ജറുസലേം: ഇസ്രയേൽ മുൻ പ്രസിഡന്റും നൊബേൽ സമ്മാന ജേതാവുമായ ഷിമോൺ പെരസ്(92) അന്തരിച്ചു. ഒസ്ലോ സമാധാനകരാർ ഒപ്പിട്ടതിനാണ് 1994ൽ ഷിമോൺ പെരസിന് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ലഭിച്ചത്. 2014ലാണ് അദ്ദേഹം പ്രസിഡന്റുപദവി ഒഴിഞ്ഞത്. രണ്ടുതവണ പ്രധാനമന്ത്രിയായിരുന്നു. ഫസ്തീനെതിരെ ശക്തമായ നിലപാട് എടുക്കുമ്പോഴും സമാധാനത്തിനായിരുന്നു പെരസ് മുൻഗണന നൽകിയത്. ഇതിന്റെ ഭാഗമായാണ് ഒസ്ലോ ഉടമ്പടി നിലവിൽ വന്നത്.

രണ്ടാഴ്ച മുൻപുണ്ടായ പക്ഷാഘാതത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതി കണ്ടിരുന്നെങ്കിലും ഇന്നലെയോടെ പെട്ടെന്നു സ്ഥിതി വഷളാവുകയായിരുന്നു. 1948ൽ ഇസ്രയേൽ രാജ്യം സ്ഥാപിക്കപ്പെട്ട സമയത്ത് ജീവിച്ചിരുന്ന രാഷ്ട്രീയക്കാരുടെ തലമുറയിലെ അവസാന കണ്ണിയിൽപ്പെട്ടയാളായിരുന്നു പെരസ്. ഫലസ്തീനുമായുള്ള സമാധാനശ്രമങ്ങളുടെ പേരിൽ 1994ലാണ് നൊബേൽ സമ്മാനത്തിന് അർഹനായത്. ഇസ്രയേലിന്റെ രഹസ്യ ആണവ പദ്ധതിയുടെ ശിൽപ്പിയുമായിരുന്നു പെരസ്.