അടിമാലി: കളിക്കുന്നതിനിടെ കത്തി തലയിൽ തുളച്ചുകയറി നാലുവയസുകാരന് ദാരണാന്ത്യം. അടിമാലിയിലാണ് സംഭവം. മച്ചിപ്ലാവ് ചെരപ്പുറത്ത് സജിയുടെ ഏക മകൻ ആൽബിൻ സജിയാണ് ദാരുണമായി മരണപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയായിരുന്നു അപകടമുണ്ടായത്. സജിയുടെ വീടിനു സമീപത്തു താമസിക്കുന്ന ജ്യേഷ്ഠൻ വർഗീസിന്റെ വീട്ടിലായിരുന്നു ആൽബിൻ. വർഗീസിന്റെ മക്കളായ സിനി, ബേസിൽ എന്നിവരോടൊപ്പം കളിക്കുകയായിരുന്നു.

കസേരയിൽ ആൽബിൻ ഇരിക്കുന്നതുകണ്ട് സിനി കുളിക്കാൻ പോയി. അതിനെടെ സുഹൃത്തുക്കൾ വന്നതോടെ ബേസിൽ പുറത്തേക്കും പോയി. ഇതിനിടെ ആൽബിൽ കളിക്കുകയായിരുന്നു. കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സിനി കണ്ടത് കസേര മറിഞ്ഞുകിടക്കുന്നതും ആൽബിൻ തലയിൽ കത്തി തുളഞ്ഞു കയറി നിലയിലുമായിരുന്നു. ഉടൻ തന്നെ അബോധാവസ്ഥയിലായിരുന്ന ആൽബിനെയെടുത്ത് സിനി റോഡിലേക്ക് ഓടി. സമീപവാസികളുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഇടതുചെവിയുടെ താഴെയായി ഉണ്ടായ ആഴമേറിയ മുറിവിലൂടെ രക്തം വാർന്നു പോയതാണ് മരണകാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞു. മച്ചിപ്ലാവ്കുടി അംഗൻവാടി വിദ്യാർത്ഥിയായിരുന്നു ആൽബിൻ. സജിയുടെ ജ്യേഷ്ഠൻ വർഗീസ് (ബെനോച്ചൻ) ചെവിക്ക് ശസ്ത്രക്രിയയായതിനാൽ കോലഞ്ചേരി ആശുപത്രിയിലായിരുന്നു.

എസ്.ഐ: ഇ.കെ. സോൾജിമോന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയാറാക്കിയ ശേഷം ആൽബിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. പിതാവ് സജി പനംകൂട്ടി ഫോറസ്റ്റ് സ്‌റ്റേഷനിലെ പാർട്ട്‌ടൈം ജീവനക്കാരനാണ്. കുട്ടമ്പുഴ ഉരുളൻതണ്ണി സ്വദേശിനി നിമ്മിയാണ് മാതാവ്. സംസ്‌കാരം ഇന്ന് ഉച്ചയോടെ മച്ചിപ്ലാവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടക്കും.