ന്യൂഡൽഹി: മകളുടെ പിറന്നാൾ ആഘോഷത്തിന് ശേഷം ഉറങ്ങുകയായിരുന്ന ഒരു കുടുംബത്തിലെ നാല് പേർ കെട്ടിടത്തിന് തീപിടിച്ച് ശ്വാസം മുട്ടി മരിച്ചു. വെള്ളിയാഴ്ച അർധ രാത്രി ഡൽഹി ദിൽഷാദ് ഗാർഡൻ ഭാഗത്തെ ഫ്‌ളാറ്റിനാണ് തീപ്പിടിച്ചത്.

അപകടത്തിൽ ഹർഷു (12), സഹോദരൻ ചിക്കു (4), അച്ഛൻ സഞ്ജയ് വർമ്മ(45), മുത്തച്ഛൻ വിജയ് കുമാർ വർമ്മ(63) എന്നിവരാണ് മരിച്ചത്. നാൽപത് ശതമാനത്തോളം പൊള്ളലേറ്റ് കുട്ടികളുടെ അമ്മ മോന വർമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഫ്‌ളാറ്റിന്റെ പാർക്കിങ് സ്ഥലത്തിനാണ് തീ പിടിച്ചത്. തുടർന്ന് കുടുംബം താമസിക്കുന്ന ഒന്നാം നിലയിലേക്ക് തീ പടരുകയായിരന്നു. തീ പടരുന്നത് കണ്ട് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും ശക്തമായ പുക മുറിയിൽ കുടുങ്ങിയതിനാൽ ഇവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. തുടർന്ന് ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

പാർക്കിങ് ഭാഗത്തെ മീറ്ററിൽ നിന്നാണ് തീപടർന്നതെന്നാണ് അഗ്‌നിശമനസേന അധികൃതർ പറയുന്നത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്കും തീപടർന്നുവെങ്കിലും പലരും ബാൽക്കണിയിലൂടെയും മറ്റും രക്ഷപ്പെടുകയായിരുന്നു. തീ പിടിച്ചത് അറിഞ്ഞ് 11 അഗ്‌നിശമന സേന യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. കഴിഞ്ഞ വർഷവും ഇതേ സ്ഥലത്ത് തീ പിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചിരുന്നു.