മുംബൈ: ലോകത്തെ ഏറ്റവും വലിയ 500 കമ്പനികളിൽ 40 ശതമാനത്തോളം ഏഷ്യയിൽനിന്ന്. ആഗോള സമ്പദ്‌വ്യവസ്ഥയിൽ യൂറോപ്പിന്റെ അധീശത്വത്തെ ചോദ്യം ചെയ്യുന്നതാണ് ഫോർച്യൂൺ ഗ്ലോബൽ 500 പട്ടിക. ആദ്യത്തെ 500 കമ്പനികൡ 197 എണ്ണം ഏ്ഷ്യയിൽനിന്നുള്ളതാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇന്ത്യക്ക് അഭിമാനിക്കത്തതായി ഒന്നുമില്ല. വെറും ഏഴ് ഇന്ത്യൻ സ്ഥാപനങ്ങളാണ് ആദ്യത്തെ 500-ലുള്ളത്.

പട്ടികയിൽ ഏഷ്യൻ സ്ഥാപനങ്ങൾക്കാണ് മുൻതൂക്കം. 145 സ്ഥാപനങ്ങളുമായി വടക്കനമേരിക്ക രണ്ടാം സ്ഥാനത്തും 143 സ്ഥാപനങ്ങളുമായി യൂറോപ്പ് മൂന്നാം സ്ഥാനതത്തുമാണ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് പട്ടികയിലുള്ളത് വെറും 15 സ്ഥാപനങ്ങൾ മാത്രം.

വലിയ സ്ഥാപനങ്ങൾ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിൽനിന്നുതന്നെയാണ്. ആദ്യത്തെ 500 സ്ഥാപനങ്ങളിൽ 132 അമേരിക്കൻ കമ്പനികളുണ്ട്. അമേരിക്കയ്ക്ക് ഭീഷണിയായി ചൈന തൊട്ടുപിന്നിലുണ്ട്. 109 ചൈനീസ് സ്ഥാപനങ്ങൾ പട്ടികയിൽ ഇടം പിടിച്ചു.

ആദ്യ 200-ൽ ഒരൊറ്റ ഇന്ത്യൻ സ്ഥാപനം മാത്രമേയുള്ളൂ. 168-ാം സ്ഥാനത്തുള്ള ഇന്ത്യൻ ഓയിൽ ലിമിറ്റഡാണത്. റിലയൻസ് ഇൻഡസ്ട്രീസ് (203-ാം റാങ്ക്), സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (217), ടാറ്റ മോട്ടോഴ്‌സ് (247), രാജേഷ് എക്‌സ്പോർട്സ് (295), ഭാരത് പെട്രോളിയം (360), ഹിന്ദുസ്ഥാൻ പെട്രോളിയം (384) എന്നിവയാണവ.

വാൾമാർട്ടാണ് ലോകത്തെ ഏറ്റവും മികച്ച സ്ഥാപനമെന്ന് ഫോർച്യൂൺ പട്ടിക പറയുന്നു. അടുത്ത മൂന്നുസ്ഥാനങ്ങളിലും ചൈനീസ് സ്ഥാപനങ്ങളാണ്. സ്റ്റേറ്റ് ഗ്രിഡ്, സിനോപെക്, ചൈന പെട്രോളിയം എന്നിവയാണവ. ടൊയോട്ട, ഫോക്‌സ്‌വാഗൺ, റോയർ ഡച്ച് ഷെൽ, ബെർക്ക്ഷയർ ഹാ്ത്ത്‌വേ, ആപ്പിൾ, ഏക്‌സൺ മൊബൈൽ എന്നിവയാണ് ആദ്യപത്തിലെ മറ്റു സ്ഥാപനങ്ങൾ.

പട്ടികയിലെ 500 സ്ഥാപനങ്ങളും ചേർന്ന് 2016-ൽ 27.7 ട്രില്യൺ ഡോളർ വരുമാനമാണ് ഉണ്ടാക്കിയത്. 1.5 ട്രില്യൺ ഡോളറാണ് ലാഭം. 6.7 കോടി ആളുകൾ ഇത്രയും സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്നു. ലോകത്തെ 34 രാജ്യങ്ങളിൽനിന്നുള്ള കമ്പനികളാണ് പട്ടികയിലുള്ളത്. ഇതിൽ 29 എണ്ണം വീതം ഫ്രാൻസിൽനിന്നും ജർമനിയിൽനിന്നുമാണ്.