ന്യൂയോർക്ക്: ടീച്ചർ ക്ലാസിൽ ഒരു ശല്യമായപ്പോൾ മൂന്നു പെൺകുട്ടികൾക്കു തോന്നി ടീച്ചറെ അങ്ങു തട്ടിക്കളയാം. അതിനായി അവർ കണ്ടെത്തിയ മാർഗം ഹാൻഡ് സാനിട്ടൈസർ ഉപയോഗിക്കുക എന്നതായിരുന്നു. ന്യൂയോർക്ക് എൽബ എലിമന്ററി സ്‌കൂളിലെ നാലാം ഗ്രേഡുകാരായ മൂന്നു പെൺകുട്ടികളാണ് 'കൊലപാതക'ത്തിന് പദ്ധതിയിട്ടിരുന്നത്.

ക്ലാസിൽ കുട്ടികൾക്കു നേരെ ആക്രോശിക്കുന്നതും  വഴക്കുപറയുന്നതുമൊന്നും നാലാം ക്ലാസുകാരികളായ മൂന്നു പെൺകുട്ടികൾക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ടീച്ചറെ ഇല്ലാതാക്കിയാൽ പ്രശ്‌നം അതോടെ തീരുമെന്നു കരുതിയ ഈ കുട്ടിക്കുറുമ്പികൾ ടീച്ചറെ കൊല്ലാൻ തെരഞ്ഞെടുത്ത മാർഗം ഹാൻഡ് സാനിട്ടൈസർ പ്രയോഗമാണ്. ആന്റീബാക്ടീരിയൽ സാനിട്ടൈസർ ടീച്ചർക്ക് അലർജിയാണെന്ന് കണ്ടെത്തിയ ഇവർ ടീച്ചർ തൊടാൻ സാധ്യതയുള്ള വസ്തുക്കളിലെല്ലാം അതു പുരട്ടിയാണ് കൊല്ലാൻ പദ്ധതി തയാറാക്കിയത്. കൂടാതെ ക്ലാസ്മുറിക്കു ചുറ്റും സാനിട്ടൈസർ ഒഴിക്കാൻ തീരുമാനിക്കുകയും ചെയ്തു.

തങ്ങൾ ടീച്ചറെ കൊല്ലാൻ പോകുകയാണെന്ന് ക്ലാസിനെ കുട്ടികളോട് പറയുകയും  ചെയ്തു. എന്നാൽ ഇതോടെ ഇവരുടെ പദ്ധതി പാളുകയായിരുന്നു. ഇതു കേട്ട വിദ്യാർത്ഥികളിലൊരാൾ അമ്മയോട് ഇക്കാര്യം പറഞ്ഞതോടെ കൊലപാതക ശ്രമം പാളി. അമ്മ സ്‌കൂൾ ബോർഡിൽ ഇക്കാര്യം സൂചിപ്പിക്കുകയായിരുന്നു. ക്ലാസിൽ ടീച്ചർ പ്രശ്‌നമുണ്ടാക്കുന്നു എന്നാണ് ജെന്നീസീ കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്‌മെന്റിൽ നിന്ന് അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥരോട് ഒമ്പതു വയസുകാരികൾ പറഞ്ഞത്.

എന്നാൽ ഇതുസംബന്ധിച്ച് കൂട്ടികൾക്ക് നിയമനടപടികൾ ഒന്നും നേരിടേണ്ടി വരില്ല. മൂന്നു പേരേയും താത്ക്കാലികമായി സ്‌കൂളിൽ നിന്നു സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കേസ് ഷെരീഫ് ഡിപ്പാർട്ട്‌മെന്റ് എൽബ സെൻട്രൽ സ്‌കൂൾ  അധികൃതർക്കു കൈമാറിയിരിക്കുകയാണ്.