മസ്‌കത്ത്: ഒമാനിലെ സമദ്ഷാനിന് സമീപം ഉണ്ടായ കാറപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ഒമാനിലെ സമദ്അൽ ഷാനിന് സമീപത്തെ റോദയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങൾ അടക്കം മൂന്ന് മലയാളികൾ ആണ് മരിച്ചത്.

തിരുവനന്തപുരം വെന്നിയൂർ സ്വദേശികളുംസഹോദരങ്ങളുമായ സാബുപ്രസാദ്(39), സജുുപ്രസാദ്(37), എന്നിവരും കൊല്ലം സ്വദേശി സജീവ് പുരുഷോത്തമനു(41)മാണ് മരിച്ചത്.ഇവർ സഞ്ചരിച്ചിരുന്ന കാർ പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറുന്നതിനിടെ സ്വദേശി സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു.മൂന്ന് പേരെയും ഉടൻ സമദ്ഷാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാബുപ്രസാദ്, ബാബുപ്രസാദ് എന്നിവർ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സജീവിനെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല

കൊല്ലം കരുവേലിൽ തരുവിള തെക്കേതിൽ വീട്ടിൽ പുരുഷോത്തമന്റെ മകനായ സജീവ് നിർമ്മാണമേഖലയിൽ തൊഴിലാളിയായിരുന്നു. സാബുപ്രസാദ് എൻജിനീയറായും സജുപ്രസാദ് ഫോർമാനുമായാണ് ജോലി ചെയ്തിരുന്നത്.ഗീതയാണ് സാബുപ്രസാദിന്റെ ഭാര്യ. അക്ഷയ്, അഭയ് (ഇബ്ര ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ) മക്കളാണ്.സജുപ്രസാദിന് ഭാര്യയും മൂന്ന് വയസ്സുള്ള കുട്ടിയുമുണ്ട്. സജിതയാണ് സജീവിന്റെ ഭാര്യ.സാബുപ്രസാദ് കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഭാര്യയെയും മക്കളെയും സമദ്ഷാൻ സാന്ത്വനം മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച നാട്ടിലത്തെിച്ചു.