ഇസ്ലാമാബാദ്: ബലൂചിസ്താനിൽനിന്ന് ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാൻ അറസ്റ്റ് ചെയ്ത മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ യാദവിന് വധശിക്ഷ. പാക്കിസ്ഥാനി സൈനിക കോടതിയാണു കുൽഭൂഷണു വധശിക്ഷ വിധിച്ചത്. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ചാരൻ എന്ന് ആരോപിച്ചാണു കുൽഭൂഷണെ 2016 മാർച്ച് മൂന്നിന് അറസ്റ്റ് ചെയ്തത്.

കുൽഭൂഷൺ ചാരനാണെന്ന വാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. ഇന്ത്യ എല്ലാ രേഖകളും നൽകിയിട്ടും കുൽഭൂഷണെ വിട്ടയയ്ക്കാൻ പാക്കിസ്ഥാൻ തയാറായിരുന്നില്ല. പാക്കിസ്ഥാനിലെ വിഘടനവാദ തീവ്രവാദ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നയാളാണു കുൽഭൂഷണെന്നായിരുന്നു പാക് വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസിന്റെ ആരോപണം.

പാക്കിസ്ഥാനി പൊതു കോടതി മാർഷ്യലാണ് കുൽഭൂഷണെ വിചാരണ ചെയ്തത്. പാക്കിസ്ഥാനി നിയമപ്രകാരം ചാരവൃത്തിക്കുള്ള പരമാവധി ശിക്ഷയായ വധശിക്ഷ നൽകാൻ സൈനികകോടതി ഇന്നു വിധിക്കുകയായിരുന്നുവെന്നു പാക് സൈന്യത്തിന്റെ ഇന്റർ സർവീസ് പബ്ലിക് റിലേഷൻസ് അറിയിച്ചു.

ഇന്ത്യാ-പാക് ബന്ധം സമാധാനപരമായി പുനഃസ്ഥാപിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇന്ത്യൻ നേവിയിലെ മുൻ ഉദ്യോഗസ്ഥനെ ചാരനെന്നു മുദ്രകുത്തി പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധിക്കുന്നത്. ഇത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകാൻ മാത്രമേ സഹായിക്കൂ. മുമ്പു ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പഞ്ചാബ് സ്വദേശിയായ സരബ്ജിത് സിംഗിനെ പാക്കിസ്ഥാൻ വധശിക്ഷയ്ക്കു വിധേയമാക്കിയിരുന്നു.-