ഭുവനേശ്വർ: കോൺഗ്രസ് നേതാവും മുൻ ഒഡിഷാ മുഖ്യമന്ത്രിയുമായ ജെ.ബി പട്‌നായിക്ക് (89) അന്തരിച്ചു. മൂന്ന് തവണ ഓഡീഷാ മുഖ്യമന്ത്രിയായിരുന്നു. പട്‌നായിക്കിന്റെ മരണത്തിൽ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്ക് ദുഃഖം രേഖപ്പെടുത്തി. ഏഴ് ദിവസത്തേക്ക് സംസ്ഥാനത്ത് ദുഃഖാചരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. തിരുപ്പതി രാഷ്ട്രീയ സംസ്‌കൃത സർവകലാശാലയുടെ മുഖ്യാതിഥിയായി തിങ്കളാഴ്ചയാണ് അദ്ദേഹം എത്തിയത്. സർവകലാശാല ചാൻസലറായിരുന്നു ജെ.ബി. പട്‌നായിക്. കടുത്ത നെഞ്ചുവേദനയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മരുമകൻ സൗമ്യ രഞ്ജൻ പട്‌നായിക് അറിയിച്ചു. മൃതദേഹം പ്രത്യേക വിമാനത്തിൽ ഭുവനേശ്വറിലേക്കു കൊണ്ടുപോകും. തുടർന്ന് പുരിയിലെ സ്വർഗധ്വാരയിൽ സംസ്‌കരിക്കും.

പട്‌നായിക്കിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ജനങ്ങളുടെ പ്രതീക്ഷകളും വീക്ഷണങ്ങളും മനസിലാക്കിയിരുന്ന നേതാവാണ് പട്‌നായിക്കെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവായിരുന്നിട്ടും പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതിയെ ഉൾപ്പെടെ പിന്തുണച്ച നേതാവാണ് പട്‌നായിക്. സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാകുന്നതോടെ സമൂഹത്തിന്റെ മുഖം തന്നെ മാറുമെന്നായിരുന്നു അദ്ദേഹത്തി്‌ന്റെ അഭിപ്രായം.

1927 ജനുവരി മൂന്നിനായിരുന്നു ജാനകി ബല്ലഭ് പട്‌നായിക്കിന്റെ ജനനം. ഉത്ക്കൽ സർവ്വകലാശാലയിൽ നിന്ന് സംസ്‌കൃതത്തിൽ ബിരുദവും ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം യൂത്ത് കോൺഗ്രസിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു.

1980 ലാണ് ആദ്യമായി ഒഡീഷയുടെ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 1989 വരെ അധികാരത്തിൽ തുടർന്ന പട്‌നായിക് 1995 ൽ മൂന്നാമതും മുഖ്യമന്ത്രിപദത്തിൽ തിരിച്ചെത്തി. 2004 മുതൽ 2009 വരെ സംസ്ഥാനത്ത് പ്രതിപക്ഷനേതാവായിരുന്നു. 2009 ൽ യുപിഎ സർക്കാരാണ് പട്‌നായിക്കിനെ അസം ഗവർണറായി നിയമിച്ചത്. കഴിഞ്ഞ ഡിസംബർ വരെ ഈ പദവിയിൽ തുടർന്നു.

എഴുത്തുകാരൻ കൂടിയായിരുന്ന പട്‌നായിക് നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ജയന്തി പട്‌നായിക് ആണ് ഭാര്യ, പൃഥ്വി ബല്ലഭ് പട്‌നായിക്, സുദത്ത പട്‌നായിക്, സുപ്രിയ പട്‌നായിക് എന്നിവരാണ് മക്കൾ.