിരെ ആക്രമണമുണ്ടായത്. അങ്കമാലി അത്താണിക്കു സമീപം കാർ തടഞ്ഞുനിർത്തി അകത്തുകയറിയ സംഘം പാലാരിവട്ടം വരെ ഉപദ്രവം തുടർന്നെന്നാണു നടി പൊലീസിനു നൽകിയ മൊഴി. പാലാരിവട്ടത്തിനു സമീപം എത്തിയപ്പോൾ കാറിൽനിന്ന് ഇറങ്ങിയ അക്രമിസംഘം മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു.

ഈ വാഹനം അത്താണി മുതൽ നടിയുടെ കാറിനു പിന്നാലെയുണ്ടായിരുന്നു എന്നാണു പൊലീസിന്റെ നിഗമനം. അക്രമികൾ കടന്നുകളഞ്ഞയുടൻ നടി കാക്കനാട്ടെ സംവിധായകന്റെ വീട്ടിലെത്തി സംഭവം അറിയിക്കുകയായിരുന്നു. ഫിലിം യൂണിറ്റിന്റെ വാഹനത്തിലാണു നടി കൊച്ചിയിലേക്കു വന്നിരുന്നത്.