ശോ ജനിച്ച സന്തോഷവാർത്ത ആദ്യമായി അറിയിക്കപ്പെടുന്നത് ആട്ടിടയന്മാർക്കാണ്. ദൂതൻ അവരോടു പറഞ്ഞു ''ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ ഇന്നു ജനിച്ചിരിക്കുന്നു'' (2:11).

തുടർന്ന് രക്ഷകനെ തിരിച്ചറിയാനുള്ള അടയാളവും അവർക്ക് പറഞ്ഞു കൊടുക്കുന്നു. ''ഇതായിരിക്കും നിങ്ങൾക്ക് അടയാളം. പിള്ളക്കച്ച കൊണ്ട് പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും (2: 12).

ദൂതൻ അപ്രത്യക്ഷനായ ശേഷം ബേത്ലഹേമിലേക്ക് പോകുന്ന ഇടയൻ രക്ഷകനെ തിരിച്ചറിയുന്നത് ദൂതൻ പറഞ്ഞു കൊടുത്ത അടയാളം വച്ചു തന്നെയാണ്. ''അവർ മറിയത്തിനെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു'' (2: 16).

ക്രിസ്തു ഇന്നും ജനിക്കുന്നുണ്ട്, നിന്റെ വീട്ടിലും, നിന്റെ അയൽപക്കത്തുമൊക്കെ. ക്രിസ്തു ഇന്നും സജീവനാകുന്നുണ്ട്. അവനെ തിരിച്ചറിയാനുള്ള അടയാളമിതാണ് - ''പുൽത്തൊട്ടിയിലെ ശിശു'' നിന്നിലും നിന്റെ ചുറ്റിലും സന്നിഹിതനാകുന്ന നിന്റെ രക്ഷകനെ തിരിച്ചറിയാനുള്ള അടയാളമിതാണ് - ''പുൽത്തൊട്ടിയിലെ ശിശു''

പണ്ട് എന്റെ മനസ്സിൽ രൂപപ്പെട്ട ഇടയ ബാലന്റെ കഥ (ഓഡിയോ കേൾക്കുക) ഇടയ ബാലൻ അവന്റെ രക്ഷകനെ തിരിച്ചറിഞ്ഞ സന്ദർഭം. അതിന്റെ അടയാളം ''പുൽത്തൊട്ടിയിലെ ശിശു.''

പുൽത്തൊട്ടിയിലെ ശിശു ഒരു അടയാളമാണ്, ഒരു പ്രതീകമാണ്. ദാരിദ്ര്യത്തിന്റെ, ഇല്ലായ്മയുടെ, പരിമിതികളുടെ, കുറവുകളുടെ പ്രതീകമാണ് പുൽത്തൊട്ടിയിലെ ശിശു. അതിനാൽ പരിമിതികളുടെയും ദാരദ്ര്യത്തിന്റെയും ഇല്ലായ്മയുടെയും പിറകിൽ ഒളിഞ്ഞിരിക്കുന്നത് നിന്റെ രക്ഷകനാണെന്നു സാരം. അതാണ് ഉണ്ണീശോ ഇന്നു എന്നോട് പറഞ്ഞു തരുന്ന സന്ദേശം.

ദാരിദ്ര്യത്തിന്റെയും, രോഗത്തിന്റെയും, പാപത്തിന്റെയും, അനാഥത്തിന്റെയും, വാർധക്യത്തിന്റെയും ( മത്തായി 25:35-40)
പിറകിൽ മറഞ്ഞിരിക്കുന്ന ക്രിസ്തുവിനെ തിരിച്ചറിയാൻ നിനക്കു സാധിക്കുന്നുണ്ടോ? അവിടെയൊക്കെ ക്രിസ്തുവിനെ കാണാൻ സാധിക്കുന്നിടത്താണ് നിന്റെ രക്ഷകൻ ജന്മമെടുക്കുന്നത്, നിന്റെ രക്ഷയും.

പഴയ ഒരു സംഭവം, നശ്രായന്റെ കുടെ എന്ന പുസ്തകത്തിൽ വിവരിച്ചത്. ഒരു ധർമ്മക്കാരൻ ബസ്സിൽ അച്ചടിച്ച് വിതരണം ചെയ്യുന്ന കാർഡ് (ഓഡിയോ കേൾക്കുക). ദാരിദ്ര്യത്തിന്റെയും അംഗവൈകല്യത്തിന്റെയും, രോഗത്തിന്റെയും, പാപത്തിന്റെയും, അനാഥത്തിന്റെയും, വാർധക്യത്തിന്റെയും, പരിമിതികളുടെയും പിറകിൽ മറഞ്ഞിരിക്കുന്നത് ഈശ്വരനാണ്.

ഈ പറഞ്ഞ പരിമിതികളൊക്കെ ഒരു തരം കർട്ടനാണ്, തിരശ്ശീലയാണ് - ഈശ്വര സാന്നിധ്യത്തെ മറയ്ക്കുന്ന തിരശ്ശീല. തിരശ്ശീലയ്ക്ക് പിറകിലുള്ള ദൈവ സാന്നിധ്യത്തെ തിരിച്ചറിയുമ്പോഴാണ് നിന്റെ രക്ഷകനും രക്ഷയും പിറവിയെടുക്കുന്നത്.

ഇന്ന് ക്രിസ്തുമസ് ദിനത്തിൽ, ഉണ്ണിശോ എന്നോടു പറഞ്ഞു തരുന്ന സന്ദേശമിതാണ്. നിന്റെ രക്ഷകനെ തിരിച്ചറിയാനുള്ള അടയാളമിതാണ്? 'പുൽത്തൊട്ടിയിലെ ശിശു.'

ക്രിസ്തുവിന്റെ ജനനം ഇന്നും തുടരുകയാണ്. നിന്നിലും നിന്റെ ചുറ്റിലും നിന്റെ പ്രിയരിലും ഇന്നും ജന്മമെടുക്കുന്ന ക്രിസ്തുവിനെ കണ്ടെത്തണമെങ്കിൽ നീ അന്വേഷിക്കേണ്ട അടയാളമാണ് 'പുൽത്തൊട്ടിയിലെ ശിശു.'

നിന്നിലും നിന്റെ ചുറ്റിലും നിന്റെ പ്രിയരിലും കാണുന്ന കുറവും, പരിമിതികളും, ദാരിദ്ര്യവും, വൈകല്യവുമൊക്കെ നിനക്കുള്ള ഒരു ക്ഷണമാണ് - രക്ഷകനെ തിരിച്ചറിയാനുള്ള ക്ഷണം. ഈ കുറവുകളുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന ദൈവ സാന്നിധ്യത്തെ നീ തിരിച്ചറിയുമ്പോൾ, നിന്റെ രക്ഷയും രക്ഷകനും രൂപമെടുക്കും. അതോടൊപ്പം മറ്റുള്ളവരുടെ രക്ഷയും.
Jacob Naluparayil
Divya Karunya Ashram
Thannipuzha, Okkal P.O.
Kaladay, Ernakulam (Dist)
Keral. India