മുംബൈ: ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പദവിയിൽ നിന്നു മാറിനിൽക്കണമെന്നു സിബിസിഐ( കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ) പ്രസിഡന്റും ബോംബെ അതിരൂപത ആർച്ച്ബിഷപ്പുമായ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടത് ഏറെ പ്രതീക്ഷയോടെയാണ് പൊതു സമൂഹം ചർച്ചയാക്കിയത്. അതിരൂപതാധ്യക്ഷൻ എന്ന നിലയിലാണ് അഭിപ്രായമെന്നും വത്തിക്കാനിലുള്ള അദ്ദേഹം ജലന്തർ വിഷയം ബന്ധപ്പെട്ട സമിതികളിൽ ഉന്നയിക്കുമെന്നും ബോംബെ അതിരൂപതാ വക്താവ് ഫാ.നൈജിൽ ബാരെറ്റ് വിശദീകരിക്കുകയും ചെയ്തു. ഇതോടെ ഫ്രാങ്കോയ്ക്ക് നാണക്കേടയായി. ഇങ്ങനെ പോയാൽ കേരളത്തിൽ ചോദ്യം ചെയ്യലിന് എത്തിയാൽ തന്നെ അറസ്റ്റ് ചെയ്യുമെന്നും ഫ്രാങ്കോ തിരിച്ചറിഞ്ഞു. ഇതോടെ തന്റെ ശൈലിയിലെ ഇടപെടൽ നടത്തി. ഇതോടെ സിബിസിഐ പേടിച്ച് നിലപാട് തന്നെ മാറ്റി.

കന്യാസ്ത്രി നൽകിയ പീഡനപരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി സിബിസിഐ വീണ്ടും രംഗത്തെത്തി. കേസിൽ അന്വേഷണം പുരോഗമിക്കുന്ന അവസ്ഥയിലാണെന്നും, അന്വേഷണം പൂർത്തിയായതിനു ശേഷം വിഷയത്തിൽ പ്രതികരിക്കാമെന്നു അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു. സിബിസിഐ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സിബിസിഐ പ്രസിഡന്റിനെ തന്നെ അവർ തള്ളി പറഞ്ഞു. അന്വേഷണം തീർന്നതിനുശേഷം സഭ നിലപാടെടുക്കും. അതേസമയം ബിഷപ്പ് സ്ഥാനമൊഴിയണമെന്ന നിലപാട് സിബിസിഐ പ്രസിഡന്റും മുംബൈ അതിരൂപതാധ്യക്ഷനുമായ ഓസ്വാൾഡ് ഗ്രേഷ്യസിന്റേതല്ലെന്നും അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു. നേരത്തെ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് നിലപാട് ഓസ്വാൾഡ് ഗ്രേഷ്യസിൽ നിന്നുണ്ടായി എന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ മുംബൈ വക്താവിന്റെ നിലപാട് വ്യക്തിപരമെന്നും സിബിസിഐ വ്യക്തമാക്കി. അങ്ങനെ ഓസ്വാൾഡ് ഗ്രേഷ്യസിന്റെ നിലപാട് തന്നെ ബിഷപ്പ് തിരുത്തുകയാണ്.

ബിഷപ്പ് സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ ഫ്രാങ്കോ മുളയ്ക്കലിനോട് വത്തികാകൻ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയും ശക്തമായി. ഇത് സംബന്ധിച്ച് രണ്ട് ദിവസത്തിനകം തീരുമാനമുണ്ടായേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇതോടെയാണ് സമ്മർദ്ദവും ഭീഷണിയുമായി ഫ്രാങ്കോ അനുകൂലികൾ സജീവമായത്. ചില രാഷ്ട്രീയക്കാരെ ഉപയോഗിച്ചാണ് സിബിസിഐയെ സ്വാധീനിച്ചതെന്നാണ് സൂചന. കന്യാസ്ത്രീ നൽകിയ പീഡന പരാതിയുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യനപ്പെട്ട് പൊലീസ് നോട്ടീസ് നൽകിയിരുന്നു. സ്ഥിതിഗതികൾ ഗൗരവമായ സാഹചര്യത്തിലാണ് വത്തിക്കാന്റെ ഇടപെടൽ ഉണ്ടാകുന്നത് എന്നതായിരുന്നു വിലയിരുത്തൽ. എന്നാൽ ഇത്രയും കാലം സംരക്ഷിച്ച ഫ്രാങ്കോ കുറ്റവാളിയായാൽ അത് സഭയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തലുമുണ്ട്. അതുകൊണ്ട് തന്നെ പണവും പദവിയും ഏറെയുള്ള ബിഷപ്പിനൊപ്പം നിൽക്കാനാണ് മെത്രാൻ സമിതിയുടെ തീരുമാനം.

ഈ സാഹചര്യം തിരിച്ചറിഞ്ഞാണ് കന്യാസ്ത്രീകൾക്ക് നീതിലഭിക്കുന്നതുവരെ സമരം തുടരുമെന്ന് സമരസമിതിയും നിലപാട് എടുക്കുന്നത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതുകൊണ്ടുമാത്രം സമരം അവസാനിപ്പിക്കില്ലെന്ന് സമരസമിതി കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി അറിയിച്ചു. പരാതിക്കാരിയുടെ ചിത്രം പുറത്തുവിട്ട എം.ജെ. സന്യാസിനി സഭയ്‌ക്കെതിരെയും പ്രതിഷേധം ശക്തമാക്കും. ബിഷപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. പരാതിക്കാരിയെ സമൂഹത്തിനുമുന്നിൽ അപമാനിക്കുകയും സമരത്തിന് കൂടുതൽ പേരെത്തുന്നത് തടയാനുമുള്ള നീക്കമാണിത്, ബിഷപ്പ് ഫ്രാങ്കോയുടെ സഹോദരി സി.എം.സി. സഭയിലായതിനാലാവാം സമരത്തെ അനുകൂലിക്കുന്നതിൽനിന്ന് സി.എം.സി. കന്യാസ്ത്രീകളെ വിലക്കിയതെന്നും അവർ പറഞ്ഞു. ഈ വിലക്കിനുപിന്നിൽ ഗൂഢാലോചന നടന്നതായി ഫാ. അഗസ്റ്റിൻ വട്ടോളി ആരോപിച്ചു. സമരം ഞായറാഴ്ചമുതൽ കൂടുതൽ ശക്തമാക്കും. വിവിധ ജില്ലകളിൽ നടക്കുന്ന സമരങ്ങളുടെ നേതാക്കളെ ഇവിടേക്ക് വിളിച്ചിട്ടുണ്ട്. സ്ത്രീകളുടെ സമരവും ഉണ്ടാകും.

വത്തിക്കാൻ ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. ബിഷപ്പിന്റെ കാര്യത്തിൽ തീരുമാനം എടുക്കണം. ഇരു വിഭാഗങ്ങളുടെയും അവകാശവാദങ്ങൾ സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണം. കുറ്റം തെളിഞ്ഞാൽ അത് ക്രിമിനൽ കേസാണ്. കോടതിയാണ് നടപടി എടുക്കേണ്ടതെന്നാണ് സഭയ്ക്കുള്ളിലുയരുന്ന പൊതു വികാരം. എന്നാൽ ഇത് ഫ്രാങ്കോ അംഗീകരിക്കില്ല. ഫ്രാങ്കോ മുളയ്ക്കൽ രാജിവയ്ക്കേണ്ടതില്ലെന്ന് ജലന്ധർ രൂപതാ അധികൃതർ ഇപ്പോഴും പറയുന്നു. ഫ്രാങ്കോ, സ്ഥാനമൊഴിയണം, തനിക്കെതിരായ അന്വേഷണത്തിന് അനുവദിക്കണം. ആരോപണം സഭയുടെ യശസ്സ് കേരളത്തിൽ മാത്രമല്ല, രാജ്യമെങ്ങും മോശമാക്കി. അതിനാൽ രാജിവയ്ക്കുക മാത്രമാണ് ഫ്രാങ്കോയ്ക്ക് ചെയ്യാനുള്ളത്. കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ അദ്ദേഹത്തിന് മടങ്ങിയെത്താമെന്നാണ് ബോംബെ അതിരൂപതയുടെ നിലപാട്.

വിവാദങ്ങൾ കടുത്തിട്ടും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുലുങ്ങാത്തതിന് കാരണം വത്തിക്കാനിലെ ഒരു കർദിനാളിലുള്ള സ്വാധീനമെന്ന് സംശയം. ലത്തീൻ സഭാ ബിഷപ്പുമാരുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന കർദിനാളുമായി ഫ്രാങ്കോയ്ക്ക് നല്ല ബന്ധമുണ്ടെന്നാണ് പറയുന്നത്. ഇന്ത്യയിൽ സംഭവിച്ച വിവാദത്തെക്കുറിച്ച് മാർപാപ്പയെ ധരിപ്പിക്കേണ്ടത് ഈ കർദിനാളാണ്. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി അപ്പോസ്തലിക് നുൺഷ്യൊ മാർപാപ്പയുമായി ബന്ധപ്പെടുന്നതും ഇതേയാൾ വഴിയാണ്. ഈ വഴിയിലൂടെ ബോംബെ രൂപതയും നിലയ്ക്ക് നിർത്താനാണ് നീക്കം. മാർപാപ്പയെ ഉപദേശിക്കുന്ന ഒമ്പതംഗ കർദിനാൾ സംഘത്തിലെ അംഗമാണ് ഓസ്വാൾഡ് ഗ്രേഷ്യസ്. എന്നിട്ടു പോലും ഫ്രാങ്കോയുടെ കരുത്തിന് മുമ്പിൽ ബോംബെ അതിരൂപതയും വിറയ്ക്കുകയാണ്. ഇതോടെ ബിഷപ്പിനെതിരേ ബലാത്സംഗക്കുറ്റമാരോപിച്ചത് കന്യാസ്ത്രീയായിട്ടും സഭ ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് കാട്ടുകയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്.

1990 ജൂലായ് 13-ന് ഉത്തർപ്രദേശിലെ ഗജ്റൗളയിൽ സെന്റ്മേരീസ് കോൺവെന്റ് കൊള്ളയടിച്ച അക്രമികൾ രണ്ടു കന്യാസ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി. ആ ദിവസങ്ങളിൽ ഇന്ത്യയൊട്ടാകെ വൻ പ്രതിഷേധമാണ് ക്രൈസ്തവസഭകളുടെ നേതൃത്വത്തിലുണ്ടായത്. വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും തെരുവിലിറങ്ങി. പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിന്റെ വസതിയിലേക്കും മാർച്ച് നടന്നു.ഏറെ ചർച്ചകളുയർത്തി. എന്നാൽ ഇപ്പോൾ എല്ലാവരും മൗനം പാലിക്കുകയാണ്. ഫെബ്രുവരിയിലാണ് അഖിലേന്ത്യ കത്തോലിക്ക മെത്രാൻ സംഘത്തിന്റെ (സിബിസിഐ) പ്രസിഡന്റായി ബോംബെ ആർച്ച് ബിഷപ്പ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടത്. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്നുവരുന്ന സിബിസിഐ ദ്വൈവാർഷിക സമ്മേളനത്തിലാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.