ഇടുക്കി: ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ ഉരുൾപൊട്ടൽ നടന്ന സ്ഥലത്ത് നടത്തിയ തിരച്ചിലിൽ കാണാതായ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേരുടെ മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. ഷാജി ചിറയിൽ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ സിയാദ് (7), മകൾ അംന സിയാദ് (7), കല്ലുപുരയ്ക്കൽ ഫൈസലിന്റെ മക്കളായ അഫ്‌സാൻ ഫൈസൽ (8), അഹിയാൻ ഫൈസൽ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

അംന, അഫ്‌സാൻ, അഹിയാൻ എന്നിവരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്. മണിമലയാറ്റിൽ നിന്നാണ് ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ ഇടുക്കി ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ മഴ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 9 ആയി.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ കാണാതായ ഏഴുവയസ്സുകാരൻ സച്ചു ഷാഹുലിനായി തിരച്ചിൽ ഏറെ വൈകിയും തുടർന്നു. ഇത് സംബന്ധിച്ച് കൃത്യമായ വൃക്തത നൽകാൻ കുടുംബത്തിലുള്ളവർക്കും കഴിഞ്ഞിട്ടില്ല. കുട്ടി വീട്ടിലായിരുന്നു ഉണ്ടായിരുന്നതെന്നും അതല്ല, ഓട്ടോയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും പറയുന്നുണ്ട്. ഒഴുക്കിൽപെട്ട് കാണാതായ ആൻസി സാബുവിനെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.

അതിനിടെ ഉരുൾപൊട്ടലിൽ മരിച്ച ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28) ദുരന്തത്തിനു മുൻപ് മലവെള്ളം വീടിന് അരുകിലൂടെ ഒലിച്ചെത്തുന്നതിന്റെ ദൃശ്യങ്ങൾ ബന്ധുവിന് വാട്സാപ്പിൽ അയച്ചു നൽകിയിരുന്നു. തൊട്ടുപിന്നാലെയാണ് കലിതുള്ളി പാഞ്ഞെത്തിയ മലവെള്ളം ഫൗസിയയുടെയും രണ്ടു പൊന്നുമക്കളുടെയും ജീവനെടുത്തത്.

മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഉരുൾപൊട്ടലിൽ മരിച്ച അംന സിയാദ്, അഫ്സാൻ ഫൈസൽ എന്നിവരെയും വിഡിയോയിൽ കാണാം. വിഡിയോ പകർത്തി മിനിറ്റുകൾക്കകം ഉരുൾപൊട്ടലിൽ വീടും 5 കുടുംബാംഗങ്ങളും മണ്ണിനടിയിലായി. വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നറിയിപ്പ് എന്നോണം മലവെള്ളം ഒഴുകിയെത്തിയെങ്കിലും തിരിച്ചറിയാനാകാതെ പോയി.

ബന്ധുവിന്റെ വിവാഹത്തിനെത്തിയതായിരുന്നു ഫൗസിയയും മക്കളായ അമീനും അമ്നയും. ഫൗസിയയുടെ സഹോദരന്റെ മക്കളാണ് അഫ്സാനും അഹിയാനും. രണ്ട് മണിയോടെ മണ്ണിൽ പുതഞ്ഞ കുട്ടികളുടെ മൃതദേഹങ്ങൾ ഓരോന്നായി കണ്ടെടുക്കുമ്പോൾ രണ്ട് കുട്ടികൾ പരസ്പരം കെട്ടിപ്പിടിച്ച നിലയിലായിരുന്നു.

കല്ലുപുരയ്ക്കൽ വീട്ടിൽ ഫൈസലിന്റെ മക്കളായ അഖിയാൻ ഫൈസൽ, അഫ്സാൻ ഫൈസൽ എന്നിവരുടെ മൃതദേഹങ്ങളാണ് കെട്ടിപ്പുണർന്ന നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് അംന സിയാദിന്റെ മൃതദേഹം കണ്ടെത്തിയത്. തൊട്ടുപിന്നാലെ ഫൗസിയയുടേയും അമീന്റേയും മൃതദേഹങ്ങൾ കണ്ടെത്തി.

കൊക്കയാറിൽ കുത്തിയൊലിച്ചെത്തിയ പാറയും വെള്ളവും ഏഴ് വീടുകളാണ് തകർത്തത്. ദുരന്തത്തിൽപ്പെട്ടവരിൽ അഞ്ചുപേരും കുട്ടികൾ. കുട്ടികളെല്ലാവരും പത്ത് വയസിൽ താഴെയുള്ളവരും. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കാണാതായവരിൽ ആറ് പേരുടെ മൃതദേഹങ്ങൾകൂടി ഇന്ന് കണ്ടെത്തിയത്. നാല് കുട്ടികളുടേയും ഒരു സ്ത്രീയുടേയും ഒരു പുരുഷന്റേയും മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഇതേടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 23 ആയി.

ഇവിടെ രക്ഷാ പ്രവർത്തനത്തിനായി ഡോഗ് സ്‌ക്വാഡിനേയും കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. എന്നാൽ പ്രദേശത്ത് തുടരുന്ന മഴയാണ് രക്ഷാ പ്രവർത്തനം തടസപ്പെടുത്തിയത്.

കോട്ടയം ജില്ലയിലെ കൂട്ടിക്കലിലുണ്ടായ ഉരുൾ പൊട്ടലിൽ 10 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ മൂന്ന് പേരുടെ മൃതദേഹവും ഇന്ന് ഏഴുപേരുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. മാർട്ടിൻ (48), മാർട്ടിന്റെ ഭാര്യ സിനി (45), അമ്മ ക്ലാരമ്മ, മക്കളായ സാന്ദ്ര (14), സോന (12), സ്നേഹ (10) എന്നിങ്ങനെ ഒരു കുടുംബത്തിലെ ആറു പേരടക്കമാണ് 10 പേർ മരിച്ചത്. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. കുറഞ്ഞത് മൂന്നുപേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ട് എന്നാണ് കരുതുന്നത്.

ഉരുൾപ്പൊട്ടലിൽ മരിച്ച മാർട്ടിന്റെയും കുടുംബാംഗങ്ങളുടേയും പോസ്റ്റ്‌മോർട്ടം കഴിഞ്ഞു. മൃതദേഹം മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ പാലക്കാടാണ് ഉള്ളത്. സോണിയ, അലൻ, റോഷ്‌നി എന്നിവരുടെ മൃതദേഹം എന്തയ്യാർ സെന്റ് മേരീസ് പള്ളിയിൽ സംസ്‌കരിക്കും. മരിച്ച സരസമ്മയുടെ മകൻ വിദേശത്താണ് ജോലി ചെയ്യുന്നത്. മകൻ തിരിച്ചെത്തിയ ശേഷമാകും സംസ്‌കാരം നടത്തുക.

കോട്ടയം-ഇടുക്കി ജില്ലകളെ വേർതിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന കൊക്കയാറും തമ്മിൽ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. രണ്ട് ജില്ലകളിലാണെങ്കിലും ഒരേ ഭൂപ്രകൃതി നിലനിൽക്കുന്ന പ്രദേശമാണിവ. ഇന്ന് പകൽ സമയത്ത് മഴ കുറഞ്ഞ് നിന്നത് രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കി. മണ്ണിൽ പെട്ടുപോയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്.