വരാപ്പുഴ: വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാലു പേർ മരിച്ചു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. കുസാറ്റിലെ വിദ്യാർത്ഥികളായ മലപ്പുറം സ്വദേശി അക്ഷയ്, കോഴിക്കോട് സ്വദേശി ജിജിഷ, കൊച്ചി ഇൻഫോപാർക്ക് ജീവനക്കാരായ പറവൂർ സ്വദേശി ഹരിശങ്കർ, കാക്കനാട് തെങ്ങോട് സ്വദേശി കിരൺ എന്നിവരാണ് മരിച്ചത്.

പുലർച്ചെ 1.15ഓടെ വരാപ്പുഴ പാലത്തിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അക്ഷയും ജിജിഷയും കാറിൽ സഞ്ചരിക്കുകയായിരുന്നു. ഹരിശങ്കറും കിരണും ബൈക്കിൽ വരികയായിരുന്നു. എടപ്പാളിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം കാറിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം.

കൊല്ലത്തെ വള്ളിക്കാവിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന.