കൊച്ചി: ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പ്രതി അഞ്ജലി റീമ ദേവ് ആരോപണവുമായി വീഡിയോ ഇറക്കിയതിന് പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരി രംഗത്തെത്തി. മനോരമ ഓൺലൈനിനോടാണ് ഇക്കാര്യം അവർ പറഞ്ഞത്.

പോക്സോ കേസ് പ്രതികളായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിനും കോഴിക്കോട് സ്വദേശിനി അഞ്ജലി റിമദേവിനും പിന്നിൽ ഭരണസ്വാധീനമേഖലയിലെ ഉന്നതൻ പ്രവർത്തിക്കുന്നുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. റോയിയെയും അഞ്ജലിയെയും നിയന്ത്രിക്കുന്നത് 'കാലിഫോർണിയക്കാരൻ അച്ചായൻ' എന്ന പേരിൽ അറിയപ്പെടുന്ന ഈ വ്യക്തിയാണെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയത്.

അന്വേഷണ ഉദ്യോഗസ്ഥർക്ക് തന്റെ നമ്പർ കൊടുത്തോ, അവർ കേസ് അന്വേഷണം നിർത്തുമെന്ന് അഞ്ജലിക്ക് 'അച്ചായൻ' ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. 'അച്ചായനെ'ക്കുറിച്ച് അന്വേഷണസംഘത്തിന് അറിവുണ്ട്. ഇയാളുടെ നിർദ്ദേശം അനുസരിച്ചാണ് സൈജുവും അഞ്ജലിയും എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളത്. ഇയാളുടെ പേര് ഉപയോഗിച്ച് അഞ്ജലി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും യുവതി പറഞ്ഞു.

കോഴിക്കോട് നിന്ന് പെൺകുട്ടികളുമായി കൊച്ചിയിലേക്ക് വരുമ്പോൾ ഇയാൾ അഞ്ജലിയെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. വീഡിയോ കോളിൽ അശ്ലീലത നിറഞ്ഞ സംഭാഷണമായിരുന്നു അവർ തമ്മിൽ നടത്തിയത്. അഞ്ജലി അർധ ബോധാവസ്ഥയിലാണ് അന്ന് അയാളുമായി സംസാരിച്ചതെന്നും യുവതി പറഞ്ഞു.

കൊച്ചിയിലെ മോഡലുകളുടെ മരണം ഒതുക്കിയത് ഇയാളാണെന്നും യുവതി വെളിപ്പെടുത്തി. നമ്പർ 18 ഹോട്ടലിലെ സംഭവം നടക്കുമ്പോൾ ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ മകളും അവിടെയുണ്ടായിരുന്നു. ആ കുട്ടിയുടെ ദൃശ്യങ്ങൾ താൻ ഫോണിൽ പകർത്തിയിട്ടുണ്ട്. ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. അഞ്ജലിയുടെ മൊബൈൽ പരിശോധിച്ചാൽ അച്ചായനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിക്കുമെന്നും പരാതിക്കാരി വ്യക്തമാക്കി.

ആരോപണവുമായി അഞ്ജലി റീമദേവ്

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് വീണ്ടും ആരോപണവുമായി അഞ്ജലി റീമ ദേവ് രംഗത്തെത്തിയത്. തന്നെ കുടുക്കാൻ രാഷ്ട്രീയക്കാരൻ ഉൾപ്പടെ 6 പേർ ശ്രമിക്കുന്നുണ്ടെന്നാണ് അഞ്ജലിയുടെ ആരോപണം. അവർ തന്നെ അപായപ്പെടുത്താൻ സാധ്യത ഉണ്ടെന്നും തന്നെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നത് ഇവരാണെന്നും അഞ്ജലി വ്യക്തമാക്കുന്നു. റോയ് വയലറ്റിനെ കേസിൽ കുടുക്കാനാണ് തന്നെ ഈ കേസിൽ വലിച്ചിടുന്നതെന്നും അഞ്ജലി ആരോപിക്കുന്നു. എല്ലാം കളവാണെന്നും അഞ്ജലി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

'കുറച്ചു ദിവസമായി സമൂഹത്തിലെ ഏറ്റവും മോശപ്പെട്ട സ്ത്രീ എന്നു തന്നെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കാരണം ഒരു സ്ത്രീ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ മാത്രമാണ്. ബോയ് ഫ്രണ്ടില്ലാത്തവർക്കു ബോയ് ഫ്രണ്ടിനെ കൊടുക്കും, കാവൽ നിൽക്കും, അവർ നേരിട്ടു കണ്ടിണ്ട്, ബിപി ഗുളിക എന്നു പറഞ്ഞു മെഡിസിൻ ബോക്സിൽ പഞ്ചി വച്ചു കൊണ്ടു നടന്നു, കൂടിയ ലഹരി ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്. സ്ത്രീകളുമായി മറ്റു രീതിയിലുള്ള ബന്ധമുണ്ട്, നമ്പർ 18 ഹോട്ടലിൽ വച്ച് എന്തോ കാഴ്ച കണ്ടു, താൻ ലഹരി ഉപയോഗിക്കുന്നത് നേരിട്ടു കണ്ടു എന്നെല്ലാമുള്ള ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നത്.

കടുത്ത മാനസിക സമ്മർദ്ദമാണ് താൻ അനുഭവിക്കുന്നത്. ആത്മഹത്യ ചെയ്യണമെന്നു പോലും ആലോചിച്ചു. അനിയന്റെ മുഖമാണ് ഓർമ വരുന്നത്. അവന്റെ മുന്നിലെങ്കിലും സത്യം തെളിയിക്കണം. രണ്ടു പേരാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. മറ്റു പെൺകുട്ടികളുടെ മൊഴിയെടുക്കണം. വർഷങ്ങളായി കൂടെ ജോലി ചെയ്തവരോടു ചോദിക്കണം. ഓഫിസിൽ ജോലി ചെയ്ത എല്ലാവരുടെയും വിവരങ്ങൾ എടുത്തു പരിശോധിക്കണം. സ്ത്രീ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കാൻ ലൈവ് പോളിഗ്രാഫ് ടെസ്റ്റെടുക്കണം. ഈ പറഞ്ഞ തെറ്റുകൾ താൻ ചെയ്തിട്ടുണ്ടെങ്കിൽ കല്ലെറിഞ്ഞു കൊല്ലണം.

തനിക്കെതിരായി കളിച്ചു കൊണ്ടിരിക്കുന്നവരുടെ വിവരങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്. തനിക്കെതിരെ മീറ്റിങ്ങും ഗൂഢാലോചനകളും ഇപ്പോഴും നടത്തുന്നുണ്ട്. ഇനി താൻ മരിച്ചു പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്. ഇനി ഒരു പെൺകുട്ടിയുടെ ജീവിതവും തുലയ്ക്കാൻ പാടില്ല. ഇപ്പോഴും പിടിച്ചു നിൽക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ്. ആരെങ്കിലും കൊന്നാലും ഈ ആറു വ്യക്തികൾക്കെതിരെ അന്വേഷണം വരണം.

നമ്പർ 18 ഹോട്ടൽ വിഷയവുമായി ബന്ധപ്പെട്ട് തന്നെ കൂട്ടിക്കുഴയ്ക്കുന്നത് എന്തിനാണെന്ന് അറിയില്ല. റോയിയെ പെടുത്താനാണ് പലരും ശ്രമിക്കുന്നത്. അവരോട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്തിനാണ് അതിലേയ്ക്കു വലിച്ചിഴയ്ക്കുന്നത്. ചെയ്തതാണേൽ ചെയ്തു എന്നു പറയാൻ ധൈര്യമുണ്ട്. ഇല്ലാത്ത കാര്യം ചെയ്തു എന്നു പറയുമ്പോൾ ആരോപണം ഉന്നയിച്ചവർ പറഞ്ഞത് സത്യമല്ല എന്നു തെളിഞ്ഞാൽ ജീവനോടെ ഇല്ലെങ്കിലും എന്തായിരുന്നു അളരുടെ അജണ്ട എന്നതു പുറത്തു കൊണ്ടുവന്നു ശിക്ഷ സമൂഹവും കോടതിയും നേടി കൊടുക്കണം' അവർ വിഡിയോയിൽ പറയുന്നു.