പാലക്കാട്: ഏറെ വിവാദം സൃഷ്ടിച്ച ഫാത്തിമ സോഫിയ കൊലപാതക കേസിൽ നിർണ്ണായകമായ മറ്റൊരു വഴിത്തിരിവ് കൂടി. കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോയമ്പത്തൂർ ബിഷപ്പിന് നോട്ടീസ് അയച്ചതിന് പിന്നാലെ കേസ് ്ആത്മഹത്യയാക്കി മാറ്റാൻ ശ്രമം നടത്തിയ സംഭവത്തിൽ നാല് വൈദികർ കൂടി അറസ്റ്റിലായി. പള്ളിക്കെട്ടിടത്തിൽ വച്ചായിരുന്നു കോയമ്പത്തൂർ ശ്രീകൃഷ്ണ കോളജിലെ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ സോഫിയ കൊലചെയ്യപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കേസ് ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തുകയായിരുന്നു.

വാളയാർ ചന്ദ്രാപുരം പള്ളിയിൽൽ വച്ചാണ് കോയമ്പത്തൂർ സ്വദേശിനി ഫാത്തിമ സോഫിയ കൊലചെയ്യപ്പെട്ടത്. വാളയാർ സെന്റ് സ്റ്റാനിസ്‌ലാസ് പള്ളി വികാരി ഫാ. മുതലമുത്തു, വൈദികരായ കുളന്തരാജ്, ലോറൻസ്, മെൽക്യൂർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടു കോയമ്പത്തൂർ ബിഷപ് തോമസ് അക്വിനാസിനു നോട്ടീസും നൽകിയിട്ടുണ്ട്.

2013 ജൂലൈ 13 നാണ് കോയമ്പത്തൂർ രൂപതയ്ക്കു കീഴിലുള്ള വാളയാർ ചന്ദ്രാപുരം പള്ളിയിലെ ഫാ. ആരോഗ്യരാജിന്റെ താമസസ്ഥലത്ത് ഫാത്തിമ സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാത്തിമ ആത്മഹത്യ ചെയ്തു എന്നു വരുത്തിത്തീർക്കാനായിരുന്നു വൈദികരുടെ ശ്രമം. ഒരു ചാനൽ പരിപാടിയിൽ ഉണ്ടായ വെളിപ്പെടുത്തലിനെത്തുടർന്നു മാതാവ് റോസിലിൻ നടത്തിയ ശ്രമങ്ങളുടെ ഫലമായാണു ഫാത്തിമ സോഫിയ കൊലചെയ്യപ്പെട്ടതാണെന്നു വ്യക്തമായത്. സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് ഡി വൈഎസ്‌പി എം. സുൽഫിക്കറാണ് നാലു വൈദികരെ അറസ്റ്റ് ചെയ്തത്. ഫാ. ആരോഗ്യരാജ് നേരത്തേ അറസ്റ്റിലായിരുന്നു.

കൊലപാതകം മറച്ചുവച്ചു എന്ന കുറ്റം ചുമത്തിയാണു നാലുപേരുടെയും അറസ്റ്റ്. പള്ളിക്കെട്ടിടത്തിൽ നടന്ന കൊലപാതകം പള്ളിയുടെ യശസിനെ കളങ്കപ്പെടുത്തുന്നുവെന്നാരോപിച്ച് ബിഷപ്പും മറ്റ് വൈദികരും മൂടിവച്ചെന്നെന്ന് നേരത്തേ പെൺകുട്ടിയുടെ മാതാവ് ആരോപിച്ചിരുന്നു. കുറ്റം സമ്മതിച്ച മുഖ്യ പ്രതി ഫാ. ആരോഗ്യരാജിനെ അറസ്റ്റു ചെയ്യാൻ രണ്ടരവർഷമെടുത്തതിന് പിന്നിൽ ബിഷപ്പിന്റെയും മറ്റ് വൈദികരുടേയും ഇടപെടലാണെന്ന് നേരത്തേ സംശയമുണ്ടായിരുന്നു. സമൂഹത്തിലെ ഉന്നതരും, സമ്പന്നരും ആദരണീയരുമായ പ്രതികളെ അറസ്റ്റു ചെയ്യാത്താതിന് പിന്നിൽ ശക്തമായ രാഷ്ട്രീയ സ്വാധീനം ആയിരുന്നുവെന്നും ആരോപണം ഉയർന്നു. കഴിഞ്ഞ ഡിസംബറിലാണ് ഫാ. ആരോഗ്യരാജ് അറസ്റ്റിലായത്.

കോളേജ് വിദയാർത്ഥിനിയായ പെൺകുട്ടിക്ക് ചില വിഷയങ്ങളിൽ ട്യൂഷൻ എടുത്തു നൽകിയിരുന്നത് ചന്ദ്രാപുരം പള്ളിയിലെ അസി. വികാരിയായ ആരോഗ്യരാജ് ആയിരുന്നു. സോഫിയ ഫാത്തിമയുടെ പിതാവിന്റെ മാതാവ് ആശുപത്രിയിലായ ദിവസമായിരുന്നു കൊലപാതകം. കോയമ്പത്തൂരിലെ വീട്ടിൽതന്നെ കഴിഞ്ഞ സോഫിയയെ ഫാ. ആരോഗ്യരാജ് ചന്ദ്രാപുരത്തേക്കു കൂട്ടിക്കൊണ്ടുവരികയും അവിടെ വച്ചു കൊലപ്പെടുത്തുകയുമായിരുന്നു. താൻ സോഫിയയെ കൊന്നെന്ന കാര്യം ഫാ. ആരോഗ്യരാജ് തന്നെയാണ് മാതാവിനെ വിളിച്ചുപറഞ്ഞത്. എന്നാൽ ഉടൻതന്നെ ആത്മഹത്യയാണെന്നു തിരുത്തുകയും ചെയ്തു.

പിന്നീട്, സഭയുടെ ഇടപെടലോടെ സോഫിയയുടെ കൊലപാതകം ആത്മഹത്യയാക്കി. പൊലീസിൽ സമ്മർദം ചെലുത്തി കേസ് അവസാനിപ്പിച്ചു. സംഭവമറിഞ്ഞു കോയമ്പത്തൂരിലെ ഫ്രീലാൻസ് ജേണലിസ്റ്റ് റോബർട്ടിന്റെ ഇടപെടലോടെയാണു സോഫിയ ഫാത്തിമയെ കൊലപ്പെടുത്തിയതാണെന്നു വ്യക്തമായത്. തുടർന്നു റോസ്‌ലിൻ കേരള പൊലീസ് മേധാവിക്കു പരാതി നൽകുകയും വീണ്ടും അന്വേഷിക്കുകയുമായിരുന്നു.