- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്ത്രീ ഇല്ലാതെ ഈ മണ്ണിന് എന്ത് പ്രസക്തി' എന്ന് അന്ന് ഉത്തരം നൽകി; മിസ് കേരള കിരീടത്തിലേക്ക് നയിച്ചതും ആ ഉത്തരം; ജോലിയും ഫാഷൻ മേഖലയും ഒന്നിച്ചു കൊണ്ടുപോകാൻ ആഗ്രഹിച്ചു; നല്ല വേഷമെങ്കിൽ സിനിമ അഭിനയവും; മുൻ മിസ് കേരള അൻസി കബീർ മടങ്ങുന്നത് ഒട്ടെറെ സ്വപ്‌നങ്ങൾ ബാക്കിവച്ച്
തിരുവനന്തപുരം: മിസ് കേരളാ മത്സരത്തിൽ എതിരാളികളായി പോരാടി ഒന്നിച്ചു മുന്നേറിയവർ ജീവിതത്തിൽ നിന്നും മടങ്ങുന്നതും ഒരുമിച്ച്. എറണാകുളം വൈറ്റിലയിലുണ്ടായ അപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ (26) എന്നിവർ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
2019-ലെ മിസ് കേരളയായിരുന്ന അൻസി കബീർ തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ്. അൻസിയുടെ സുഹൃത്തും 2019-ലെ മിസ് കേരള റണ്ണറപ്പുമായ അഞ്ജന ഷാജൻ തൃശൂർ സ്വദേശിനിയാണ്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു.
ജോലിയും ഫാഷൻ മേഖലയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിച്ച ആൻസി ഒട്ടേറെ സ്വപ്‌നങ്ങൾ ബാക്കിവച്ചാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നത്. നല്ല അവസരമുണ്ടായാൽ സിനിമയിൽ ഒരു കൈ നോക്കാൻ മോഹിച്ചു. സിനിമയിൽ തന്നെ ജീവിതം വേണമെന്നില്ല. ചെറിയ വേഷമായാലും നല്ല വേഷമാണെങ്കിൽ സിനിമ ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഒരിക്കൽ ആൻസി തുറന്നു പറഞ്ഞിരുന്നു. ജോലിയും ഈ മേഖലയും തമ്മിൽ ബാലൻസ് ചെയ്യാൻ പറ്റാതെ വന്നാൽ അപ്പോൾ ഏറ്റവും സന്തോഷം തരുന്നതെന്തോ അത് തിരഞ്ഞെടുക്കുമെന്നായിരുന്നു അന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി.
ഫാഷൻ ഗേളാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. പഠനത്തിൽ തന്നെയായിരുന്നു ശ്രദ്ധ. സ്‌കൂളിലും കോളജിലും പഠിക്കുന്ന കാലത്തും ഫാഷനൊ അഭിനയമോ പട്ടികയിലില്ല. എൻജിനിയറിങ് പഠിക്കുമ്പോൾ അവിടെ നടന്ന മൽസരത്തിൽ പങ്കെടുക്കാൻ സഹപാഠികൾ നിർബന്ധിച്ചു. അതിനു വഴങ്ങിയതിനു ശേഷമാണ് ഫാഷനൊക്കെ മനസ്സിലെത്തുന്നത്. പിന്നെ പഠനം കഴിഞ്ഞ് വീട്ടിൽ നിൽക്കുമ്പോഴാണ് മൽസരങ്ങളിൽ പങ്കെടുക്കുന്നതും വിജയം തേടിയെത്തുന്നതും.
ഇതിനിടെ തിരുവനന്തപുരം ടെക്‌നോപാർക്കിൽ ഒരു കമ്പനിയിൽ ജോലിക്കു പ്രവേശിച്ചിരുന്നു. കുറെ പഠിച്ചു കിട്ടിയ ജോലിയല്ലെ, അത് നഷ്ടപ്പെടുത്തിക്കളയാൻ എന്തായും താൽപര്യമില്ല. ഒരു കിരീടം കിട്ടിയെന്നു കരുതി ജോലി വേണ്ടെന്നു വയ്ക്കില്ല എന്നായിരുന്നു മിസ് കേരളാ കിരീടം ചൂടിയ ശേഷം ആൻസി പ്രതികരിച്ചത്.
കേരളത്തിന്റെ സൗന്ദര്യറാണിയായി തിരുവനന്തപുരം കാരി ആൻസി കബീർ അന്ന് കിരീടം ചൂടിയത്. 21 പേരെ പിന്തള്ളിയാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയവർക്കൊപ്പം റാമ്പിൽ ചുവടുവെക്കാനായി നടൻ ഷെയ്ൻ നിഗവും എത്തിയിരുന്നു. ഇൻഫോസിസിൽ സിസ്റ്റം എൻജിനീയറായിരിക്കെയാണ് 23കാരിയായ ആൻസി കബീർ അന്ന് മത്സരത്തിൽ പങ്കെടുത്തത്.
ഫസ്റ്റ് റണ്ണറപ്പായി ചാലക്കുടി സ്വദേശിയും ആയുർവേദ ഡോക്ടറുമായി അൻജന ഷാജൻ. തലശ്ശേരിക്കാരി അൻജന വേണുവായിരുന്നു സെക്കന്റ് റണ്ണറപ്പ്. മൂന്ന് പേർക്കുമൊപ്പമാണ് നടൻ ഷെയ്ൻ നിഗം റാംപിലേക്ക് എത്തിയത്. മുൻ കോഴിക്കോട് കളക്ടർ പ്രശാന്ത് നായർ, പ്രമുഖ നർത്തകി പാരീസ് ലക്ഷ്മി തുടങ്ങിയവരായിരുന്നു വിധികർകത്താക്കൾ. കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിലായിരുന്നു മിസ് കേരള മത്സരം.
'എന്നെക്കാൾ സുന്ദരിമാരായിരുന്നു കൂടെ മൽസരിച്ച 21 പേരും, എല്ലാവരും ഓരോ പടി മുന്നിൽ നിൽക്കുന്നവർ. റാംപിൽ നിൽക്കുമ്പോൾ ആത്മവിശ്വാസത്തോടെ മറുപടികൾ നൽകിയതാണ് എന്നെ വിജയിയാക്കിയത് എന്നാണ് വിശ്വസിക്കുന്നത്. നേരത്തെ മൂന്ന് സൗന്ദര്യ മൽസരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ആത്മവിശ്വാസമായിരുന്നു ഇത്തവണ മൽസരത്തിനെത്തിയപ്പോൾ. ജഡ്ജിങ് പാനലിന്റെ ചോദ്യങ്ങളോട് മികച്ച രീതിയിൽ പ്രതികരിക്കാനായി. ഗ്രൂമിങ്ങിനെത്തുമ്പോൾ ഉണ്ടായിരുന്ന അൻസി ആയിരുന്നില്ല മൽസരത്തിന് റാംപിലെത്തുമ്പോൾ. മികച്ച പരിശീലനമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ലഭിച്ചത്. അത്രയേറെ ആത്മവിശ്വാസം വർധിച്ചിരുന്നു. ടോപ് 5ൽ എങ്കിലും എത്തുമെന്ന് ഉറപ്പിച്ചിരുന്നു, മത്സര ശേഷം മാധ്യമങ്ങളോട് തന്റെ അനുഭവം പങ്കുവച്ച് ആൻസി പറഞ്ഞു.
മിസ് കേരള മൽസരത്തിൽ പങ്കെടുക്കുന്നത് ആരോടും പറഞ്ഞിരുന്നില്ല. അടുത്ത ബന്ധുക്കൾക്കും വീട്ടിലുള്ളവർക്കും ഒഴികെ മൽസരത്തിൽ പങ്കെടുക്കുന്ന വിവരം ആർക്കും അറിയില്ലായിരുന്നു. ഉപ്പാന്റെ സഹോദരന്റെ മകളുടെ കല്യാണമായിരുന്നിട്ടും മത്സരത്തിൽ പങ്കെടുത്തു. അവസാന നിമിഷവും വാപ്പ ചോദിച്ചു, വിവാഹം ഒഴിവാക്കി മൽസരത്തിനു പോണോ എന്ന്. എന്റെ നിർബന്ധത്തിനു വഴങ്ങിയാണ് വാപ്പ സമ്മതിച്ചത്. ഉറച്ച പിന്തുണയുമായി ഉമ്മ റസീന ബീവി കൂടെ നിന്നു. വീട്ടിൽ ഒറ്റ മകളാണു ഞാൻ. ഉപ്പയും ഉമ്മയും താൽപര്യങ്ങൾക്കൊന്നും എതിരു നിൽക്കാറില്ല. എന്നാൽ ബന്ധുക്കൾക്കൊന്നും ഇതു വലിയ താൽപര്യമായിരുന്നില്ലെന്നും അന്ന് ആൻസി പറഞ്ഞു.
റാംപിൽ നിൽക്കുമ്പോൾ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ നല്ല മനസാന്നിധ്യം വേണം. കഴിഞ്ഞ മൽസരങ്ങളിൽ പരാജയപ്പെട്ടത് ഈ മനസാന്നിധ്യം നഷ്ടമായതിനാലാണ്. ഇത്തവണ അങ്ങനെ ആയിരുന്നില്ല. നല്ല ആത്മവിശ്വാസത്തോടെയാണ് ചോദ്യങ്ങളെ നേരിട്ടത്. കിരീടം സ്വന്തമാക്കിയാൽ ലഭിക്കുന്ന പ്രശസ്തി ആളുകൾക്കു പ്രചോദനം നൽകും വിധം എങ്ങനെ ഉപയോഗപ്പെടുത്തും എന്നായിരുന്നു ആദ്യ ചോദ്യം. തന്റേത് ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബമായതിനാൽ തന്റെ നേട്ടം മറ്റു പലർക്കും ഈ രംഗത്തേയ്ക്ക് കടുന്നു വരുന്നതിന് പ്രേരണ നൽകുമെന്നായിരുന്നു മറുപടി.