കണ്ണൂർ: വളപട്ടണം കീരിയാട്ട് ഒഡീഷ സ്വദേശിയായ പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയ കേസിൽ നാലുപേരെ ഒഡീഷയിൽ നിന്നും പിടികൂടി വളപട്ടണത്തേക്ക് കൊണ്ടു വന്നു. ഒഡീഷ സ്വദേശികളായ ഗണേശ് നായക് (18), റിൻന്തു -21, പ്രായപൂർത്തിയാവാത്ത രണ്ടു പേർ എന്നിവരെയാണ് വളപട്ടണം എസ്.എച്ച്.ഒ. എം. കൃഷ്ണനും എസ്. ഐ. ലത്തീഷും അറസ്റ്റ് ചെയ്തത്.. കീരിയാട്ടെ പ്ലൈവുഡ് ഫാക്ടറിയിൽ സൂപ്രവൈസറായിരുന്നു ഒഡീഷക്കാരനായ പ്രഭാകർ ദാസ്.

ഈ മാസം 12 ന് വാടക ക്വാട്ടേഴ്‌സിൽ ഭാര്യയുടെ കണ്മുമ്പിൽ വച്ചാണ് അർദ്ധ രാത്രിയോടെ പ്രഭാകർ ദാസിനെ കൊലപ്പെടുത്തിയത്. മുഖംമൂടി ധരിച്ച അഞ്ചുപേരാണ് ഭർത്താവിനെ കൊന്നതെന്ന് ഭാര്യ ലക്ഷ്മിപ്രിയ പൊലീസിന് മൊഴി നൽകിയിരുന്നു. ലക്ഷ്മി പ്രിയക്കും അക്രമത്തിൽ പരിക്കേറ്റിരുന്നു. കൊലപാതകം നടത്തിയ ശേഷം സംഘം ട്രെയിൻ മാർഗം നാട്ടിലേക്ക് തിരിക്കുകയായിരുന്നു. ഇവരിൽ നിന്ന് കൊല്ലപ്പെട്ട പ്രഭാകർ ദാസിന്റെ പണവും ലക്ഷ്മിപ്രിയയുടെയും മക്കളുടെയും സ്വർണാഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഒരു പ്രതിയെ കൂടി കിട്ടാനുണ്ട്. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. പ്രതികളിൽ അഞ്ചുപേരും ആന്ധ്രയിലെ പ്ലൈവ്ഡുസ് കമ്പനിയിൽ ജോലി ചെയ്തുവരികയാണ്.

സംഭവ ദിവസം തലേന്ന് രാവിലെ ആന്ധ്രയിൽ നിന്ന് ചെന്നൈയിലെത്തുകയും അവിടെ നിന്ന് ട്രെയിൻ മാർഗം കണ്ണൂർ റെയിൽവെ സ്റ്റേഷനിലേക്ക് വരികയായിരുന്നു. നഗരത്തിലെ കടയിൽ നിന്ന് കത്തിയും കയറും വാങ്ങിയാണ് ഇവർ വൈകിട്ട് ബസ് മാർഗം പുതിയ തെരുവിലെത്തിയത്. അവിടെ ബാറിൽ കയറി അഞ്ചംഗ സംഘം മദ്യപിക്കുകയും തൊട്ടടുത്ത ഹോട്ടിൽ പോയി ഭക്ഷണം കഴിച്ചശേഷം നടന്ന് പുഴാതി പയറ്റാകാവിന് സമീപത്തെത്തി. കാറ്റും മഴയും വന്നപ്പോൾ സംഘം ഓടി പ്രഭാകർ ദാസിന്റെ വീടിന്റെ വരാന്തയിൽ നിന്നു. ആ സമയം കറന്റ് പോവുകയും ചെയ്തിരുന്നു.

കുറച്ചുകഴിഞ്ഞപ്പോൾ പ്രഭാകർ ദാസിന്റെ വീടിന്റെ വാതിൽ മുട്ടിവിളിച്ചു. ഈ സമയം പ്രഭാകർ ദാസിന്റെ ഭാര്യ ലക്ഷ്മിപ്രിയ വാതിൽ തുറന്നു. സംഘം അതിക്രമിച്ച് അകത്ത് കടന്ന് ഭീഷണിപ്പെടുത്തി ലക്ഷ്മിയുടെ സ്വർണാഭരണങ്ങൾ അഴിച്ചുവാങ്ങി. ഉറങ്ങികിടക്കുന്ന പിഞ്ചുകുട്ടികളുടെയും സ്വർണാഭരണങ്ങൾ അഴിച്ചെടുത്തു. ബഹളം കേട്ട് ഞെട്ടിയുണർന്ന പ്രഭാകർദാസ് കിടപ്പറയിൽ നിന്ന് പുറത്തുവന്നപ്പോൾ അഞ്ചംഗ സംഘം ഇയാളെ കസേരയിൽ കെട്ടിയിട്ടു. ഇതിനിടയിൽ അലമാരയിൽ സൂക്ഷിച്ച 60,000ത്തോളം രൂപയും സംഘം കൈക്കലാക്കി.

പിടിവലിക്കിടയിൽ മുഖ്യപ്രതിയായ ഗണേശ് നായക് പ്രഭാകർദാസിന്റെ വയറ്റിലും നെഞ്ചിലും മൂന്നുതവണ കത്തി കുത്തിയിറക്കി. കുടൽമാല പുറത്തുചാടി ചോര വാർന്ന് അവശനായ പ്രഭാകർ ദാസ് മരിക്കുകയായിരുന്നു. മോഷണ മുതലുകളുമായി ഇവർ കണ്ണൂർ റെയിൽവെ സ്റ്റേഷനിലെത്തി ആഭരണപ്പെട്ടികളും മറ്റും ഉപേക്ഷിച്ച ശേഷം പുലർച്ചെയുള്ള ട്രെയിൻ കയറി നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

നേരത്തെ ഗണേശ് നായക് പ്രഭാകർദാസിന്റെ കീഴിൽ കീരിയാട്ട് പ്ലൈവുഡ്സിൽ ജോലിചെയ്തിരുന്നു. എട്ടുമാസം മുമ്പ് സഹപ്രവർത്തകന്റെ മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട് ഗണേശ് നായകിനെ സംശയിച്ചിരുന്നു. എട്ടായിരം രൂപ വാങ്ങിയാണ് പ്രഭാകർദാസ് ഈ പ്രശ്നം പരിഹരിച്ചത്. പിന്നീട് ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസിന് കിട്ടിയ സൂചന. പേടിപ്പിച്ച് പണം തട്ടിയെടുക്കാനാണ് ഉദ്ദേശിച്ചതെന്ന് പ്രതികളിൽ ചിലർ പറയുന്നത്. ഇന്ന് വൈകിട്ടോടെ കൊലയാളി സംഘത്തെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പിനായി നാളെയോ മറ്റന്നാളോ പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങും.

ഏവർക്കും സുപരിചിതനായ പ്രഭാകർ ദാസിനെ കുറിച്ച് നാട്ടുകാർക്ക് നല്ലതുമാത്രമേ പറയാനുള്ളൂ. പ്രഭാകറും കുടുംബവും 22 വർഷമായി കീരിയാട്ട് താമസമാക്കിയിട്ട്. പ്ലൈവുഡ് ഫാക്ടറികൾ നിരവധിയുള്ള കീരിയാട്ടും വളപട്ടണത്തും ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കെത്തിക്കുന്ന ഏജന്റാണ് പ്രഭാകർ. ഇവരുടെ ക്വാർട്ടേഴ്സിനടുത്ത് സഹോദരൻ സ്റ്റേഷനറി കട നടത്തുന്നുണ്ട്.