കൊച്ചി: ഫോർട്ട് കൊച്ചിയിൽ അപകടത്തിനിരയായ 'ഭാരത്' എന്നബോട്ട് ദുർബലമായ അവസ്ഥയിലായിരുന്നുവെന്നതിൽ സംശയം വേണ്ട. എന്നാൽ അതിനപ്പുറം വലിയ പിഴവ് മത്സബന്ധന ബോട്ടിൽ സംഭവിച്ചു. അതാണ് ദുരന്തത്തിന് കാരണമായത്. യാത്രബോട്ടിലിടിച്ച മത്സബന്ധന വള്ളത്തിന്റെ അമരത്ത് ആരും ഉണ്ടായിരുന്നില്ല. സാധാരണ വള്ളം ഓടിക്കുന്ന ആൾക്ക് മുൻവശം കാണാൻ കഴിയില്ല. അതുകൊണ്ട് തന്നെ അമരത്ത് ആൾ ഉണ്ടാകണമെന്നത് നിർബന്ധമാണ്. എങ്കിൽ മാത്രമേ വള്ളത്തിലെ മുൻവശത്തെ കാഴ്ചകൾ വള്ളം ഓടിക്കുന്ന ആളിലേക്ക് പകർന്നു നൽകാൻ കഴിയൂ. ഈ വീഴ്ചയാണ് ഫോർട്ട് കൊച്ചിയിലെ ദുരന്തത്തിന് ഇടയാക്കിയത്. എട്ട് പേരാണ് അപകടത്തിൽ മരിച്ചത്.

ഫോർട്ടുകൊച്ചി ബോട്ടപകടത്തിനിടയാക്കിയ മീൻപിടുത്തവള്ളമോടിച്ച ഷിജുവിന് ലൈസൻസ് ഇല്ലായിരുന്നെന്ന് മൊഴി. സ്രാങ്കും ഉണ്ടായിരുന്നില്ലെന്ന് ഷിജു മൊഴി നൽകി. വള്ളത്തിൽ ഡീസലടിച്ച് മുന്നോട്ട്് എടുക്കുമ്പോൾ യാത്രാബോട്ട് വരുന്നത് കണ്ടില്ലെന്നും ഷിജു പറഞ്ഞു. അമരത്ത് ആരും ഉണ്ടാകാത്തതാണ് ഇതിന് കാരണം. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ മുന്നറിയിപ്പ് നൽകാൻ കഴിയുമായിരുന്നു. ഈ സാഹചര്യത്തിൽ മീൻപിടിത്ത ബോട്ടുകളിലും നിരീക്ഷണം ശക്തമാക്കാനാണ് തുറമുഖമന്ത്രി കെ ബാബു നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത് ബോട്ടിന്റെ കാലപ്പഴക്കമാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് നാട്ടുകാർ.

അതിനിടെ തകർന്ന ബോട്ട് ദുർബലമായ അവസ്ഥയിലാണെന്ന് അന്വേഷണ ചുമതലയുള്ള പോർട്ട് ട്രസ്റ്റ് ഡപ്യൂട്ടി കമ്മീഷണർ ഗൗരിപ്രസാദ് ബിസ്വാൾ വ്യക്തമാക്കി. സംസ്ഥാന സർക്കാരാണ് ഫിറ്റ്‌നെസ് പരിശോധിക്കുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതും. 2016 വരെ രജിസ്‌ട്രേഷൻ ഉള്ള ബോട്ടിന് 2017 വരെ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ് നീട്ടി നൽകിയിട്ടുണ്ട്. ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ബോട്ട് ഓടിക്കാനുള്ള ലൈസൻസ് മാത്രമാണ് പോർട്ട് ഡയറക്ടറേറ്റ് നൽകുന്നതെന്നും 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പോർട്ട് ഡയറക്ടറേറ്റ് നൽകിയ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റിൽ ബോട്ട് നിർമ്മിച്ച വർഷം ഇതിൽ രേഖപ്പെടുത്തിയിട്ടില്ല. 2013 മാർച്ച് വരെ ഉണ്ടായിരുന്ന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് കഴിഞ്ഞ വർഷമാണ് 2017 വരെ പുതുക്കി നൽകിയത്.

സർവീസ് നടത്തുന്നതിനായി ബോട്ടുകൾ രജിസ്റ്റർ ചെയ്യുന്‌പോൾ നിർമ്മാണ തീയതി രേഖപ്പെടുത്തണം എന്നാണ് ചട്ടം. എന്നാൽ, കൊച്ചിയിൽ അപകടത്തിൽ പെട്ട എം വിഭാരത് എന്ന ബോട്ടിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിൽ നിർമ്മാണത്തീയതി രേഖപ്പെടുത്തിയിരുന്നില്ല. സംസ്ഥാന തുറമുഖ വകുപ്പാണ് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നൽകുന്നത്. ബോട്ടിന് 37 വർഷത്തോളം പഴക്കമുണ്ടായിരുന്നു. ഇത് മറച്ചു വയ്ക്കാനാണ് നിർമ്മാണത്തീയതി രേഖപ്പെടുത്താതിരുന്നത് എന്ന് കരുതുന്നു. ബോട്ടിൽ മതിയായ ലൈഫ് ജാക്കറ്റുകൾ വേണമെന്നാണ് വ്യവസ്ഥ. ഇതും പാലിക്കപ്പെട്ടില്ല. അപകടത്തിൽ പെട്ട ബോട്ടിലുണ്ടായിരുന്നത് മൂന്ന് ലൈഫ് ജാക്കറ്റ് മാത്രമായിരുന്നു. 80 യാത്രക്കാരെ കയറ്റാനാണ് ഭാരത് ബോട്ടിനും അനുമതിയുണ്ടായിരുന്നത്. ഇത്രയും പേർക്ക് കയറാവുന്ന ബോട്ടിൽ 89 ലൈഫ് ജാക്കറ്റുകൾ വേണമെന്നാണ് ചട്ടം.

ഇതോടെ ഫോർട്ട് കൊച്ചി ബോട്ട് ദുരന്തത്തിരയായ യാത്രാ ബോട്ടിന്റെ കാലപ്പഴക്കം സംബന്ധിച്ച് തർക്കവും മുറുകി.ബോട്ടിന്റെ കാലപ്പഴക്കവും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയെന്നാണ് പോർട്ട് ട്രസ്റ്റ് പറയുന്നത്.എന്നാൽ ഇതെല്ലാം നിഷേധിച്ച് കൊച്ചി കോർപ്പറേഷൻ നേതൃത്വം രംഗത്തെത്തി.
ബോട്ടിന്റെ ഫിറ്റ്‌നസും സുരക്ഷയും പരിശോധിക്കാനുള്ള ചുമതല തുറമുഖ വകുപ്പിനാണെന്നും യാത്രക്ലേശം പരിഹരിക്കാനാണ് രണ്ടുതവണ ടെൻഡർ വിളിച്ചിട്ടും മറ്റാരും വരാത്ത സാഹചര്യത്തിൽ ഭാരത് ബോട്ടുടമയ്ക്ക് കരാർ നൽകിയതെന്നും കോർപ്പറേഷൻ സെക്രട്ടറി വ്യക്തമാക്കി. ബോട്ടിന്റെ സരുക്ഷ പരിശോധിക്കേണ്ടത് പോർട്ട് ട്രസ്റ്റാണെന്നാണ് കോർപ്പറേഷന്റെ വാദം.

അപകടത്തിൽപ്പെട്ട ബോട്ടിന് 38 വർഷത്തെ പഴക്കമുണ്ട്. ഈ റൂട്ടിൽ ബോട്ട് സർവീസ് തുടങ്ങിയ കാലം മുതൽ ഈ ബോട്ടാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്. ഇപ്പോൾ ഫോർട്ടുകൊച്ചിവൈപ്പിൻ റൂട്ടിൽ സർവീസ് നടത്തുന്ന ഏക ബോട്ടാണിത്. കനത്ത ഒഴുക്കും ആഴവുമുള്ള അഴിമുഖത്തുകൂടിയാണ് ഈ റൂട്ട്. പ്രത്യേകമായി രൂപകല്പന ചെയ്ത ബോട്ടുകൾക്ക് മാത്രമേ അഴിമുഖത്തെ ഒഴുക്കിനെ അതിജീവിക്കാനാകൂ. അതുകൊണ്ടുതന്നെ ഇത്തരം ബോട്ടുകൾ സാധാരണ സർവീസിന് ലഭിക്കാറുമില്ല. 1977ലാണ് ഇവിടെ ബോട്ട് സർവീസ് തുടങ്ങുന്നത്. അതുകൊണ്ട് തന്നെ അറ്റക്കുറ്റപ്പണി പോലും ചെയ്യാതെ എല്ലാ ദിവസവും ബോട്ട് ഓടിച്ച് ലാഭമുണ്ടാക്കുകയായിരുന്നു ഉടമകൾ. ബോട്ട് സർവീസ് നടത്തുന്നതിന് കൊച്ചി കോർപ്പറേഷനും ഉടമസ്ഥനും എത്തിച്ചേർന്ന കരാർ വ്യവസ്ഥ പ്രകാരം അപകടമുണ്ടായാൽ യാത്രക്കാർക്ക് ഇൻഷ്വറൻസ് അടക്കമുള്ള തുക നൽകേണ്ടത് ബോട്ടുടമയാണ്.

അപകടത്തിന്റെ സാഹചര്യത്തിൽ കൊച്ചിയിൽ സർവീസ് നടത്തുന്ന എല്ലാ യാത്രാ ബോട്ടുകളുടെയും യോഗ്യത പരിശോധിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു അറിയിട്ടു. മതിയായ യോഗ്യതയില്ലാത്തവയുടെ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം മത്സ്യബന്ധന വള്ളങ്ങളിലും പരിശോധന കർശനമാക്കും. അമരത്ത് ആളില്ലാതെ വള്ളക്കൾ ഓടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്.

അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി

അതിനിടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. വ്യാഴാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവും തിരച്ചിലിൽ ഓരോ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മഹാരാജാസ് കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിനി കണ്ണമാലി കണ്ടക്കടവ് പുത്തന്തോട് ആപത്തുശേരി വീട്ടിൽ കുഞ്ഞുമോന്റെ മകൾ സുജിഷ (17)യുടെ മൃതദേഹമാണ് രാവിലെ ചെല്ലാനത്ത് നിന്ന് കണ്ടെടുത്തത്. മൂന്നരയോടെ തൊപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപത്തുനിന്നാണ് രണ്ടാമത്തെയാളുടെ മൃതദേഹം കിട്ടിയത്. അപകടത്തിൽ കാണാതായ വിജയന്റെ മൃതദേഹമാണിതെന്ന് ബന്ധുക്കൾ പിന്നീട് തിരിച്ചറിഞ്ഞു.

അപകടത്തിൽ മരിച്ച സുജിഷയുടെ അമ്മ സിന്ധുവും അപകടത്തിൽ മരണപ്പെട്ടിരുന്നു സിന്ധുവിന്റെ മൃതദേഹം ഇന്നലെ കിട്ടിയിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏട്ടായി. കാണാതായ ഒരാളെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികളടക്കം നാല് പേർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. 30ലേറെപ്പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിലുള്ള എല്ലാവരും അപകടനില തരണം ചെയ്‌തെന്നാണ് ലഭിക്കുന്ന സൂചന. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ സർക്കാർ നൽകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്.

മീൻപിടിത്ത ബോട്ടിന്റെ സ്രാങ്ക് അറസ്റ്റിൽ

അപകടത്തിന് കാരണമായ മീൻപിടിത്ത ബോട്ടിന്റെ സ്രാങ്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമാലി സ്വദേശി ജോണിയാണ് പൊലീസിന്റെ പിടിയിലായത്. ഒളിസങ്കേതത്തിൽ നിന്നാണ് അറസ്റ്റ്. ബോട്ടിൽ ഡീസൽ അടിച്ച ശേഷം ഇയാൽ മെക്കാനിക്കായ ബിജുവിനെ ചുമതല ഏൽപ്പിച്ച് മുങ്ങി. ബിജുവിന് ബോട്ട് ഓടിക്കാൻ ലൈസൻസ് ഇല്ലെന്ന് ഇയാൾക്ക് അറിയാമായിരുന്നു. ഈ സാഹചര്യത്തിൽ മനപ്പൂർവ്വമായ നരഹത്യയ്ക്കാണ് കേസ് എടുത്തത്.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28-08-15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ