കൊല്ലം: സമ്പത്തു കുമിഞ്ഞുകൂടി ശതകോടീശ്വരന്മാരുടെ നിരയിലെത്താൻ മത്സരിക്കുന്നവരുടെ നാടാണിത്. പണത്തിന്റെ ഹുങ്കിൽ തീന്മുറ്റു കൂടി പാവങ്ങളെ മർദിച്ചു കൊല്ലുന്ന നിസാമുമാരുടെ നാട്്. പാവങ്ങളുടെ പേരിൽ വിദേശത്തുനിന്നു സഹസ്രകോടികൾ വരുത്തി വൻഭൂമിയിടപാടുകളും വമ്പൻവ്യവസായങ്ങളും വിദ്യാഭ്യാസക്കച്ചവടസ്ഥാപനങ്ങളും നടത്തുന്ന വ്യാജബിഷപ്പുമാരുടെയും ആൾദൈവങ്ങളുടെയും നാട്. നാട്ടിൽ പേരെടുക്കാൻ പള്ളിപ്പെരുന്നാളുകളും ആനയെ നടയ്ക്കിരുത്തലുകളും നടത്താൻ മത്സരിക്കുന്ന പ്രവാസി മലയാളികളുടെ നാട്.

അവർക്കു പരിചയമില്ലാത്ത ഒരു കുടുംബം ഇവിടെയുണ്ട്്. സാമൂഹ്യ വിരുദ്ധരെയും വന്യമൃഗങ്ങളെയും ഇഴജന്തുക്കളെയും ഭയന്ന്, പിഞ്ചുകുഞ്ഞുങ്ങൾക്കു ഭക്ഷണം കൊടുക്കാൻ നിവൃത്തിയില്ലാതെ, സുരക്ഷിതമായി ഉറങ്ങാൻ പറ്റാതെ കഴിയുന്ന ഒരു കുടുംബം. പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളുമായി കഴിയുന്ന അജിതയ്ക്ക് ഒരേയൊരാഗ്രഹമേയുള്ളു, തല ചായ്ക്കാനൊരു കൂര. ഇതിനു കയറിയിറങ്ങാത്ത, മുട്ടാത്ത സർക്കാർ വാതിലുകളൊന്നും ഇനിയില്ല.

കൊല്ലം ചിതറ പഞ്ചായത്തിലെ കുറക്കോട് വാർഡിൽ വയൽവരമ്പിൽ ടാർപൊളിൻ കൊണ്ടു മറച്ച കുടിലിൽ നാലു കുഞ്ഞുങ്ങളെ മാറോടണച്ച് അന്തിയുറങ്ങുമ്പോൾ അജിതയ്ക്ക് പേടിയാണ്. മലയോര മേഖലയായതിനാൽ വന്യമൃഗങ്ങളെയും സാമൂഹ്യവിരുദ്ധരെയും ഒരുപോലെ പേടിക്കണം. കുടിൽ വയൽവരമ്പിലായതിനാൽ ഇഴജന്തുക്കളുടെ ശല്യം വളരെ കൂടുതലാണ്.

നാലു കുഞ്ഞുങ്ങളെയും അജിതയെയും ഉപേക്ഷിച്ച് ഭർത്താവ് മറ്റൊരു സ്്ത്രീയോടൊപ്പം പോയതാണ് അജിതയെ ഈ ദുരിതത്തിലാക്കിയത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ കുട്ടികളെ ഒറ്റയ്ക്കാൻ കഴിയാത്തതു കൊണ്ട് കൂലിപ്പണിക്കു പോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഈ സ്ത്രീ. കുട്ടികൾ വിശന്നു കരയുന്നത് കണ്ണീരോടെ നോക്കി നിൽക്കാൻ മാത്രം കഴിയുന്ന അവസ്ഥയിലാണ് ഇവർ. എട്ടു വയസുള്ള ആരോമൽ, നാലു വയസുള്ള അമൃത, മൂന്ന് വയസുള്ള ആതിര, ഒരു വയസുള്ള അരുൺ കൃഷ്ണ എന്നിവർക്ക് ഒരു നേരമെങ്കിലും ആഹാരം വാങ്ങി നൽകാൻ നാട്ടുകാരുടെ മുന്നിൽ കൈനീട്ടുകയേ അജിതയ്ക്ക് നിവൃത്തിയുള്ളൂ. നല്ലവരായ നാട്ടുകാരുടെ കാരുണ്യം കൊണ്ടാണ് കുഞ്ഞുങ്ങളുടെ വിശപ്പകറ്റുന്നത്.

ഭർത്താവ് ഉപേക്ഷിച്ചു പോയ ഈ കുടുംബത്തിന് താങ്ങായിരുന്നത് അജിതയുടെ അച്ഛനായിരുന്നു. ക്വാറിയിൽ ജോലിയുണ്ടായിരുന്ന അജിതയുടെ അച്ഛൻ തെങ്ങു വീണ് മരിച്ചതോടെയാണ് അജിതയും നാലു കുരുന്നുകളും അനാഥരായത്. ക്വാറി ഉടമയുടെ സ്ഥലത്താണ് ഇപ്പോൾ താൽക്കാലിക കുടിൽ കെട്ടി താമസിക്കുന്നത്. കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ഭർത്താവിനെ പോയി കണ്ടെങ്കിലും തന്നെയും കുഞ്ഞുങ്ങളെയും ആട്ടിപ്പായിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അജിത പറയുന്നു. ഭർത്താവിന്റെ ഭീഷണി മൂലം കേസ് കൊടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്.

അജിതയും കുട്ടികളും മുഴുപട്ടിണിയിലാണെന്ന് മനസിലായതോടെ ചിങ്ങേലി ദയ ചാരിറ്റബൾ ട്ര്‌സ്റ്റ് ഒരു മാസത്തേക്കുള്ള സാധനങ്ങൾ വാങ്ങി നൽകിയത് ഇവർക്ക് ആശ്വാസമായി. നാട്ടുകാരുടെ മുന്നിൽ കൈനീട്ടി എത്രനാൾ ജീവിക്കുമെന്ന് അജിതയ്ക്ക് അറിയില്ല. കുട്ടികളെ കുടിലിലാക്കി കൂലിപ്പണിക്ക് പോകാനും അജിതയുടെ മനസ് അനുവദിക്കുന്നില്ല.

വീടും സ്ഥലവും ഇല്ലാത്തവരെ സംരക്ഷിക്കുന്നതിനായുള്ള 'ആശ്രയ പദ്ധതി' യിൽ ഉൾപ്പെടുത്തണമെന്ന് പഞ്ചായത്ത് അധികൃതരോട് ആവർത്തിച്ച് അപേക്ഷിച്ചെങ്കിലും അജിതയുടേയും കുട്ടികളുടേയും ദുരിതം അധികൃതർ കാണാത്ത മട്ടാണ്. ഓരോ തവണ ചെല്ലുമ്പോഴും മുട്ടാപ്പോക്ക് പറഞ്ഞ് ഇവരെ ഒഴിവാക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. തനിക്കും കുട്ടികൾക്കും പേടി കൂടാതെ കണ്ണടയ്ക്കാൻ ഒരു വീട് ഇത് മാത്രമാണ് അജിത ആവശ്യപ്പെടുന്നത്.