മുംബൈ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ശേഷം കോലിക്ക് ഏതെങ്കിലും ഒരു ഫോർമാറ്റിൽ നിന്ന് ക്യാപ്റ്റൻ സ്ഥാനമൊഴിയേണ്ടിവന്നേക്കാമെന്ന് മുൻ ചീഫ് സെലക്റ്ററായ കിരൺ മോറെ. സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യൻ ക്രിക്കറ്റിലും ഫലപ്രദമാവുമെന്നും നിശ്ചിത ഓവർ ക്രിക്കറ്റിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കട്ടെയെന്നും കിരൺ മോറെ പറഞ്ഞു.

കിരൺ മോറെയുടെ വാക്കുകൾ... ''എനിക്ക് തോന്നുന്നത് അധികം വൈകാതെ രോഹിത് ഇന്ത്യയെ ക്യാപ്റ്റനാകുമെന്നാണ്. ധോണിയുടെ കീഴിൽ വളർന്ന കോലി സമർത്ഥനായ ക്യാപ്റ്റനാണ്. എന്നാൽ നിശ്ചിത ഓവർ ക്രിക്കറ്റിൽ എത്രകാലം ക്യാപ്റ്റനായി തുടരണമെന്ന് കോലിയും കൂടി ചിന്തിക്കണം. ഇക്കാര്യത്തിൽ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഒരു തീരുമാനമുണ്ടാകുമെന്ന് കരുതാം.

സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യൻ ക്രിക്കറ്റിലും ഫലപ്രദമാവും. ഇന്ത്യയുടെ സീനിയർ താരങ്ങൾ ടീമിന്റെ ഭാവിയെ കുറിച്ച് ചിന്തിക്കണം. മൂന്ന് ഫോർമാറ്റിലും നയിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. നയിച്ചാൽ മാത്രം പോര, മികച്ച പ്രകടനം നടത്തുകയും വേണം. കോലി ഇതെല്ലാം ഭംഗിയായി പൂർത്തിയാക്കുന്നുമുണ്ട്. എന്നാൽ, ഇതൊക്കെ ധാരാളമാണെന്ന് കോലി പറയുന്ന ഒരു സമയം വരും. അന്ന് രോഹിത്തിനോട് സ്ഥാനമേറ്റെടുക്കാൻ കോലി പറയും.'' മോറെ പറഞ്ഞു.

സ്പ്ലിറ്റ് ക്യാപ്റ്റൻസി ഇന്ത്യക്ക് ഗുണം മാത്രമേ ചെയ്യൂവെന്നും രോഹിത്തിന് ക്യാപ്റ്റൻസി കൈമാറിയാൽ ആ തീരുമാനം ഏറെ ബഹുമാനമർഹിക്കുമെന്നും മോറെ കൂട്ടിച്ചേർത്തു. ''രോഹിത് നന്നായി നയിക്കുന്നുണ്ടെങ്കിൽ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം അർഹിക്കുന്നുമുണ്ട്.'' മോറെ പറഞ്ഞുനിർത്തി.

ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം രോഹിത് ശർമയ്ക്ക് നൽകണമെന്ന് മുൻ ഇന്ത്യൻ താരങ്ങൾ അടക്കമുള്ളവർ നേരത്തെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കോലി ടെസ്റ്റിൽ മാത്രം നയിച്ചാൽ മാത്രം മതിയെന്നാണ് പലരുടെയും അഭിപ്രായം.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് നാല് കിരീടങ്ങളിലേക്ക് നയിച്ചത് രോഹിത്തായിരുന്നു. കോലിക്കാവട്ടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഒരിക്കൽ പോലും കിരീടത്തിലേക്ക് നയിക്കാൻ കഴിഞ്ഞിട്ടില്ല. രോഹിത്തിനെ ക്യാപ്റ്റനാക്കുമെന്ന് പറയുന്നതിലെ അടിസ്ഥാനം ഈ കണക്കുകളാണ്.