ഡൽഹി: മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ സർദാർ സിങ് വിരമിച്ചു. 12 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നുവെന്ന് 32 കാരനായ താരം തന്നെയാണ് വ്യക്തമാക്കിയത്.350-ലേറെ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ശേഷമാണ് സർദാർ വിരമിക്കാൻ തീരുമാനിച്ചത്. ജക്കാർത്തയിൽ വെങ്കലവുമായി മടങ്ങിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 12 വർഷത്തോളം ഞാൻ രാജ്യത്തിനായി കളിച്ചു, അത് വളരെ നീണ്ട ഒരു സമയം തന്നെയാണ്. ഇപ്പോൾ അടുത്ത തലമുറയ്ക്ക് ബാറ്റൺ കൈമാറാനുള്ള സമയമായിരിക്കുന്നു'', വിരമിക്കൽ അറിയിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സർദാർ സിങ് പറഞ്ഞു.

കുറച്ചുനാൾ മുൻപുവരെ ഇന്ത്യയിലെ ഏറ്റവും കായികക്ഷമതയുള്ള കളിക്കാരൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയായിരുന്നു. യോ യോ ടെസ്റ്റ് അടിസ്ഥാനമാക്കിയായിരുന്നു ഇത്. എന്നാൽ തന്റെ 32-ാം വയസിൽ ആ കോലിയെ പോലും മറികടന്ന് ഇന്ത്യയിലെ ഏറ്റവും കായികക്ഷമതയുള്ള താരമെന്ന റെക്കോഡ് സ്വന്തമാക്കിയ ആളാണ് മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ സർദാർ സിങ്. മാത്രമല്ല ജക്കാർത്ത ഏഷ്യൻ ഗെയിംസിനു മുന്നോടിയായി നടന്ന യോ യോ ടെസ്റ്റിൽ 21.4 പോയിന്റോടെ വിരാട് കോലിയെ മറികടന്നാണ് സർദാർ ഒന്നാമതെത്തിയത്. കോലിയുടെ സ്‌കോർ 19 മാത്രമായിരുന്നു. വിദേശ താരങ്ങളെക്കാൽ സ്റ്റാമിനയുള്ള ഇന്ത്യക്കാരൻ എന്നാണ് സർദാറിനെ ഓസ്‌ട്രേലിയ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കളിക്കാർ വിശേഷിപ്പിച്ചത്.

ഇപ്പോഴും 2020-ലെ ഒളിമ്പിക്സിന് യോഗ്യത നേടാത്ത ഇന്ത്യയ്ക്ക് പ്രതിരോധത്തിലെ സർദാറിന്റെ വിടവ് വലിയ തിരിച്ചടിയാകും. ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീമിലും 2010, 2014 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ടീമിലെയും പ്രധാന സാന്നിധ്യമായിരുന്ന താരമാണ് ടീമിനോട് വിടപറയുന്നത്.003-2004 കാലഘട്ടത്തിലാണ് സർദാർ ജൂനിയർ തലത്തിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. പോളണ്ടിനെതിരെയായിരുന്നു ഇത്. 2006-ൽ പാരമ്പര്യ വൈരികളായ പാക്കിസ്ഥാനെതിരെയാണ് സീനിയർ തലത്തിൽ സർദാർ അരങ്ങേറിയത്.