കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച നാലു വയസുകാരൻ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. കോഴിക്കോട്, കൊയിലാണ്ടി കാപ്പാട് പാലോടയിൽ ബഷീറിന്റെ മകൻ യൂസഫലി (4) ആണ് മിഠായിയിൽ നിന്നുള്ള വിഷബാധയെ തുടർന്ന് മരിച്ചതായി ബന്ധുക്കൾ പരാതിപ്പെട്ടത്. യൂസഫലിക്കൊപ്പം മിഠായി ഭക്ഷിച്ച മാതാവ് സുഹറാബി ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡി.കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം മരണ കാരണം മിഠായിയിൽ നിന്നുള്ള ഭക്ഷ്യ വിഷബാധയേറ്റാണോ എന്ന കാര്യത്തിൽ ശാസ്ത്രീയ തെളിവുകൾ ലഭിച്ചിട്ടില്ല.

വ്യാഴാഴ്‌ച്ച വൈകിട്ട് കോഴിക്കോട് നഗരത്തിലെത്തിയ ഇവർ മൊഫ്യൂസൽ ബസ് സ്റ്റാൻഡിനടുത്തുള്ള റോയൽ ബേക്കറിയിൽ നിന്നുമാണ് ജെല്ലി മിഠായി വാങ്ങിയത്. ഈ മിഠായി കഴിച്ച കുട്ടിക്കും മാതാവിനും രാത്രിയോടെ ശക്തമായ വവയറിളക്കവും ഛർദ്ദിയും അനുഭവപ്പെട്ടു.  തുടർച്ചയായ ഛർദ്ദി മൂലം നിർജലീകരണം സംഭവിച്ച ഇരുവരേയും വെള്ളിയാഴ്‌ച്ച രാവിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ യൂസഫലി മരണപ്പെടുകയായിരുന്നു.

യൂസഫലിയുടെ ബന്ധുക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗവും കസബ പൊലീസും പരിശോധന നടത്തി ബേക്കറി അടപ്പിക്കുകയും അവശേഷിച്ച ജെല്ലി മിഠായികൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം ജെല്ലി മിഠായികൾ മറ്റ് പലരും വാങ്ങിയിട്ടുണ്ടെന്നും അവർക്കൊന്നും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നുമാണ് ബേക്കറി ഉടമകൾ പറയുന്നത്. ജെല്ലി മിഠായി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ ജെല്ലി മിഠായിൽ നിന്നുള്ള വിഷബാധയാണോ മരണകാരണമെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂവെന്നും കസബ പൊലീസ് അറിയിച്ചു.

ടൈഗർ ഹൈക്കൗണ്ട് ജെല്ലി എന്ന മിഠായിയാണ് മരണപ്പെട്ട യൂസഫലി കഴിച്ചത്. മധുരെ കോപാലൻ നഗറിലെ നാഷണൽ കോൺഫിക്ഷനറിയാണ് ഈ മിഠായിയുടെ ഉത്പാദകർ. മാർച്ച് 25-ന് നിർമ്മിച്ച മിഠായി അടുത്ത രണ്ട് മാസം വരെ ഭക്ഷ്യയോഗ്യമാണെന്നാണ് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.