കോട്ടയം: രാഷ്ട്രീയക്കാരാണെങ്കിൽ ആദ്യം പഠിക്കേണ്ടത് കാലുമാറ്റത്തെ കുറിച്ചാണ്. കാലം മാറുമ്പോൾ ഉചിതമായി രാഷ്ട്രീയവും തിരഞ്ഞെടുക്കുക. അത്രയേ കോട്ടയത്തുകാരി റീബാ വർക്കിയും ചെയ്തുള്ളൂ. കോട്ടയം നഗരസഭയുടെ മുൻ അധ്യക്ഷ കൂടിയാണ് റീബ. കോൺഗ്രസിലൂടെ വിജയിച്ച് കോട്ടയം നഗരത്തിന്റെ നാഥയായവൾ. എന്നാൽ, കാലം കുറിച്ചു കഴിഞ്ഞപ്പോൾ കോൺഗ്രസിനെ കൈവിട്ട് ബിജെപി ടിക്കറ്റിൽ മത്സരിക്കാൻ ഇറങ്ങിയിരിക്കയാണ് റീബ. നഗരസഭയുടെ 20ാം വാർഡിലാണ് റീബാ വർക്കി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

2005 മുതൽ നാലുവർഷക്കാലം കോട്ടയം നഗരസഭ ചെയർപേഴ്‌സൺ എന്ന നിലയിൽ നിരവധി വികസന പദ്ധതികൾ നടപ്പാക്കിയ റീബ നാട്ടുകാർക്കെന്നും പ്രിയങ്കരിയാണ്. അതുകൊണ്ട് തന്നെ വോട്ടഭ്യർത്ഥിച്ച് ചെല്ലുമ്പോൾ പലരും ചിഹ്നം ഏതായാലും വോട്ട് തനിക്ക് തന്നെ നൽകുമെന്നാണ് റീബ വർക്കി പറയുന്നത്.

കോൺഗ്രസ് പാർട്ടിയുമായി പിണങ്ങിയാണ് റീബ പാർട്ടി വിട്ടത്. പാർട്ടി വിപ്പ് ലംഘിച്ചുവെന്നാരോപിച്ച് പരാതി നൽകിയതോടെ ആറു വർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അയോഗ്യത കൽപിച്ചതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ റീബയ്ക്ക് മത്സരിക്കാനായില്ല. ജനറൽ വാർഡിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന റീബയെ എതിർക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥിയോടൊപ്പം ഒരു റിബൽ സ്ഥാനാർത്ഥിയുമാണ്ട്.

കെ.കരുണാകരന്റെയും മുരളീധരന്റെയും നേതൃത്വത്തിൽ ഡി.ഐ.സി രൂപീകരിച്ചപ്പോൾ ഒപ്പം നിന്നതിന്റെ പേരിൽ രാഷ്ടീയം കളിച്ച് കോൺഗ്രസ് നേതൃത്വം തനിക്കെതിരെ നടപടി എടുക്കുകയായിരുന്നുവെന്നാണ് റീബയുടെ പക്ഷം. പാർട്ടി കൈവിട്ടതോടെ തൽക്കാലം രാഷ്ട്രീയത്തിൽ നിന്നും അവധിയെടുത്തു റീബ. എന്നാൽ ഉന്നത വിദ്യാഭ്യാസമുള്ള റീബ കോട്ടയത്ത് സോഫിയ ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പലാകുന്നതാണ് പിന്നീട് കണ്ടത്. ഇതിനിടെ പ്രവാസി മലയാളി കുടുംബം നേരിടുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിൽ നിന്ന് രണ്ടു ഗവേഷണ പ്രബന്ധങ്ങൾ പൂർത്തിയാക്കി.ശുദ്ധജല ദൗർലഭ്യത്തിന്റെ കാരണം തേടി കിലയിൽ നിന്ന് മറ്റൊരു റിസർച്ച് വർക്കും നടത്തി.

കോട്ടയം ബസേലിയോസ് കോളേജ് മുൻ അദ്ധ്യാപകനും അണക്കര ഹോളിക്രോസ് മാനേജ്‌മെന്റ് സ്റ്റഡീസ് പ്രിൻസിപ്പലുമായ വർക്കി മാത്യുവാണ് ഭർത്താവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടിൽ ആകർഷകയായി ബിജെപിയോട് ചായ്കുകയായിരുന്നു ഇവർ. ബിജെപി പ്രചരണ കാമ്പയിനിൽ മിസ്ഡ് കോൾ അടിച്ചാണ് താൻ പാർട്ടി അംഗത്വം തേടിയതെന്നും റീബ പറയുന്നു. എന്തായാലും വിജയിച്ചു കയറാമെന്ന പ്രതീക്ഷയിലാണ് റീബ ഇപ്പോൾ.