- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറ്റിലയിൽ അപകടം ഉണ്ടായത് രാത്രി 12.15ഓടെ; ആൻസിയും അഞ്ജനയും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു; പരിക്കേറ്റവരെ പുറത്തെടുത്തത് ഒരു മണിയോടെ; സംഭവസ്ഥലത്ത് എത്തിയത് വലിയ ശബ്ദം കേട്ടെന്നും സെക്യൂരിറ്റി ജീവനക്കാരൻ സജി
കൊച്ചി: വൈറ്റിലയിലുണ്ടായ കാർ അപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ എന്നിവർ സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടുവെന്ന് അപകടം നടന്നതിന് അടുത്ത് ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരൻ സജി.
വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്ത് എത്തിയത്. രാത്രി 12.15ഓടെയാണ് അപകടം നടക്കുന്നത്. വാഹനത്തിലുണ്ടായിരുന്നവരെ ഒരു മണിയോടെയാണ് പുറത്തെടുക്കുന്നത്. അപകടത്തിൽ വാഹനം പൂർണമായും തകർന്നിരുന്നു.
ഡോർ പൊളിച്ചാണ് നാല് പേരെയും പുറത്തെടുത്തതെന്നും സജി പറഞ്ഞു. അര മണിക്കൂറോളം എടുത്താണ് നാല് പേരെയും പുറത്തടുത്തത്. വാഹനം ഒടിച്ചിരുന്നയാൾക്ക് ചെറിയ പരിക്ക് മാത്രമേയുള്ളൂ. ബൈക്ക് യാത്രക്കാരന്റെ പരിക്കും ഗുരുതരമല്ല. പൊലീസും ആംബുലൻസും എത്തിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും സജി കൂട്ടിച്ചേർത്തു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുന്നിൽ സഞ്ചരിച്ച ബൈക്കിലാണ് കാർ ഇടിച്ചത്. ബൈക്കിന്റെ സൈലൻസർ ഇളകിയ നിലയിലാണ്. കാറിന്റെ ടയർ തകർന്ന് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
മോട്ടോർ വാഹന വകുപ്പും പൊലീസും സംഭവസ്ഥലത്ത് പരിശോധന നടത്തി. കാറിന്റെ വേഗത സംബന്ധിച്ച കാര്യങ്ങൾ പരിശോധനയിലൂടെ കണ്ടെത്താൻ സാധിക്കുമെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.
അൻസി കബീർ, അഞ്ജന ഷാജൻ എന്നിവർക്ക് പുറമേ മറ്റ് രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. അൻസി കബീർ, അഞ്ജന ഷാജൻ എന്നിവർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മുഹമ്മദ് ആഷിഖ്, അബ്ദുൾ റഹ്‌മാൻ എന്നിവരെ ആശുപത്രിയിലേക്ക് മാറ്റി. പുരുഷന്മാരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ചാണ് അപകടത്തിൽപെട്ടത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാൻ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നൽകിയ വിവരം.
തിരുവനന്തപുരം ആറ്റിങ്ങൽ ആലങ്കോട് സ്വദേശിനിയാണ് അൻസി കബീർ. തൃശൂർ സ്വദേശിനിയാണ് അൻജന ഷാജൻ. ഇരുവരുടേയും മൃതദേഹം എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ