തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു തൊട്ടടുത്ത വീട്ടിൽ ദാരുണമായി കൊലചെയ്യപ്പെട്ടത് മൂന്നല്ല നാലു പേരെന്നു പൊലീസിന് സംശയം. രണ്ടു പേരുടെ മൃതദേഹം കത്തിക്കരിഞ്ഞനിലയായിരുന്നു. രണ്ടു പേരുടെ മൃതദേഹങ്ങളാണ് ചാക്കിൽ കഷ്ണങ്ങളാക്കിയിരിക്കുന്നതെന്നാണു സംശയം. മരിച്ച ദമ്പതികളുടെ മകൻ ഇന്നു രാവിലെ ഇവിടെനിന്നു രക്ഷപ്പെട്ടിരുന്നു. ഈ വീട്ടിൽ താമസിച്ചിരുന്ന അഞ്ചിൽ നാലുപേരും മരിക്കുകയും മകനെ കാണാതാവുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾതന്നെയാണു കൊലപാതകം നടത്തിയതെന്ന സംശയത്തിലാണു പൊലീസ്. മാർത്താണ്ഡത്തെ കോളജിൽ അദ്ധ്യാപകനായിരുന്നു രാജ് തങ്കം.

പുലർച്ചെ ക്ലിഫ് ഹൗസിനടുത്തു പുക; തെരഞ്ഞെത്തിയ ഫയർഫോഴ്സ് ഞെട്ടി

പുലർച്ചെ ക്ലിഫ്ഹൗസിനു സമീപം പുക ഉയരുന്നതു കണ്ടാണ് അഗ്‌നിശമന സേനയെത്തിയത്. പുക എവിടെനിന്നാണെന്ന പരിശോധനയിലാണ് വീട്ടിൽ പരിശോധന നടത്തിയത്. രണ്ടു മൃതദേഹങ്ങൾ കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി. ഇതു തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോകടറായിരുന്ന ജീൻ പത്മത്തിന്റെയും പ്രൊഫ. രാജ് തങ്കത്തിന്റേയുമാണെന്നു കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിൽ രണ്ടു മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടിയിട്ട നിലയിലും കണ്ടെത്തി.

ഈ വീട്ടിൽ അഞ്ചു പേരായിരുന്നു താമസം. ജീൻ പത്മത്തെയും രാജ് തങ്കത്തെയും കൂടാതെ മകൾ കേഡൽ കരോളിൻ, മകൻ കേഡൽ ജിൻസൻ, ജീൻ പത്മത്തിന്റെ കുഞ്ഞമ്മ ലളിത എന്നിവർ. ചൈനയിൽ എംബിബിഎസ് വിദ്യാർത്ഥിനിയായ കേഡൽ കരോളിൻ കഴിഞ്ഞദിവസമാണു നാട്ടിലെത്തിയത്. മകൻ കേഡൽ ജിൻസൻ ഓസ്ട്രേലിയയിൽ ആർടിഫിഷ്യൽ ഇന്റലിജൻസിൽ ഉപരിപഠനം നടത്തുകയായിരുന്നു. കുറച്ചുകാലമായി ജിൻസനും നാട്ടിലുണ്ടായിരുന്നു.

പോസ്റ്റ്മോർട്ടം വീട്ടിൽതന്നെയെന്ന് ഐജി മനോജ് ഏബ്രഹാം

സംഭവമറിഞ്ഞ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹെറ, റേഞ്ച് ഐജി മനോജ് ഏബ്രഹാം എന്നിവർ സ്ഥലം സന്ദർശിച്ചു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞു പൊടിഞ്ഞു പോകുന്ന നിലയിലാണെന്നും ഇവിടെനിന്നു മാറ്റാൻ കഴിയാത്തതിനാൽ വീട്ടിൽതന്നെ പോസ്റ്റ്മോർട്ടം ചെയ്യുമെന്നും ഐജി പറഞ്ഞു. മകനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. അഞ്ചുപേരുണ്ടായിരുന്ന വീട്ടിൽ നാലു പേരും മരിക്കുകയും മകനെ സംശയാസ്പദമായി നിലയിൽ കാണാതാവുകയും ചെയ്തതിനാലാണ് ഇത്. മകൻ കേഡൽ ജിൻസൻ ഇന്നലെ അർധരാത്രിയോടെ കാറിൽ വീട്ടിൽനിന്നു പുറത്തേക്കു പോയതായി ദൃക്സാക്ഷികൾ പറഞ്ഞതായും ഐജി വ്യക്തമാക്കി.

കൊലപാതകം നടന്ന വീടിനടുത്തു മറ്റു വീടുകളില്ല. അതേസമയം, അതീവസുരക്ഷാ മേഖലയാണിത്. മുഖ്യമന്ത്രിയടക്കം അഞ്ചു മന്ത്രിമാർ താമസിക്കുന്ന ക്ലിഫ് ഹൗസ് കോമ്പൗണ്ടും അതിനു പരിസരപ്രദേശങ്ങളും പൊലീസിന്റെ നിതാന്ത ജാഗ്രതയിലുള്ളതാണ്. അവിടെയാണ് നാടിനെ നടുക്കിയ ദാരുണമായ കൊലപാതകം ഉണ്ടായത്. മൂന്നു ദിവസം മുമ്പു കൊലപാതകം നടന്നിട്ടും പുറം ലോകം അറിഞ്ഞില്ല എന്നതുതന്നെ തന്ത്രപ്രധാന മേഖലയിലെ അതീവ ഗുരുതരമായ സുരക്ഷാവീഴ്ചയായി കരുതുകയും വേണം.

അർധരാത്രിയോടെ വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ടാണ് അയൽവാസികൾ ഫയർഫോഴ്സിൽ വിവരമറിയിച്ചത്. പൊലീസും ഫയർഫോഴ്സും തീ കെടുത്തിയശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കൊലപാതകമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന് സമീപത്തുനിന്ന് മഴുവും വെട്ടുകത്തിയും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാലു പേരെയും കൊന്നശേഷം കഷ്ണങ്ങളാക്കി വെട്ടിമുറിച്ചതായാണു സംശയം. രണ്ടെണ്ണം കത്തിച്ചശേഷം മറ്റു രണ്ടെണ്ണം ചാക്കിലാക്കുകയായിരുന്നു. ഒരു മൃതദേഹത്തിന്റെ തല കാണാനില്ല.

കൊലപാതകം നടന്നത് രണ്ടു ദിവസം മുമ്പ്; കന്യാകുമാരിയിൽ പോയെന്നു തെറ്റിദ്ധരിപ്പിച്ചു

രണ്ട് ദിവസമായി ജിൻസന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. മൂന്ന് ദിവസമായി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് സഹോദരൻ പറഞ്ഞു. വീട്ടിലുള്ളവർ കന്യാകുമാരിയിൽ വിനോദയാത്ര പോയെന്നും രണ്ട് ദിവസത്തിനുശേഷം മടങ്ങിയെത്തുമെന്നാണ് മകൻ പറഞ്ഞതെന്നും സഹോദരൻ പറഞ്ഞു. ഡോക്ടറുടെ മകന്റെ കാലിൽ പൊള്ളലേറ്റ പാടുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

ദിവസങ്ങൾക്ക് മുമ്പ് കൊലപാതകം നടത്തിയശേഷം ശനിയാഴ്ച രാത്രി വീടിന് തീവയ്ക്കാൻ ശ്രമിച്ചതാണെന്ന സംശയം ഉയർന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടത്തിയശേഷമെ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ. ശനിയാഴ്ച രാത്രി 11 മണിയോട് കൂടി ക്ലിഫ് ഹൗസിനടുത്തള്ള വീട്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിപ്പെട്ട അയൽവാസികൾ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സെത്തി തീയണച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.