തിരുവനന്തപുരം : പന്തളത്തിന് പിന്നാലെ തലസ്ഥാനത്തും വൻ ലഹരി മരുന്ന് വേട്ട. ആക്കുളത്ത് വാടക വീട്ടിൽ നിന്ന് എംഡിഎംഎ പിടികൂടി. ഗർഭിണിയായ യുവതി ഉൾപ്പെടെ നാലുപേർ പിടിയിലായി. കണ്ണൂർ പുത്തൂർ സ്വദേശി അഷ്‌കർ, ആക്കുളം സ്വദേശി മുഹമ്മദ് ഷാരോൺ, കോഴിക്കോട് കൊടുവള്ളി സ്വദേശി ഫഹദ്, കടയ്ക്കാവൂർ സ്വദേശിനി സീന എന്നിവരെയാണ് ശ്രീകാര്യം പൊലീസ് പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വാടകവീട്ടിൽനിന്ന് നൂറ് ഗ്രാം എം.ഡി.എം.എ.യുമായാണ് നാലുപേരെ പിടികൂടിയത്. ഒന്നാം പ്രതിയായ അഷ്‌കർ ഇന്നലെ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്ക് ലഹരിമരുന്നുമായി വരുന്ന വിവരമറിഞ്ഞ് പൊലീസ് നടത്തിയ തെരച്ചിലിലാണ് നാലംഗ സംഘം പിടിയിലായത്.

ആക്കുളം നിഷിന് സമീപത്തെ വാടകവീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തുകയും എം.ഡി.എം.എ. പിടിച്ചെടുക്കുകയുമായിരുന്നു. വാടക വീട്ടിലുണ്ടായിരുന്ന മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിൽ ആക്കുളത്തെ മറ്റൊരു വീട്ടിൽനിന്നാണ് ഷാരോണിനെ കസ്റ്റഡിയിലെടുത്തത്.

എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ച് വിതരണം നടത്തുന്നയാളാണ് അഷ്‌കർ. മുൻപും ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കേസിലെ ഒന്നാംപ്രതിയായ അഷ്‌കർ ഒരു ഗർഭിണിയുമായി എത്തിയാണ് ആക്കുളത്ത് വാടകയ്ക്ക് വീട് എടുത്തതെന്ന് പൊലീസ് പറഞ്ഞു. നേരത്തെ ഇയാൾ തുമ്പ ഭാഗത്ത് താമസിക്കുമ്പോൾ ലഹരിമരുന്ന് വില്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നെങ്കിലും ലഹരിമരുന്ന് വിൽപ്പനയ്ക്ക് തെളിവുകളൊന്നും കിട്ടിയില്ല. ഇതേത്തുടർന്ന് പൊലീസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അഷ്‌കർ വലിയ പ്രശ്നമുണ്ടാക്കുകയും ചെയ്തിരുന്നു. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

പന്തളത്ത് നിന്നും 154 ഗ്രാം എംഡിഎംഎയുമായി അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അടൂർ പറക്കോട് സ്വദേശി രാഹുൽ ആർ, കൊല്ലം കുന്നിക്കോട് സ്വദേശി ഷാഹിന, പള്ളിക്കൽ സ്വദേശി പി ആര്യൻ, കുടശനാട് സ്വദേശി വിധു കൃഷ്ണൻ, കൊടുമൺ സ്വദേശി സജിൻ സജി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പന്തളം നഗരത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലിന്റെ മുറിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

ജില്ലയിലെ വിവിധ ഇടങ്ങളിലെ ഹോട്ടലുകളിൽ മുറിയെടെത്താണ് പ്രതികൾ നിരോധിത മയക്ക് മരുന്ന് വിൽപ്പന നടത്തിയിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തന്നെ പ്രതികളെ കുറിച്ചുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇവരുടെ മൊബൈൽ ഫോൺ ലൊക്കേഷൻ ട്രെയ്‌സ് ചെയ്താണ് പത്തനംതിട്ട നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്‌പി കെ എ വിദ്യാധരന്റെ നേതൃത്തിലുള്ള സംഘം പന്തളത്തെ ഹോട്ടലിൽ പരിശോധന നടത്തിയത്.