- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫുട്ബോൾ ലോകത്തിന് വീണ്ടും കണ്ണീരിന്റെ നനവ്; സെനഗൽ താരം പാപ്പ ബൂബ ദിയോപ് അന്തരിച്ചു; സെനഗലിന്റെ ലോകകപ്പ് ഹീറോയുടെ മരണം 42 ാം വയസ്സിൽ; 'ഒരിക്കൽ ലോകകപ്പ് ഹീറോയെങ്കിൽ, എക്കാലവും ലോകകപ്പ് ഹീറോ തന്നെ' താരത്തിന് ആദരവുമായി ഫിഫയുടെ ട്വീറ്റ്
സെനഗൽ: ഫുട്ബോൾ ലോകത്തിന് വീണ്ടും കണ്ണുനീരിന്റെ നനവ് പടർത്തി സെനഗലിന്റെ മിഡ്ഫീൽഡർ പാപ്പ ബൂബ ദിയോപ് അന്തരിച്ചു.ഒറ്റ മത്സരം കൊണ്ട് താരമാകുക. അത്ര എളുപ്പത്തിൽ സാധിക്കുന്ന കാര്യമല്ല അത്.. പ്രത്യേകിച്ചും ഫുട്ബോളിൽ. പക്ഷെ സെനഗൽ എന്ന രാജ്യത്തിന് വേണ്ടി ആദ്യ ലോകകപ്പിൽ തന്നെ താരമാവുകയായിരുന്നു പാപ്പ ബൂബ ദിയോപ്. നിലവിലെ ചാംപ്യന്മാരെന്ന പകിട്ടോടെ എത്തിയ ഫ്രാൻസിനെ 2002 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സെനഗൽ അട്ടിമറിച്ചപ്പോൾ വിജയഗോൾ നേടിയ മിഡ്ഫീൽഡർ പാപ്പ ബൂബ ദിയോപാണ്.
42 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ദിയോപ് വിടപറയുന്നത്. ദീർഘനാളായി രോഗബാധിനായി ചികിത്സയിലായിരുന്നു താരം. താരത്തിന് ആദരവുമായി ഫിഫ രംഗത്ത് എത്തി.'ഒരിക്കൽ ലോകകപ്പ് ഹീറോയെങ്കിൽ, എക്കാലവും ലോകകപ്പ് ഹീറോ തന്നെ' ദിയോപിന്റെ മരണത്തിനു പിന്നാലെ രാജ്യാന്തര ഫുട്ബോൾ സംഘടനയായ ഫിഫ ട്വീറ്റ് ചെയ്തു.
2002 ലോകകപ്പിൽ സെനഗൽ ക്വാർട്ടർ ഫൈനലിൽ കടന്ന് ചരിത്രം കുറിച്ചത് ദിയോപിന്റെ ബൂട്ടുകളുടെ കരുത്തിലാണ്. അന്ന് ഉദ്ഘാടന മത്സരത്തിൽ കരുത്തരായ ഫ്രാൻസിനെതിരെ വിജയഗോൾ നേടിയതിനു പുറമെ, ഗ്രൂപ്പ് തല മത്സരത്തിൽ യുറഗ്വായ്ക്കെതിരെ ഇരട്ടഗോളും സ്വന്തമാക്കി. ഈ മത്സരം 33ന് സമനിലയിൽ പിരിഞ്ഞിരുന്നു. പ്രീക്വാർട്ടറിൽ സ്വീഡനെ അട്ടിമറിച്ച സെനഗൽ, ഒടുവിൽ ക്വാർട്ടറിൽ തുർക്കിയോടു തോറ്റാണ് പുറത്തായത്.
നാലു തവണ ആഫ്രിക്ക നേഷൻസ് കപ്പിൽ കളിച്ചു. 2002ൽ സെനഗൽ റണ്ണേഴ്സ് അപ്പ് ആയപ്പോൾ ടീമിൽ അംഗമായിരുന്നു. സെനഗലിനായി 63 മത്സരങ്ങളിൽനിന്ന് 11 ഗോളുകൾ നേടി. 2013ലാണ് രാജ്യന്തര ഫുട്ബോളിൽനിന്ന് വിരമിച്ചത്. 2008ൽ പോർട്സ്മൗത്ത് എഫ്എ കപ്പ് നേടുമ്പോൾ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു ദിയോപ്.
ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഫുൾഹാം, പോർട്സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ്, ബിർമിങ്ങം സിറ്റി തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനു പുറമെ ഫ്രാൻസ്, ഗ്രീസ് എന്നിവിടങ്ങളിലും വിവിധ ക്ലബ്ബുകൾക്കായി കളിച്ചു.
മറുനാടന് ഡെസ്ക്