- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് നാലുപേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു; നാല് പേരും തിരുവനന്തപുരം ജില്ലയിൽ; രോഗം സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസം ഓമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യു.കെയിൽ നിന്നെത്തിയ മൂന്ന് പേർക്കും നൈജീരിയയിൽ നിന്നുമെത്തിയ യുവാവിനും; ആകെ 15 ഓമിക്രോൺ രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്. നാല് പേരും തിരുവനന്തപുരം ജില്ലയിലാണുള്ളത്.തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഓമിക്രോൺ സ്ഥിരീകരിച്ച 17 വയസുകാരനോടൊപ്പം യു.കെയിൽ നിന്നെത്തിയ മാതാവ് (41), പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള അമ്മൂമ്മ (67), യു.കെയിൽ നിന്നുമെത്തിയ യുവതി (27), നൈജീരിയയിൽ നിന്നുമെത്തിയ യുവാവ് (32) എന്നിവർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.
27 വയസുകാരി വിമാനത്തിലെ സമ്പർക്കപ്പട്ടികയിലുള്ളയാളാണ്. ഇവർ ഡിസംബർ 12നാണ് യുകെയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തുടർന്ന് ക്വാറന്റീനിലായ ഇവരെ 16ന് പരിശോധിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവായത്. 32 വയസുകാരൻ ഡിസംബർ 17ന് നൈജീരിയയിൽ നിന്നും എത്തിയതാണ്. എയർപോർട്ട് പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചു.
കോവിഡ് പോസിറ്റീവായതിനെ തുടർന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലത്തിലാണ് ഇവർക്ക് ഓമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ ആകെ 15 പേർക്കാണ് ഓമിക്രോൺ സ്ഥിരീകരിച്ചത്.
ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാകണമെന്ന് എയിംസ് മേധാവി
ബ്രിട്ടനിൽ ഓമിക്രോൺ കേസുകൾ ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിൽ ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമാകണമെന്ന് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ. യുകെയിലെ പോലെ മോശം സാഹചര്യം വരാതിരിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നതിനൊപ്പം കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും ഡോ. ഗുലേറിയ പറഞ്ഞു.
ഒമിക്രോണിനെക്കുറിച്ചു കൂടുതൽ വിവരശേഖരണം നടത്തണം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഓമിക്രോൺ വ്യാപനം രൂക്ഷമാകുമ്പോൾ സസൂക്ഷ്മം നിരീക്ഷിച്ച് തയാറായിരിക്കണം. മുന്നൊരുക്കമില്ലാതെ നേരിടുന്നതിലും നല്ലത് നന്നായി തയാറായിരിക്കുന്നതാണെന്നും ഡോ. ഗുലേറിയ പറഞ്ഞു. ഇന്ത്യയിൽ ഓമിക്രോൺ കേസുകൾ നൂറു കടന്ന സാഹചര്യത്തിലാണ് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്.
യുകെയിൽ ഒരാഴ്ചയ്ക്കുള്ളിൽ രോഗവ്യാപനത്തിൽ 52 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയത്. ഞായറാഴ്ച മാത്രം 82,886 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ക്രിസ്മസ് അവധിക്കാലം അവതാളത്തിലാകുമെന്ന് ആശങ്കയിലാണ് യൂറോപ്പും യുഎസും.
മറുനാടന് മലയാളി ബ്യൂറോ