- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ജലിയെ കുടുക്കി തരാമെന്ന് ഉറപ്പ്; മൊഴി മാറ്റി പറഞ്ഞാൽ സമ്മാനം 50 ലക്ഷം രൂപ; വിചാരണ സമയത്ത് താൽപര്യം ഇല്ലാത്തത് പോലെ അയഞ്ഞാൽ മതി; പോക്‌സോ കേസിൽ റോയ് വയലാട്ടിന് എതിരെ വെളിപ്പെടുത്തലുമായി പരാതിക്കാരി
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടലിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ടിലിനെ ആശുപത്രിയിൽ റിമാൻഡ് ചെയ്തു. രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ രക്തസമ്മർദ്ദം ഉയരുകയായിരുന്നു. അതിനിടെ,പോക്‌സോ കേസിൽ മൊഴി മാറ്റിപ്പറയാൻ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാട്ട്് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പരാതിക്കാരി വെളിപ്പെടുത്തി. മനോരമ ഓൺലൈനിനോട് ആണ് അവർ ഇക്കാര്യം പറഞ്ഞത്.
അഞ്ജലിയെ കുടുക്കിത്തരാമെന്ന ഉറപ്പു നൽകിയെന്നും റോയിയുടെ പ്രതിനിധി എന്നു പറഞ്ഞ് എത്തിയ അഭിഭാഷകൻ പറഞ്ഞതായി ഇവർ പറയുന്നു. കേസിലെ മൂന്നാം പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമദേവ് തനിക്കു നൽകാനുള്ള പണം റോയ് തിരികെ നൽകുമെന്നാണ് അറിയിച്ചത്. ലഭിക്കാനുള്ള 15 ലക്ഷം രൂപ എന്നു പറഞ്ഞത് 50 ലക്ഷം എന്നു കേട്ടപ്പോൾ, ഇത്ര വലിയ തുക റോയ് തരുമെന്ന് അറിയിക്കുകയായിരുന്നത്രെ.
പരാതി നൽകിയ ശേഷം കോഴിക്കോട് എത്തിയപ്പോഴായിരുന്നു, കോഴിക്കോട് സ്വദേശിയായ ഒരു സാമൂഹിക പ്രവർത്തകനൊപ്പം എത്തി പണം വാഗ്ദാനം ചെയ്തതെന്ന് ഇവർ പറയുന്നു. 'നിനക്ക് എത്രയാണോ തരാനുള്ളത് അത് തരാൻ റോയ് തയാറാണ്. ഇപ്പോൾ നിനക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, അറസ്റ്റിലായാൽ ഒരു 35 ദിവസം അകത്തു കിടക്കും. അതു കഴിഞ്ഞു പുറത്തിറങ്ങും. അതു കഴിയുമ്പോൾ വിചാരണ സമയത്ത് നിങ്ങൾക്കു താൽപര്യമില്ലാത്തതു പോലെ ഒന്ന് അയഞ്ഞാൽ മതി.
കൂറു മാറുക എന്നു പറയുന്ന കുറെ സംഭവങ്ങളുണ്ട്, അതാക്കിയാൽ റോയ് രക്ഷപ്പെടും. അല്ലെങ്കിൽ റോയിക്ക് 20 വർഷം കിട്ടും. അഞ്ജലിയെ വേണമെങ്കിൽ നമുക്കു കുരുക്കാം, അഞ്ജലിക്കെതിരെ കുറെ സംഭവങ്ങൾ എന്റെ കയ്യിലുണ്ട്. അവർക്കെതിരെ സമീപിച്ചവരുടെ ലിസ്റ്റുണ്ട്. അവരെ കുടുക്കിത്തരാം, അഞ്ജലിയല്ലേ നിങ്ങളുടെ ടാർജറ്റ് എന്ന് ചോദിച്ചു. എന്റെ ഓഫിസിലെത്തിയാണ് സംസാരിച്ചത്.
അഞ്ജലി എനിക്കു 15 തരാനുണ്ട് എന്നു പറഞ്ഞത് അവർ കേട്ടത് 50 എന്നാണ് തോന്നിയത്. റോയ് എന്തിനാണ് തരുന്നതെന്ന് അപ്പോൾതന്നെ ചോദിക്കുകയും ചെയ്തു. അവരൊക്കെ ഒറ്റക്കെട്ടാണെന്നായിരുന്നു അയാളുടെ മറുപടി. ഇക്കാര്യം പൊലീസിനോടു പറഞ്ഞിട്ടുണ്ട്'- പരാതിക്കാരി പറഞ്ഞു.
അതേസമയം, കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചനും പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. കൊച്ചി മെട്രോ സ്റ്റേഷനിലാണ് സൈജു കീഴടങ്ങിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇരുവരുടേയും ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതോടെയാണ് കീഴടങ്ങൽ. ഇരുവർക്കുമെതിരെ ശക്തമായ തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്.
കോഴിക്കോട് സ്വദേശിനിയായ അമ്മയുടേയും പ്രായപൂർത്തിയാകാത്ത മകളുടേയും പരാതിയിലാണ് കൊച്ചി പൊലീസ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. 2021 ഒക്ടോബറിൽ നമ്പർ 18 ഹോട്ടലിൽവെച്ച് അതിക്രമം ഉണ്ടായതായാണ് പരാതി. രാത്രി പത്ത് മണിക്ക് പാർട്ടി ഹാളിൽ വെച്ച് റോയ് വലയാട്ട് തന്നേയും മകളേയും കടന്നു പിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ സൈജു തങ്കച്ചനും സുഹൃത്ത് അഞ്ജലിയും മൊബൈലിൽ പകർത്തി എന്നുമാണ് കേസ്.
ജനുവരി 31നാണ് പ്രതികൾക്കെതിര ഇവർ ഫോർട്ട് കൊച്ചി പൊലീസിൽ പരാതി നൽകുന്നത്. വിവരം പുറത്തുപറഞ്ഞാൽ ചിത്രം പുറത്തുവിടുമെന്ന് പറഞ്ഞ് മൂന്ന് പേരും ഇവരെ ഭീഷണിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ മോഡലുകളുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്‌പി ബിജി ജോർജ്ജിനാണ് കേസിന്റെ ചുമതല.
മറുനാടന് മലയാളി ബ്യൂറോ