ജോഡ്പൂർ: രാജ്യത്തെ ജുഡീഷ്യറിക്ക് കടുത്ത അപമാനമേൽക്കുന്ന തരത്തിൽ സിക്കിം ഹൈക്കോടതി മുൻ ജഡ്ജി ബലാൽസംഗക്കേസിലെ പ്രതിയായ ആശാറാം ബാപ്പുവിന്റെ കാൽ തൊട്ട് വണങ്ങി. ജോഡ്പൂർ കോടതിക്ക് പുറത്തായിരുന്നു സംഭവം.16 വയസുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്തതിന് ജയിലിലാണ് ഇപ്പോൾ ഈ സ്വയം പ്രഖ്യാപിത ആൾദൈവം.

സിക്കിം ഹൈക്കോടതി മുൻ ജഡ്ജി സുന്ദർ നാഥ് ഭാർഗവയാണ് ആൾദൈവത്തിന്റെ കാലിൽ വീണത്. കേസുമായി ബന്ധപ്പെട്ട് ആശാറാമിനെ ജോധ്പൂർ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു മുൻ ഗവർണർ കൂടിയായ ഭാർഗവ കോടതി വളപ്പിൽ വച്ച് പ്രതിയുടെ കാൽതൊട്ടു വണങ്ങിയത്.

രാജസ്ഥാൻ പൊലീസിന്റെ അകമ്പടിയോടെ വാഹനത്തിൽ നിന്ന് ഇറങ്ങി കോടതിയിലേക്ക് വരുകയായിരുന്ന പ്രതിയുടെ മുൻപിലേക്ക് ഭാർഗവ കടന്നു വരുകയായിരുന്നു. തുടർന്ന് പൊലീസിന്റെ മുൻപിൽ വച്ച് തന്നെ അദ്ദേഹം പ്രതിയുടെ കാലിൽ വീണു വണങ്ങി. ഭാർഗവയുടെ കൂടെയുണ്ടായിരുന്ന രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിയുടെ കാൽ തൊട്ടു വണങ്ങി.

തന്റെ പ്രവൃത്തിയെ സുന്ദർ നാഥ് ഭാർഗവ ന്യായീകരിച്ചു. താൻ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണെന്നും ആശാറാം ബാപ്പു എത്തുന്നുണ്ടെന്ന് അറിഞ്ഞ് ദർശനത്തിന് എത്തിയതാണെന്നും മുൻ ജഡ്ജി പറഞ്ഞു.

2013 ൽ ജോഡ്പൂരിലെ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രതിയായ ആശാറാം ബാപ്പുവിന്റെ നിരവധി ജാമ്യാപേക്ഷകൾ കോടതി തള്ളിക്കളഞ്ഞിരുന്നു.ബാപ്പുവിന്റെ മകൻ നാരായൺ സായിക്കെതിരെയും മാനഭംഗ ആരോപണം ഉയർന്നിരുന്നു.