- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ എഫ്.ബി.ഐ റെയ്ഡ്; മാർ എ ലാഗോയിലുള്ള വീട്ടിലെ റെയ്ഡ് വിവരം പുറത്തുവിട്ടത് ട്രംപ് തന്നെ; തനിക്കെതിരേ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളിൽ സഹകരിക്കുന്നുണ്ട്; നടക്കുന്നത് അനാവശ്യ റെയ്ഡ്, അവർ എന്റെ അലമാര കുത്തിത്തുറന്നെന്നും മുൻ പ്രസിഡന്റിന്റെ ആരോപണം
വാഷിങ്ടൺ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വീട്ടിൽ റെയ്ഡു നടത്തി എഫ്.ബി.ഐ. മാർ എ ലാഗോയിലുള്ള തന്റെ വീട്ടിൽ ഒരു കൂട്ടം എഫ്.ബി.ഐ. ഏജന്റുമാർ തിങ്കളാഴ്ച റെയ്ഡ് നടത്തിയ വിവരം ട്രംപ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. എഫ്.ബി.ഐക്കെതിരെയും അദ്ദേഹം പ്രതികരിച്ചു. തന്റെ വീട്ടിലെ അലമാര കുത്തിത്തുറന്നുവെന്നും ട്രംപ് ആരോപിച്ചു. ബി.ബി.സി. അടക്കമുള്ള മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് നിയമ വകുപ്പും വാഷിങ്ടണിലെ എഫ്.ബി.ഐ. ഹെഡ്ക്വാർട്ടേഴ്‌സ് ഉദ്യോഗസ്ഥരും പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
വൈറ്റ് ഹൗസിൽ നിന്നും പ്രസിഡൻഷ്യൽ രേഖകൾ ട്രംപ് പെട്ടികളിലാക്കി ഫ്‌ളോറിഡയിലുള്ള ക്ലബ്ബിലേക്ക് കടത്തിയിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കണ്ടെത്തുന്നതിന് വേണ്ടിയിട്ടായിരുന്നു റെയ്ഡ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നത്.
റെയ്ഡ് നടക്കുന്ന സമയത്ത് ട്രംപ് ക്ലബ്ബിൽ ഉണ്ടായിരുന്നില്ലെന്നും സെർച്ച് വാറന്റ് ഉള്ളതിനാൽ എഫ്.ബി.ഐ. ക്ലബ്ബിൽ പ്രവേശിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 'തനിക്കെതിരേ ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങളിൽ സഹകരിക്കുന്നുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്ന ഈ റെയ്ഡ് അനാവശ്യമാണ്. അവർ അലമാര തകർത്തു' ട്രംപ് പറഞ്ഞു.
2021ൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ വൈറ്റ് ഹൗസിൽ നിന്നിറങ്ങിയ ട്രംപ് പാം ബീച്ചിലുള്ള ക്ലബ്ബിൽ താമസിച്ചു വരികയായിരുന്നു. വൈറ്റ് ഹൗസിൽ നിന്ന് മാറ്റിയ പ്രസിഡൻഷ്യൽ രേഖകൾ കണ്ടെടുക്കുന്നതിന് വേണ്ടിയുള്ള പ്രാഥമികാന്വേഷണം നിയമ വകുപ്പ് ഏപ്രിൽ മുതൽ തന്നെ ആരംഭിച്ചിരുന്നതായാണ് വിവരം.
മറുനാടന് മലയാളി ബ്യൂറോ