കോട്ടയം: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിലെ ഉന്നതരുടെ തീരുമാനം. ഇതിന് അന്വേഷണ സംഘത്തിൽ സമ്മർദ്ദവും ശക്തമാണ്. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ആരോപണവുമായി കൂടുതൽ കന്യാസ്ത്രീകൾ രംഗത്തു വരുന്നതാണ് ഇതിന് കാരണം. ബിഷപ്പ് പലതവണ മോശമായി സ്പർശിച്ചെന്ന് സഭവിട്ട കന്യാസ്ത്രീ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇവരെല്ലാം പൊലീസ് നടപടികളിൽ അതൃപ്തരാണ്. ബലാത്സംഗ പരാതി കൊടുത്ത കന്യാസ്ത്രീയെ പോലെ ഇവരും പരസ്യമായി രംഗത്ത് വരുമെന്നാണ് സൂചന. ഇതോടെ ബിഷപ്പിനെ എങ്ങനെ സംരക്ഷിക്കാമെന്ന് അറിയാതെ കുഴങ്ങുകയാണ് പൊലീസ്.

മഠത്തിൽവെച്ച് ബിഷപ്പ് ബലമായി ആലിംഗനം ചെയ്യുന്നതും ലൈംഗിക ചുവയോടെ പെരുമാറുന്നതും പതിവായിരുന്നെന്നും സഭവിട്ട കന്യാസ്ത്രീ വെളിപ്പെടുത്തി കഴിഞ്ഞു. ബിഷപ്പിന്റെ മോശം പെരുമാറ്റം കാരണമാണ് രണ്ട് പേർ തിരുവസ്ത്രം ഉപേക്ഷിച്ചതെന്നും മൊഴി നൽകി. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഭഗൽപൂർ ബിഷപ്പ് കുര്യൻ വലിയകണ്ടത്തിലിന്റെ മൊഴിയെടുക്കുന്നതും ഈ മൊഴികളുടെ അടിസ്ഥാനത്തിലാണ്. ജലന്ധർ ബിഷപ്പ് പീഡിപ്പിച്ച വിവരം ഭഗൽപൂർ ബിഷപ്പിനോട് പറഞ്ഞിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്.

അതിനിടെ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ ബന്ധുക്കൾ വെള്ളിയാഴ്ച ഹൈക്കോടതിയെ സമീപിക്കും. കേസിൽ ഉന്നതരുടെ ഇടപെടൽ കാരണമാണ് അറസ്റ്റ് വൈകുന്നതെന്നാരോപിച്ച് നേരത്തേ ഇവർ രംഗത്ത് വന്നിരുന്നു. ജലന്ധർ ബിഷപ്പ് തന്നെ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ തന്നെ മൊഴി നൽകിയിട്ടും സഭ മെത്രാനെ സംരക്ഷിച്ചു. ചുമതലയിൽ നിന്ന് മാറ്റുക പോലും ചെയ്തില്ല. പകരം കന്യാസ്ത്രീയെ വശത്താക്കാനും കേസ് ഒതുക്കി തീർക്കാനും ശ്രമിച്ചു. ഒത്തുതീർപ്പിന് വൈദികർ തന്നെ മുന്നിട്ടിറങ്ങി. പലതും ചർച്ചയായി. അപ്പോഴും ജലന്ധർ ബിഷപ്പിന് മാത്രം ഒന്നും സംഭവിച്ചില്ല. പൊലീസിനേയും മെരുക്കാമെന്ന ആത്മവിശ്വാസത്തിൽ മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കാതെ അരമനയിൽ സസുഖം വാഴുകയാണ്. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീകൾക്കൊപ്പം മാസത്തിൽ ഒരു തവണ നടത്തിയിരുന്ന പ്രാർത്ഥനാ യോഗം നിലച്ചതിന്റെ കാരണം തേടിയ അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന വിരവരങ്ങളാണ് കിട്ടിയത്. ബിഷപ്പിനൊപ്പം ഒരു ദിവസം എന്ന പേരിലായിരുന്നു പ്രാർത്ഥനാ യോഗം. രാവിലെ പ്രാർത്ഥന കഴിഞ്ഞാൽ പല കന്യാസ്ത്രീകളേയും ബിഷപ്പ് മുറിയിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു. രാവിലേയും പീഡനം നടന്നുവെന്നാണ് മൊഴി. അതായത് കന്യാസ്ത്രീകളെ ചൂഷണം ചെയ്തതിന്റെ പുതിയ കഥകളാണ് പുറത്തുവരന്നു. ഇതിനൊപ്പമാണ് സഭ വിട്ട കന്യാസ്ത്രീകൾ പൊലീസിന് തന്നെ ബിഷപ്പിനെതിരെ മൊഴി നൽകിയത്. എന്നിട്ടും പൊലീസ് കുലുങ്ങാത്തത് ഏവരേയും അത്ഭുതപ്പെടുത്തുന്നുണ്ട്.

ജലന്ധർ രൂപതയിൽ 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന മാസം തോറുമുള്ള പ്രാർത്ഥനാ പരിപാടിയിൽ കന്യാസ്ത്രീകൾ നേരിട്ടത് മോശം അനുഭവമെന്നാണ് വൈദികർ നൽകിയ മൊഴി. ജലന്ധർ ബിഷപ്പിൽ നിന്ന് പ്രാർത്ഥനാ പരിപാടിക്കിടെ മോശം അനുഭവമുണ്ടായതായി കന്യാസ്ത്രീകൾ പരാതിപ്പെട്ടിരുന്നെന്ന് കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘത്തിന് വൈദികർ മൊഴി നൽകിയിരുന്നു. പ്രാർത്ഥനക്കിടെയായിരുന്നു ഇതെന്നും കന്യാസ്ത്രീകൾ പരാതിപ്പെട്ടിരുന്നു. പ്രാർത്ഥനാ യോഗം നടക്കുന്നതിനിടെ രാത്രിയിൽ ബിഷപ്പ് മുറിയിലേക്ക് വിളിപ്പിക്കുമായിരുന്നെന്നു. മദർ സുപ്പീരിയറും ഇക്കാര്യം അന്വേഷണ സംഘത്തോട് സ്ഥിരീകരിച്ചിരുന്നു. ഇത് ശരിവയ്ക്കും വിധമാണ് സഭ വിട്ട കന്യാസ്ത്രീകളുടെ മൊഴിയും.

ഇടയനോടൊപ്പം ഒരു ദിവസമെന്ന പ്രാർത്ഥനാപരിപാടി നിലച്ചതിന്റെ കാരണം തിരക്കിയ അന്വേഷണസംഘത്തിനാണ് വൈദികർ ബിഷപ്പിനെതിരായി മൊഴി നൽകിയിരിക്കുന്നത്. ജലന്ധർ ബിഷപ്പിനെ പൊലീസ് അറസ്റ്റ് ചെയ്താൽ അതു സംഭവിച്ചാൽ ഇന്ത്യയിൽ അറസ്റ്റിലാകുന്ന ആദ്യ കത്തോലിക്കാ ബിഷപ്പായി ഫ്രാങ്കോ മാറും. ഈ നാണക്കേട് ഒഴിവാക്കാനാണ് പൊലീസിലെ ചിലർ ശ്രമം നടത്തിയത്. ജലന്ധറിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചുമതലയേറ്റശേഷം കന്യാസ്ത്രീകൾക്കൊപ്പം മാസത്തിൽ ഒരു തവണ നടത്തിയിരുന്ന പ്രാർത്ഥന നിലച്ചതായി അന്വേഷണസംഘത്തിന് സൂചന ലഭിച്ചിരുന്നു.

ബിഷപ്പ് ചുമതലയേറ്റ ശേഷം മഠത്തിലെ നിരവധി കന്യാസ്ത്രീകൾ സഭാ വസ്ത്രം ഉപേക്ഷിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പ്രാർത്ഥനാ യോഗമാണ് ഇതിന് കാരണമെന്നാണ് സൂചന ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന മൊഴി.