തിരുവനന്തപുരം: ഏഴ് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുടുങ്ങിയത് സിഎസ്ഐ സഭയിലെ വികാരി. നെയ്യാർ ഡാം പൊലീസ് പടികൂടിയ തിരുവനന്തപുരം വെള്ളറട സ്വദേശി ഫാദർ ദേവരാജനെ റിമാൻഡ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പത്ത് വയസ്സുകാരിയായ പെൺകുട്ടിയെ രണ്ട് തവണയാണ് ഇയാൾ പീഡിപ്പിച്ചത്. സിഎസ്ഐ സഭയുടെ പള്ളിയിലെ അച്ചനായിരുന്നു ഇയാൾ.

പെൺകുട്ടിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചതായി പൊലീസിന് സംശയമുണ്ട്. ബൈബിൾ ഇംഗ്ലീഷിൽ വായിപ്പിച്ച് പഠിപ്പിക്കാനെന്ന വ്യാജേനയാണ് ഇയാൾ പത്തു വയസ്സുകാരിയെ വശീകരിച്ചത്. പെൺകുട്ടിയെ വീട്ടിൽ നിന്ന് അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെ വിളിച്ചു കൊണ്ട് പോവുകയായിരുന്നു. അവധി ദിനങ്ങളിലെല്ലാം ഇത് ചെയ്യാറുണ്ടായിരുന്നുവെന്നാണ് സൂചന. പള്ളിയോട് ചേർന്നുള്ള മുറിയിലായിരുന്നു ബൈബിൾ പഠനം. ഇവിടെയാണ് പീഡനവും നടന്നത്. കഴിഞ്ഞ മാസം 30നും എട്ടാം തീയതിയും പീഡനം നടന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി.

ബൈബിൾ പഠനത്തിനായി കൊണ്ടു വന്ന ശേഷം പെൺകുട്ടിക്ക് മിഠായി നൽകും. അങ്ങനെ വശീകരിച്ച ശേഷം ഫ്രോക്ക് ഊരിമാറ്റും. അതിന് ശേഷമാണ് പീഡനം തുടങ്ങുന്നത്. പെൺകുട്ടിയെ ഇയാൾ കെട്ടിപിടിച്ചതായും സ്വകാര്യ ഭാഗങ്ങളിൽ കൈവിരൽ കൊണ്ട് തൊട്ടതായും പരാതിയിൽ പറയുന്നു. ഇയാളുടെ ലൈംഗിക വേഴ്ചയ്ക്ക് മറ്റ് പലവിധത്തിലും കുട്ടിയെ ഉപയോഗിക്കുകയും ചെയ്തു. കഴിഞ്ഞ എട്ടാം തീയതി അച്ചൻ വിളിച്ചു കൊണ്ട് പോയ കുട്ടിയെ നേരത്തെ കൊണ്ടു പോകാനായി കുട്ടിയുടെ മാതാപിതാക്കൾ പള്ളിയിലെത്തി. അപ്പോൾ ഫ്രോക്കില്ലാതെ ഇരിക്കുന്ന മകളെയാണ് അവർ കണ്ടത്. ഇതോടെയാണ് പീഡകന്റെ തനിരൂപം പുറത്തായത്.

താൻ ചെയ്യുന്നതൊന്നും പുറത്താരോടും പറയരുതെന്ന് കുട്ടിയെ സമ്മതിപ്പിച്ച ശേഷമാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. അച്ഛനും അമ്മയും ഫ്രോക്കില്ലാതിരുന്ന കുട്ടിയോട് കാര്യങ്ങൾ തിരക്കി. കുട്ടി നടന്നതെല്ലാം സമ്മതിക്കുകയും ചെയ്തു. ഇതിന് ശേഷം കേസിൽ നിന്ന് രക്ഷപ്പെടാൻ ഫാദർ പലവിധ സമ്മർദ്ദങ്ങൾ ചെലുത്തി. എന്നാൽ കുട്ടിയുടെ അച്ഛനും അമ്മയും പീഡകനെതിരെയുള്ള നിലപാടിൽ ഉറച്ചു നിന്നു. സിഎസ്ഐ സഭയിലെ പ്രമുഖരും അച്ചനെ രക്ഷിക്കാൻ കരുക്കൾ നീക്കി. ഈ മേഖലയിൽ ഏറെ സ്വാധീനമുള്ള സഭയാണ് സിഎസ്ഐ. കുട്ടിയുടെ വീട്ടുകാർ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മനസ്സിലായതോടെ ഇയാൾ അറസ്റ്റ് ഒഴിവാക്കാൻ ആശുപത്രി വാസത്തിനും ശ്രമം തുടങ്ങി.

കാരക്കോണം മെഡിക്കൽ കോളേജിലെത്തി അസുഖമാണെന്ന് പറഞ്ഞ് ചികിൽസയിൽ പ്രവേശിക്കാനായിരുന്നു നീക്കം. പെൺകുട്ടിയുടെ വീട്ടുകാരെ സ്വാധീനിക്കാനുള്ള ശ്രമം വിജയിക്കുന്നതുവരെ സുഖ ചികിൽസയ്ക്കായിരുന്നു പദ്ധതി. എന്നാൽ പൊലീസ് സമർത്ഥമായി ഇത് പൊളിച്ചു. നെയ്യാർഡാം പൊലീസ് മെഡിക്കൽ കോളേജിൽ അച്ചനുണ്ടെന്ന് മനസ്സിലാക്കി. അവിടെ എത്തി. സിഎസ്ഐ സഭയുടെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജാണ് കാരക്കോണത്തേത്. അതുകൊണ്ട് കൂടിയാണ് അച്ചൻ ഇവിടെ ഒളിവിലുണ്ടെന്ന സൂചന കിട്ടിയതും പൊലീസ് പാഞ്ഞെത്തിയത്.

ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ അറസ്റ്റു ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികുറ്റം സമ്മതിച്ചിട്ടുണ്ട്. പോക്സോ പ്രകാരം കേസെടുക്കുകയും ചെയ്തു. ഇതോടെ ഈ അടുത്ത കാലത്തൊന്നും പ്രതിക്ക് ജയിൽ മോചനവും ഉണ്ടാകില്ലെന്ന് ഉറപ്പായി.