ന്യൂഡൽഹി: ഡങ്കിപ്പനിക്ക് ചികിത്സയിലിരിക്കേ മരണമടഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർക്ക് നൽകിയത് 16 ലക്ഷത്തിന്റെ ബിൽ. ഫോർട്ടീസ് ആശുപത്രി അധികൃതർ സംഭവത്തിൽ പ്രതിഷേധം ഒതുക്കാൻ വൻതുക വാഗ്ദാനം ചെയ്തുവെന്ന് പെൺകുട്ടിയുടെ പിതാവ് വെളിപ്പെടുത്തിയിരുന്നു. അതിനിടെ ഇതിൽ മരുന്നുകകൾക്ക് ആശുപത്രി 1733 ശതമാനം ലാഭം ഈടാക്കിയെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി കണ്ടെത്തി. 15 ദിവസമാണ് ചികിൽസിച്ചത്.

ചികിത്സയിലിരിക്കേ മരിച്ചത് ആദ്യ (ഏഴ്) എന്ന കുട്ടിയാണ്. ഹരിയാന ആരോഗ്യമന്ത്രി അനിൽ വിജ് സംഭവം വിവാദമായതോടെ ഗുരുഗ്രാമിലെ ഫോർട്ടീസ് ആശുപത്രിയുടെ പാട്ടക്കരാർ റദ്ദാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ആദ്യയുടെ പിതാവ് ജയന്ത് സിങ് ആശുപത്രിക്കെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയത്. ചികിത്സയ്ക്ക് മുടക്കിയ 10,37,889 രൂപയും മടക്കിനൽകികൊണ്ട് ചെക്ക് നൽകാമെന്നും അധികമായി 25 ലക്ഷം രൂപയും നൽകാമെന്ന് ഫോർട്ടീസിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ സമീപിച്ച് പറഞ്ഞിരുന്നുവെന്ന് സിങ് പറയുന്നു.

പകരം ആശുപത്രിക്കെതിരായ പ്രതിഷേധത്തിൽ നിന്നു പിന്മാറുമെന്നും യാതൊരുവിധ നിയമടപടിയുമായി പോകില്ലെന്നുമുള്ള കരാറിൽ ഒപ്പുവയ്ക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഈ വിഷയത്തിലാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അഥോറിറ്റി അന്വേഷണം നടത്തിയത്.