കൊച്ചി: മാർ ആലഞ്ചേരിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ സഭയിലെ ഉന്നതർ ഉൾപ്പെട്ട ഗൂഢാലോചനയെന്ന് വാഴക്കാല സെന്റ് ജോസഫ് പള്ളി വികാരി ആന്റണി പൂതവേലിൽ. സഭാസമിതികൾ അറിഞ്ഞുകൊണ്ട് നടത്തിയ ഇടപാടുകളുടെ പേരിൽ കർദിനാൾ ആലഞ്ചേരിയെ മാത്രം പ്രതിയാക്കാനുള്ള ശ്രമങ്ങളാണ് വിമതരായ വൈദികർ ഇപ്പോൾ സടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇതോടെ കർദിനാളിനെതിരെ ഒരു കൂട്ടം വൈദികർ നടത്തുന്ന പ്രതിഷേധത്തിന്റെ കള്ളക്കളികളാണ് ചർച്ചയാകുന്നത്. മാർ എടയന്ത്രത്തിന്റെ നേതൃത്വത്തിലാണ് തീരുമാനങ്ങൾ എടുത്തതെന്ന് നേരത്തെ മറുനാടൻ രേഖകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തൽ.

വീഴചകൾ ആലഞ്ചേരി പിതാവിന്റെ മാത്രം തലയിൽ കെട്ടിവെച്ച് അദ്ദേഹത്തെ ക്രൂശിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, ഈ തീരുമാനങ്ങളിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവർ ഉൾപ്പെടെ പലരും അതിൽ പങ്കാളികളാണെന്നതാണ് വാസ്തവം. പ്രശ്‌നം സഭയ്ക്കകത്തുതന്നെ രമ്യമായി പരിഹരിക്കാനാവുമായിരുന്നു. എന്നാൽ, പ്രശ്‌നം തീർക്കുക എന്നതല്ല ഇവരുടെ ആവശ്യം. അത് ആളിക്കത്തിച്ച് കൂടുതൽ വഷളാക്കുക എന്നതാണ്. ഭൂമിയിടപാടോ അതിലെ നഷ്ടങ്ങളോ അല്ല മാർ ആലഞ്ചേരിയെ പുറത്താക്കുക എന്ന ലക്ഷ്യം മാത്രമാണ് വിമത വൈദികർക്കുള്ളത്. അത് പലകാരണങ്ങൾ കൊണ്ടുമുള്ള വ്യക്തിവിരോധം മൂലമാണ്. വന്ദ്യവയോധികനായ ഒരാളെ ഇഞ്ചിഞ്ചായി കൊല്ലുകയാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഫാ ആന്റണി പൂതവേലിൽ പറയുന്നു.

മെഡിക്കൽ കോളേജിനായെടുത്ത കടം തീർക്കാനായി എറണാകുളം ജില്ലയിലെ അഞ്ചിടത്തെ സഭയുടെ ഭൂമികൾ വിറ്റത് സംബന്ധിച്ച രേഖകളിൽ ഒപ്പിടുമ്പോൾ കർദിനാൾ ആലഞ്ചേരിക്ക് ഇടപാടുകൾക്ക് പണം ലഭിച്ചില്ലെന്ന അറിവുണ്ടായിരുന്നില്ലെന്ന് ഫാദർ ആന്റണി പറയുന്നു. ഈ സ്ഥലങ്ങളുടെ വിൽപന സംബന്ധിച്ച പതിനേഴ് ആധാരങ്ങൾ കൃത്യമായി പണം നൽകി രജിസ്റ്റർ ചെയ്തിരുന്നു. ഈ വകയിലാണ് ഒമ്പത് കോടിയോളം രൂപ ലഭിച്ചത്. പിന്നീടുള്ള ആധാരങ്ങളിൽ ഒപ്പിടുമ്പോൾ ആലഞ്ചേരി പിതാവിന് പണം ലഭിച്ചിട്ടില്ലെന്ന അറിവുണ്ടായിരുന്നില്ല -ഫാദർ ആന്റണി പറയുന്നു. പിതാവ് ഒരു വിദേശയാത്രയ്ക്ക് പോകാനായി ഇറങ്ങുമ്പോഴാണ് ഇടപാടുകൾക്കായി ചുമതലപ്പെടുത്തിയ ഫാദർ ജോഷി പുതുവ രേഖകളുമായെത്തുന്നത്. ഫാദർ ജോഷി പറഞ്ഞതനുസരിച്ച് പിതാവ് രേഖകളിൽ ഒപ്പുവെച്ചു.

വിദേശയാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് ഒപ്പിട്ടുനൽകിയ രേഖകൾക്കുള്ള പണം ലഭിച്ചിട്ടില്ലെന്നറിയുന്നത്. സാബു വർഗീസ് അതുവരെ കൃത്യമായി പണം നൽകിയിട്ടുള്ള ഇടപാടുകാരനായതിനാൽ, ജോഷിയച്ചനും ആ വിശ്വാസത്തിലായിരിക്കും പിതാവിന് മുന്നിൽ രേഖകൾ നൽകിയത്. എന്നാൽ, പിന്നീട് നോട്ട് നിരോധനം വന്നതോടെ പണം നൽകാൻ സമയം വേണമെന്ന് സാബു വർഗീസ് ആവശ്യപ്പെടുകയായിരുന്നു. ഇതു വിശ്വസിച്ച് പിതാവും കാത്തിരിക്കാൻ തയാറായി. ഈ പ്രതീക്ഷയിൽ ഇക്കാര്യം സഭാസമിതികളെ അറിയിക്കാതിരുന്നതാണ് ആലഞ്ചേരിക്ക് സംഭവിച്ച വീഴ്ച-ഫാ ആന്റണി പൂതവേലിൽ വിശദീകരിക്കുന്നു. മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ തുറുന്നു പറയുന്നത്. ഇത് ആദ്യമായാണ് ആലഞ്ചേരിയുടെ പക്ഷം വിശദീകരിച്ച് ഒരു വികാരി മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്.

ഇതെല്ലാം ഇപ്പോൾ ആരോപണമുന്നയിക്കുന്ന പ്രമുഖർ ഉൾപ്പെടെ എല്ലാവരും ചേർന്നെടുത്ത തീരുമാനങ്ങളാണ്. കർദിനാൾ ആലഞ്ചേരിയെ കൂടാതെ എടയന്ത്രത്ത് ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തിൽ നേരിട്ട് പങ്കാളികളാണ്. ഇതിലുണ്ടായ നഷ്ടത്തെക്കുറിച്ച് ആരും ഒന്നും പറയാത്തത് എന്താണ്. ഇപ്പോൾ, വിവാദമായിരിക്കുന്ന ഇടപാടുകൾ ഉൾപ്പെടെ ഈ നഷ്ടം തീർക്കാനാണ് നടന്നത്. എന്തുകൊണ്ടാണ് ഇതൊന്നും ഒരന്വേഷണ സമിതിയുടെയും പരിധിയിൽ വരാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. 2017 നവംബർ 28ന് നടന്ന വൈദിക യോഗത്തിലാണ് ആദ്യമായി മാർ ആലഞ്ചേരിയ്‌ക്കെതിരെ സഭയ്ക്കുള്ളിൽ നിന്നുതന്നെ പരസ്യമായി ആരോപണമുയരുന്നത്. ഫാദർ ബെന്നി മാരാംപറമ്പിലാണ് ആരോപണമുന്നയിച്ചത്. ഇതിനെ പിന്തുണച്ച് ആക്രോശങ്ങളുമായി വലിയൊരു വിഭാഗം വൈദികരും രംഗത്തെത്തി.

ഇതേത്തുടർന്ന് ആറംഗ അന്വേഷണ സമിതിയെ നിയോഗിക്കാൻ മാർ ആലഞ്ചേരി നിർബന്ധിതനാവുകയായിരുന്നു. വിമത വൈദികരുടെ ബഹളത്തെ തുടർന്ന് ആരോപണമുന്നയിച്ച ബെന്നി മാരാംപറമ്പിലിനെ തന്നെ സമിതി അധ്യക്ഷനായി നിയോഗിക്കേണ്ടിയും വന്നു. പരാതിക്കാരൻ തന്നെ അന്വേഷകനുമാകുന്ന വിരോധാഭാസമാണ് ഇവിടെ സംഭവിച്ചത്. ഞാനൊരു വക്കീലാണ്. ഇത്തരത്തിയൊരു സമിതി ലോകത്തെവിടെയും ഉണ്ടായിക്കാണില്ല. ആലഞ്ചേരി പിതാവിനെ കുടുക്കാൻ വേണ്ടി തന്നെയാണ് സമിതി റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ടിൽ പണമിടപാടുകൾ പരാമർശിച്ചിരിക്കുന്നത് ഡോളറിലാണ്. റോമിലേക്ക് അയക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇതെല്ലാം സമിതി റിപ്പോർട്ട് മുൻവിധിയോടെയാണ് തയാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ്.

ഭൂമിയിടപാടുകൾ സംബന്ധിച്ച് അറിഞ്ഞില്ലെന്ന് ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്ത് പറയുന്നത് ശരിയല്ല. എറണാകുളത്തെ അഞ്ചിടങ്ങളിലെ ഭൂമി വിൽക്കുന്നത് സംബന്ധിച്ച് ജോഷി പുതുവയെ ചുമതലപ്പെടുത്തുന്ന ക്യൂറിയയുടെ കത്തുനൽകുന്നത് എടയന്ത്രത്താണ്. കാര്യമായ ഒരു നിബന്ധനയും കൂടാതെയാണ് ജോഷിയെ ചുമതലയേൽപിക്കുന്നത്. പിന്നീട് 70 ഏക്കർ ഭൂമി വാങ്ങുന്നത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം അന്വേഷണ സമിതിയോട് പറഞ്ഞത്. എന്നാൽ, ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം ജോഷി പുതുവയ്ക്ക് ഇമെയിൽ അയച്ചതിന് തെളിവുണ്ട്. ഭൂമിയിടപാട് സംബന്ധിച്ച പ്രശ്‌നങ്ങൾ വഷളായപ്പോൾ ഇടനിലക്കാരനായ സാബു വർഗീസ് ബാക്കി പണം താൻ നൽകിക്കോളാമെന്ന് കാണിച്ച് സ്വന്തം വീടിന്റെ ആധാരവും പ്രോമിസറി നോട്ടുകളും ഉൾപ്പെടെയുള്ള രേഖകളുമായി എടയന്ത്രത്തിനെ സമീപിച്ചിരുന്നു. എന്നാൽ, ഇത് സ്വീകരിക്കാൻ അദ്ദേഹം തയാറായില്ല. സാബുവിനെതിരെ ഒരു രേഖയും സഭയുടെ കൈയിലില്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹം ഇവ മടക്കി അയച്ചത്.

ഭൂമിയിടപാട് സംബന്ധിച്ച് എടയന്ത്രത്തിൽ ഇറക്കിയ സർക്കുലറും ദുരൂഹത നിറഞ്ഞതാണ്. ആരുടെയും പേര് പറയുന്നില്ലെങ്കിലും പണം ലഭിച്ചാൽ സാമ്പത്തിക പ്രശ്‌നം പരിഹരിക്കപ്പെടുമെങ്കിലും ധാർമിക പ്രശ്‌നം നിലനിൽക്കുമെന്ന സർക്കലറിലെ വാചകം ഗൂഢലക്ഷ്യത്തോടെയുള്ളതാണ്. ആലഞ്ചേരി പിതാവിനെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സർക്കുലർ ഇറക്കിയതു തന്നെ. ഇത് പള്ളികളിൽ വായിക്കാനുള്ളതല്ലെന്നും സഭയിലെ വൈദികർക്കുള്ളതാണെന്നുമാണ് പറഞ്ഞിരുന്നത്. പൊതുജനങ്ങൾക്കുള്ളതല്ലെങ്കിൽ പിന്നെയെന്തിനാണ് ഈ സർക്കുലർ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം ചോദിക്കുന്നു.