മുണ്ടക്കയം: നിർധന യുവാവിന് സ്വന്തം കരൾ പകുത്തു നൽകി നവജീവൻ നൽകിയ ജനകീയ രാഷ്ട്രീയക്കാരൻ ആശുപത്രി അധികൃതരുടെ പിഴവിൽ മരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക് പഞ്ചായത്ത് മുൻ പ്രസിഡന്റ് കോരുത്തോട് കുറ്റിക്കാട്ടിൽ കുഞ്ചാക്കോ എന്നറിയപ്പെടുന്ന ചാക്കോ തോമസ് (54) ആണ് കരൾദാനം ചെയ്യാനായി ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിൽ കഴിയവേ മരണപ്പെട്ടത്. കൊച്ചിയിലെ അമൃതാ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന ടെക്‌സ്റ്റെയിൽ സെയിൽസ്മാനായ റോജി ജോസഫ് (44) എന്നയാൾക്കാണ് കുഞ്ചാക്കോ കരളിന്റെ പാതി നൽകി ജീവൻ രക്ഷിച്ചത്. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്‌ച്ച നടന്ന ശസ്ത്രക്രിക്ക് ശേഷം ആരോഗ്യ സ്ഥിതി വഷളാകുകയും വയറ്റിൽ വെള്ളം നിൽക്കുകയും ചെയ്തതിനെ തുടർന്ന് ഇന്ന് രാവിലെ കുഞ്ചാക്കോ മരണപ്പെടുകയായിരുന്നു. അമൃതാ ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. മൃതദേഹം പോസ്റ്റ്്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

റോജി ജോസഫിന് ഗുരുതര കരൾരോഗം ബാധിച്ചതോടെ നാട്ടുകാർ ലക്ഷങ്ങൾ സമാഹരിച്ചെങ്കിലും കരൾ നൽകാനായി സ്വമനസ്സുകൾക്കായി അലയുന്നതിനിടെയാണ് കുഞ്ചാക്കോ സ്വയം സന്നദ്ധനായി കരൾ പകുത്തു നൽകാൻ തയ്യാറായി രംഗത്തുവന്നത്. ബന്ധുക്കൾ പോലും തയ്യാറാകാത്ത ഘട്ടത്തിലായിരുന്നു നാട്ടുകാരുടെ ജനകീയനായ നേതാവ് ത്യാഗസന്നദ്ധത അറിയിച്ചു രംഗത്തുവന്നത്. ഇപ്പോൾ ആശുപത്രിയുടെ പിഴവിൽ മരണം സംഭവിച്ചതോടെ ഒരു നാടിന് തീരാഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

കഴിഞ്ഞ നാലുമാസക്കാലമായി നിയമപരമായ നടപടികളുമായി കുഞ്ചാക്കോയും കുടുംബവും സർക്കാർ സ്ഥാപനങ്ങളിൽ കയറിയിറങ്ങുകയായിരുന്നു. രോഗിയുടെ ബന്ധുവല്ലാത്തതിനാൽ വില്ലേജ് ഓഫിസർ, തഹസിൽദാർ, ഡി.എം.ഒ, ഡിവൈ.എസ്‌പി തുടങ്ങിയവരുടെ മുന്നിലും മെഡിക്കൽ കോളജിലും ശസ്ത്രക്രിയ നടത്തുന്ന ആശുപത്രിയിലെയും അധികാരികൾക്കുമുന്നിൽ കുഞ്ചാക്കോയും ഭാര്യ ലിസമ്മ, മക്കളായ സുമി, പൊന്നി, എബിൻ എല്ലാവരും ചേർന്ന് സമ്മതപത്രം നൽകി. രണ്ടാമത്തെ മകൾ പൊന്നിയൊഴികെ മറ്റെല്ലാവരും കുഞ്ചാക്കോയുടെ ത്യാഗ സന്നദ്ധതയെ പിന്തുണച്ചിരുന്നു. ഡോക്ടർമാർ നൽകിയ ഉറപ്പിലായിരുന്നു കുഞ്ചോക്ക് കരൾ പകുത്തു നൽകാൻ രംഗത്തെത്തിയത്.

ശസ്ത്രക്രിയക്കായി ഡോക്ടർമാരുടെ നിർദേശാനുസരണം കുഞ്ചാക്കോ മൂന്നുമാസം കൊണ്ട് കൊഴുപ്പുകുറക്കാൻ 40 കിലോ തൂക്കവും കുറച്ചിരുന്നു. നവംബർ 16ാം തീയ്യതി അമൃതാ ആശുപത്രിയിൽ അഡ്‌മിറ്റാകുകയും ചെയ്തിരന്നു. അടുത്ത ദിവസം തന്നെ കുഞ്ചാക്കോയുടെ ശസ്ത്രക്രിയയും റോജിയുടെ ശരീരത്തിലേക്കു കുഞ്ചാക്കോയുടെ കരൾ പിടിപ്പിക്കൽ ശസ്ത്രക്രിയയും ഡോ. സുധീന്ദ്രന്റെ നേതൃത്വത്തിൽ നടന്നു.

ഇങ്ങനെ ശസ്ത്രക്രിയയ്ക്ക് ശേഷം അമൃത ആശുപത്രിയിൽ തന്നെ വിശ്രമത്തിൽ കഴിയവേയാണ് കുഞ്ചാക്കോ മരണപ്പെട്ടത്. അണുബാധയെ തുടർന്നും ആശുപത്രി അധികൃതരുടെ ശ്രദ്ധക്കുറവുമാണ് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. നല്ലവനായ ഒരു രാഷ്ട്രീയക്കാരന്റെ മരണത്തിൽ ഒരു നാട് മുഴുവൻ ദുഃഖത്തിലാണ്. കുഞ്ചാക്കോയിൽ നിന്നും കരൾ സ്വീകരിച്ച റോജി ജോസഫ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്.