മലപ്പുറം: അരീക്കോട് എംഎസ്‌പി ക്യാമ്പിൽ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ കണ്ടെത്തി. സ്‌പെഷ്യൽ ഓപ്പറേറ്റിങ് ഗ്രൂപ്പിലെ പൊലീസുകാരനായ വടകര സ്വദേശി പി.കെ. മുബഷീറിനെ(29)യാണ് ഞായറാഴ്ച കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഭാര്യയോടൊപ്പം അരീക്കോട് പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

കോഴിക്കോട് വടകര സ്വദേശി ഹവിൽദാർ പി.കെ. മുബഷിറിനെയാണ് (30) വെള്ളിയാഴ്ച രാവിലെ ആറുമുതൽ കാണാതായത്. പാലക്കാട് എം.എസ്‌പി ബറ്റാലിയൻ അംഗമായ ഇദ്ദേഹം നാലര വർഷമായി ഡെപ്യൂട്ടേഷന്റെ ഭാഗമായി അരീക്കോട് എസ്.ഒ.ജി ക്യാമ്പിൽ ജോലി ചെയ്തുവരുകയാണ്.

ക്യാമ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ കടുത്ത പീഡനമാണ് ഭർത്താവിനെ കാണാതാകാൻ ഇടയാക്കിയതെന്നും ഭർത്താവിനെ പല രീതിയിൽ പീഡിപ്പിച്ചിരുന്നുവെന്നും മുബഷിന്റെ ഭാര്യ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ഷാഹിന വടകര റൂറൽ എസ്‌പിക്ക് പരാതി നൽകിയിരുന്നു.

ക്യാമ്പിൽ തനിക്ക് നേരിടേണ്ട വന്ന പീഡനം ഉയർന്ന ഉദ്യോഗസ്ഥന്റെ പേരുൾപ്പെടെ വെച്ച് മുബഷിർ എഴുതിയ കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ക്യാമ്പിലെ രാത്രികാല കട്ടൻചായ വിതരണവുമായി ബന്ധപ്പെട്ട വിഷയമാണ് മുതിർന്ന ഉദ്യോഗസ്ഥന് തന്നോട് വിരോധത്തിന് കാരണമെന്ന് മുബഷിർ കത്തിൽ പറയുന്നു.

ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്നും വിദേശത്ത് നിന്ന് അവധിക്ക് വന്ന ഭാര്യയെ കാണാൻ അവധി ലഭിച്ചില്ല എന്നും മുബാഷിർ കുറിപ്പിൽ പറയുന്നു.

നാലര വർഷമായി സ്‌പെഷൽ ഓപറേഷൻ ഗ്രൂപ്പിൽ ജോലി ചെയ്തുവരുന്ന താൻ ഇവിടെ തുടരാൻ അപേക്ഷ നൽകുകയും പരീക്ഷ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എങ്കിലും ക്യാമ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ ഇടപെടൽമൂലം തിരിച്ച് പാലക്കാട് എം.എസ്‌പി ക്യാമ്പിലേക്ക് മടങ്ങേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

തന്റെ കൂടെ പരീക്ഷ എഴുതിയ മറ്റ് എല്ലാവർക്കും ഇവിടെ തുടരാൻ അനുമതി ലഭിച്ചു. തനിക്കുമാത്രം അനുമതി ലഭിച്ചില്ല. അതിനുകാരണം ഉദ്യോഗസ്ഥന്റെ പകയാണെന്നും കത്തിൽ പറയുന്നു.

ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. അവിടെയായിരുന്നു പ്രതീക്ഷ. എന്നാൽ, അവിടെനിന്ന് മറുപടി ഒന്നും ലഭിച്ചില്ല. ഇതോടെ ഇനി ഈ ക്യാമ്പിൽ നിന്നാൽ ഞാൻ ഞാനല്ലാതായി മാറുമെന്നും കത്തിൽ പറഞ്ഞിരുന്നു.

ജോലി സമ്മർദം കാരണമാണ് മുബഷീർ ക്യാമ്പിൽനിന്ന് പോയതെന്നാണ് പൊലീസ് നൽകുന്ന വിവരം. അരീക്കോട് സ്റ്റേഷനിൽ എത്തിയപ്പോഴും ഇനി ജോലിയിൽ തുടരാനാകില്ലെന്ന് മുബഷീർ പറഞ്ഞതായി പൊലീസുകാർ പറഞ്ഞു.