- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലംഗ സംഘത്തിൽ നിന്നും കണ്ടെടുത്ത 106 എടിഎം കാർഡുകളുടെ ഉടമകളെത്തേടി പൊലീസ്; പ്രതികളെക്കുടുക്കിയത് ഒന്നര ലക്ഷത്തോളം രൂപ പിൻവലിച്ചതിനെത്തുടർന്നുള്ള അന്വേഷണം;എടിഎം തട്ടിപ്പിൽ അന്വേഷണം ഊർജ്ജിതം
തൃശൂർ: എടിഎം തട്ടിപ്പിൽ നാലുപ്രതികൾ പിടിയിലായതിന് പിന്നാലെ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.കൗണ്ടറുകളുടെ കാഷ് ട്രേയിലെ സെൻസറുകൾ പ്രവർത്തനരഹിതമാക്കി ലക്ഷങ്ങൾ തട്ടിയ ഉത്തരേന്ത്യൻ സംഘത്തെയാണ് കഴിഞ്ഞ ദിവസം സിറ്റി പൊലീസ് പടികൂടിയത്.സംഘത്തിൽ നിന്നും കണ്ടെടുത്ത 106 എടിഎമ്മുകളുടെ യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം.തട്ടിപ്പിൽ ഇവരുടെ പങ്ക് കണ്ടെത്തുകയാണ് ഉദ്ദേശ്യം.
സമാനരീതിയിൽ തട്ടിപ്പു നടന്നെന്നു സംശയം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ഒന്നിലധികം ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥർ ഈസ്റ്റ് സ്റ്റേഷനിലെത്തി വിവരങ്ങൾ ആരാഞ്ഞു. സംസ്ഥാനത്തുടനീളം പ്രതികൾ തട്ടിപ്പു നടത്തിയെന്നാണു സൂചന. തൃശൂരിൽനിന്നു പിടിക്കപ്പെട്ട ദിവസം മാത്രം ഇവർ 30 ഇടപാടുകൾ വഴി 2 ലക്ഷം രൂപ തട്ടിയിട്ടുണ്ട്. സിസിടിവിയിൽനിന്നു ലഭിച്ച ദൃശ്യം പൊലീസ് ഉദ്യോഗസ്ഥർ പരസ്പരം പങ്കുവച്ചാണ് അന്വേഷണം നടത്തിയത്.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു അറസ്റ്റ്. 35,000 രൂപ പിടിച്ചെടുത്തു.ഉത്തർപ്രദേശ് കാൺപൂർ ഗോവിന്ദ് നഗർ സ്വദേശി മനോജ് കുമാർ (55), സോലാപർ സൗത്ത് സ്വദേശി അജയ് ശങ്കർ (33), പാങ്കി പതർസ സ്വദേശി പങ്കജ് പാണ്ഡേ (25), ധബോളി സ്വദേശി പവൻ സിങ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വ, വ്യാഴം ദിവസങ്ങളിലായി അശ്വിനി ജംക്ഷനിൽ പൊതുമേഖലാ ബാങ്കിന്റെ എടിഎമ്മിൽനിന്ന് 1.50 ലക്ഷം രൂപ ദുരൂഹ സാഹചര്യത്തിൽ പിൻവലിക്കപ്പെട്ടതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണമാണു പ്രതികളെ കുരുക്കിയത്. നിരക്ഷര തൊഴിലാളികളുടെയും മറ്റും പേരിൽ പ്രതികൾ വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കും. ഇവർക്കു നിസ്സാരത്തുക പ്രതിഫലമായി നൽകി എടിഎം കാർഡുകൾ കൈവശപ്പെടുത്തും. ഈ കാർഡുകൾ ഉപയോഗിച്ച് എടിഎം കൗണ്ടറിൽനിന്നു പണം പിൻവലിക്കും.
മെഷീനിലെ കാഷ് ട്രേയിൽനിന്നു പണം പുറത്തേക്കു വരുന്ന സമയത്തു സമീപത്തെ സെൻസറുകൾ തകരാറിലാക്കും. പണം തട്ടിപ്പുകാർക്കു ലഭിക്കുമെങ്കിലും പിൻവലിക്കപ്പെട്ടതായി കംപ്യൂട്ടറിൽ രേഖപ്പെടുത്തിയിട്ടുണ്ടാകില്ല.സാങ്കേതിക തകരാർമൂലം എടിഎമ്മിൽ നിന്നു പണം ലഭിച്ചില്ലെന്നുകാട്ടി തട്ടിപ്പുകാർ തന്നെ ബാങ്കിനു പരാതി നൽകും. ഇത്തരം പരാതികൾ വന്നാൽ 3 ദിവസത്തിനകം പണം ഇടപാടുകാരനു തിരികെ നൽകണമെന്നതാണു റിസർവ് ബാങ്ക് ചട്ടം.
ഇതുവഴി പണം വീണ്ടും തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തുകയും ചെയ്യും. ഒട്ടേറെ ബാങ്കുകളെയാണു പ്രതികൾ ഇതേ മട്ടിൽ കബളിപ്പിച്ചത്. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണു തട്ടിപ്പു വ്യക്തമായത്.
മറുനാടന് മലയാളി ബ്യൂറോ