കൊച്ചി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് കെപിസിസി പ്രഖ്യാപിച്ച ആയിരം വീട് പദ്ധതിയിലെ കള്ളക്കളി പുറത്തായി. നവംബർ 19 ന് പദ്ധതിയിലെ ആദ്യവീടിന്റെ താക്കോൽദാനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഘോഷപൂർവം നിർവ്വഹിച്ചു. പിന്നീടാണ് സംഗതി വെളിച്ചത്തുവരുന്നത്. ഓഖി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് നിർമ്മിച്ച് കൊടുത്ത വീടാണ് ആയിരം വീട് പദ്ധതിയിലെ ആദ്യത്തെ വീട് എന്ന് പറഞ്ഞ് താക്കോൽ കൈമാറിയത്. എറണാകുളം കണ്ണമാലി സ്വദേശി പീറ്റർ വാഴക്കൂട്ടത്തിലിനും കുടുംബത്തിനുമാണ് വീട് കൈമാറിയത്.

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നിർമ്മിച്ചു നൽകുമെന്ന പ്രഖ്യാപനത്തിലെ കള്ളക്കളിയാണ് കണ്ണമാലിയിൽ കണ്ടതെന്നാണ് ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ തന്നെ പറയുന്നത്. ഓഖി ദുരന്ത മേഖലയിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയണും ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ്സുമായി ചേർന്ന് നിർമ്മിച്ച് നൽകിയ വീടാണ് പ്രതിപക്ഷ നേതാവും കോൺഗ്രസ്സ് നേതാക്കളുമെല്ലാം കൊട്ടിഘോഷിച്ച് താക്കോൽദാന ചടങ്ങ് നടത്തി ഉദ്ഘാടനം ചെയ്തത്. ഇതിന്റെ ചിത്രങ്ങളും വിശദാംശങ്ങളും അടക്കം ഓൾ ഇന്ത്യാ പ്രൊഫഷണൽ കോൺഗ്രസ്സ് കൊച്ചിയുടെ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീടാണ് കെപിസിസിയുടെ ആയിരം വീട് എന്ന പദ്ധതിയുടെ പേരിൽ താക്കോൽ നൽകി നാട്ടുകാരെ പറ്റിച്ചത്. ഇത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്.

കെപിസിസി പറയുന്നത് ഓൾ ഇന്ത്യ പ്രഫഷണൽസ് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയും വേൾഡ് മലയാളി കൗൺസിലും തിരുകൊച്ചി പ്രോവിൻസും സംയുക്തമായി നിർമ്മിച്ച വീടാണ് നവംബർ പത്തൊമ്പതിന് ആയിരം വീട് പദ്ധതിയിലെ ആദ്യ വീടായി കൈമാറിയതെന്നാണ്. എന്നാൽ പ്രതിപക്ഷ നേതാവ് താക്കോൽ കൈമാറിയ വീട് പ്രളയാനന്തരം നിർമ്മിച്ചതല്ലെന്നും ഓഖി ബാധിതമേഖലയായിരുന്ന കണ്ണമാലിയിൽ ആ സമയത്ത് ഭാഗികമായി തകർന്ന വീട് എംപിയുടെ നേതൃത്വത്തിൽ നവീകരിച്ച് എടുത്തതാണെന്നുമാണ്.

ചെല്ലാനം, കണ്ണമാലി, തോപ്പുംപടി, ഫോർട്ട് കൊച്ചി എന്നീ കടലോര പ്രദേശങ്ങളെ പ്രളയം ബാധിച്ചിരുന്നില്ലെന്നും, പ്രളയബാധിതമല്ലാത്തൊരു പ്രദേശത്ത് തന്നെ എന്തിനാണ് കെപിസിസി ആയിരം വീട് പദ്ധതിയിലെ ആദ്യവീട് നിർമ്മിച്ച് കൈമാറിയതെന്നും എറണാകുളം ജില്ലയിൽ നിന്നുതന്നെയുള്ള ഈ നേതാക്കൾ ചോദിക്കുന്നു. മാത്രമല്ല, ഇപ്പോൾ കൈമാറിയിരിക്കുന്ന വീട് തീർത്തും പുതിയതായി നിർമ്മിച്ച് നൽകിയതല്ലെന്നും ഇവർ പറയുന്നു. ഓഖി സമയത്ത് ചെറിയ അപകടം പറ്റിയ വീടാണിത്. ഈ വീടിന്റെ തറയൊന്നും പൊളിക്കാതെ തന്നെ, റെഡ് ഓക്‌സൈഡ് പൂശിയ പഴയ തിണ്ണയും അതുപോലെ നിലനിർത്തി, മൂന്നോ നാലോ ഭിത്തികളും പൊളിക്കാതെ ആ ഭിത്തികളുടെ വശങ്ങളിൽ ഹോളോ ബ്രിക്‌സ് കെട്ടിപ്പൊക്കി ആസ്ബറ്റോസ് ഷീറ്റും ഇട്ടാണ് ഇപ്പോൾ പുതിയ വീടെന്ന് പറഞ്ഞ് കൈമാറിയിരിക്കുന്നത്. കോൺക്രീറ്റ് ചെയ്യാത്ത മേൽക്കൂരയാണ്. പകരം ആസ്ബറ്റോസ് ഷീറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.

കെപിസിസിയുടെ ആയിരം വീട് പദ്ധതി പ്രഖ്യാപിക്കുന്നത് ഓഗസ്റ്റ് 21 നാണ്. എന്നാൽ അതിനും ആഴ്ചകൾക്ക് മുൻപ് നിർമ്മാണം തുടങ്ങിയതായിരുന്നു ഈ വീട്. പഴയവീടിന്റെ ഭിത്തികൾ മാത്രമാണ് പൊളിച്ചു കളഞ്ഞിട്ടുള്ളത്. തറ പഴയത് തന്നെ. ന്യൂറോ പാനൽസ് പ്രകാരമുള്ള വീട് നിർമ്മാണമെങ്കിൽ ഇരുപതോ ഇരുപത്തിയഞ്ചോ ദിവസങ്ങൾകൊണ്ട് നിർമ്മാണം പൂർത്തിയാക്കാം. അത്തരം ഫാബ്രിക്കേറ്റഡ് വീടുകൾക്ക് അധികം ബേസ്‌മെന്റ് ഒന്നും കൊടുക്കാറില്ല. തറയ്ക്ക് അധികം ശേഷി കൊടുക്കാതെ നിർമ്മിക്കുന്ന ഈ വീടുകളുടെ മേൽക്കൂര സാധാരണ കോൺക്രീറ്റ് ഉപയോഗിക്കാത്തവയുമായിരിക്കും. അതേസമയം ക്വാളിറ്റിയുള്ള,കോൺക്രീറ്റ് ചെയ്ത ട്രഡീഷണൽ വീടുകളാണ് 69 ദിവസത്തോളമെടുത്ത് പൂർത്തിയാക്കിയിരിക്കുന്നത്. കെപിസിസി പദ്ധതിയൊക്കെ പ്രഖ്യാപിച്ച ശേഷം എങ്ങനെ തുടങ്ങിയാലും ഈ സമയം കൊണ്ട് ഇതുപോലൊരു വീട് പൂർത്തിയാക്കാൻ കഴിയില്ല. ഒരു വീടിന് അഞ്ചു ലക്ഷം രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ ആയിരം വീടുകൾക്ക് 50 കോടിയാണ് വകയിരുത്തേണ്ടത്. എന്നാൽ കണ്ണമാലിയിൽ നിർമ്മിച്ച് നൽകി എന്ന് അവകാശപ്പെടുന്ന വീടിന് അത്രയും രൂപ ആയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം. ഒരു തട്ടിക്കൂട്ട് വീട്. ഇനി കനത്ത മഴപെയ്താൽ തകർന്നു വീഴുമോ എന്ന ആശങ്ക ചില കോൺഗ്രസ്സ് നേതാക്കൾ തന്നെ പങ്കു വയ്ക്കുന്നുമുണ്ട്.

കഴിഞ്ഞ ദിവസം എറണാകുളത്ത് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലും പ്രശ്‌നങ്ങൾ ഉണ്ടായെന്നാണ് ഇവർ നൽകുന്ന വിവരം. ഹൈബി ഈഡൻ, അൻവർ സാദത്ത്, റോജി ജോൺ എന്നീ യുവ എംഎൽഎമാരെ യോഗത്തിന് വിളിച്ചിരുന്നു. ഈ യുവ എംഎൽഎമാർ തങ്ങളുടെ നിലയ്ക്ക് അതാത് മണ്ഡലത്തിൽപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നുണ്ട്. ഹൈബി ഈഡൻ അമ്പത് വീടുകൾ നിർമ്മിച്ചു കൊടുക്കുന്നതിനുള്ള പ്രവർത്തനത്തിലാണ്. എന്നാൽ എംഎൽഎമാർ സ്വന്തം നിലയ്ക്ക് നിർമ്മിച്ചു നൽകുന്ന വീടുകൾ കെപിസിസിയുടെ അക്കൗണ്ടിൽ ചേർക്കാനാണ് ശ്രമം നടക്കുന്നത്. അതിനെതിരേ പ്രതിഷേധം ഉണ്ടെന്നാണ് പാർട്ടിക്കുള്ളിൽ നിന്നു തന്നെ കിട്ടുന്ന വിവരം. ചുരുക്കത്തിൽ ആയിരം വീട് പദ്ധതിയിൽ കൈപൊള്ളി നിൽക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വമെന്നും ആദ്യ വീട് കൈമാറ്റ ചടങ്ങ് തന്നെ പാളിയതിൽ നിന്നും മനസിലാകുന്നത് അതാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ഉണ്ണീരിക്കുട്ടിക്കാണ് കെപിസിസിയുടെ ആയിരം ഭവനം പദ്ധതിയിൽ ആദ്യത്തെ വീട് എന്നായിരുന്നു പ്രഖ്യാപനം. പ്രളയ ദുരന്തത്തിൽ കോഴിക്കോട് പൂനൂർ പുഴ കര കവിഞ്ഞൊഴുകിയപ്പോൾ തകർന്ന വീഴാറായ വീടാണ് ഈ പദ്ധതിയിൽ നിർമ്മിച്ച് നൽകുമെന്ന് പറഞ്ഞിരുന്നത്. എന്നാൽ ഇതിന്റെ നിർമ്മാണം പാതി വഴിപോലും എത്തിയിട്ടില്ല. ഇത് വെറും പാഴ് വാക്കായിപോയി എന്നാണ് കോൺഗ്രസ്സ് അംഗങ്ങൾ തന്നെ പറയുന്നത്.

പ്രളയാനന്തര കേരളത്തിൽ ആയിരം വീടുകൾ കെപിസിസി നിർമ്മിച്ചു നൽകുമെന്ന പ്രഖ്യാപനം സാഹസികമായ ഒന്നായിരുന്നുവെന്നാണ് ഈ നേതാക്കൾ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്. ആയിരം വീടുകൾ ഉണ്ടാക്കി നൽകുക എന്നത് എളുപ്പമായൊരു കാര്യമല്ല. കുറച്ച് നേതാക്കൾ അഞ്ചുലക്ഷം രൂപ വീതം നൽകിയിട്ടുണ്ട്. ആകെക്കൂടി കെപിസിസിയുടെ കൈയിൽ ഈ വകയിൽ കിട്ടിയിരിക്കുന്നത് ഒരു കോടി രൂപയാണ്. ഈ തുക വച്ച് ആയിരം വീടുകൾ നിർമ്മിക്കുക അസാധ്യമാണ്. ഒരു വീടിന് അഞ്ചുലക്ഷം എന്നാണ് അവർ കണക്കാക്കിയിരിക്കുന്നത്. 430 സ്‌ക്വയർ ഫീറ്റിലെങ്കിലും ഒരു നല്ല വീട് നിർമ്മിക്കണമെങ്കിൽ കുറഞ്ഞത് ആറുലക്ഷം എങ്കിലും വേണം.