ന്ന് പെസഹാ വ്യാഴാഴ്ചയാണ്. ഈശോയുടെ കുരിശുമരണത്തിന്റെ തലേന്നാൾ. മരണത്തിന്റെ തലേദിവസത്തെ ഈശോയുടെ ഹൃദയഭാവം യോഹന്നാനാണ് നന്നായി വെളിപ്പെടുത്തുന്നത്. ''താൻ ദൈവത്തിൽ നിന്ന് വരുകയും ദൈവത്തിങ്കലേക്ക് പോവുകയും ചെയ്യുന്നുവെന്ന് ഈശോ അറിഞ്ഞു'' (യോഹ 13:3).
 
അത് വലിയൊരു തിരിച്ചറി​വായിരുന്നു. പോരാ, ഈശോയുടെ ആത്മബോധം തന്നെ അതായിരുന്നു - ദൈവത്തിൽ നിന്നാണ് വരുന്നത്, ദൈവത്തിങ്കലേക്കാണ് തിരികെ പോകുന്നത്. അതായത് താൻ ദൈവത്തിന്റെ ഭാഗമാണെന്ന ആത്മബോധമായിരുന്നു ഈശോയ്ക്കുണ്ടായിരുന്നത്. അതിനെയാണ് ദൈവപുത്രനെന്ന് സുവിശേഷകർ പേരിട്ടു വിളിച്ചത്. ദൈവത്തെ 'പിതാവേ' എന്ന് ഈശോ അഭിസംബോധന ചെയ്യുന്നതിന്റെ പിമ്പിലുള്ള ഹൃദയാനുഭവും ഇതു തന്നെയായിരുന്നു.
 
ഇത്തരമൊരു ആത്മബോധത്തിൽ നിന്നുകൊണ്ടാണ് ഈശോ തന്റെ മരണത്തെ സമീപിക്കുന്നത്. അതിനാൽതന്നെയാണ് മരണത്തിന് തൊട്ടുമുമ്പ് കാലുകഴുകി ശിഷ്യരുടെ പരിചാരകനാകാനും (ലൂക്കാ 22:27) സ്വന്തം  ശരീരവും രക്തവും പങ്കു വച്ചു കൊടുക്കാനും അവനു കഴിഞ്ഞത് (മത്താ 26:26 - 28).
 
ഞാൻ യഥാർത്ഥത്തിൽ ആരാണ്? ഈ ആത്മബോധത്തിലേക്ക് ഉണരാനാണ് ഈശോ നമ്മളോട് ഇന്ന് ആവശ്യപ്പെടുന്നത്. ദൈവത്തെ, പിതാവേ എന്ന് വളിക്കാൻ നമ്മളെ പഠിപ്പിച്ചതിലൂടെ, നമ്മളും ദൈവത്തിന്റെ മക്കാളാണെന്ന ആത്മബോധത്തിലേക്ക് വളരാനാണ് ഈശോ ആവശ്യപ്പെടുന്നത്. അതായത് ദൈവമാകുന്ന ജീവന്റെ ഒരു സ്ഫുലിംഗമാണ് ഞാനുമെന്ന തിരിച്ചറിവാണിത്‌.
യഥാർത്ഥത്തിൽ ഞാൻ ആരാണ്? പലപ്പോഴും എന്റെ ശരീരമായിട്ടാണ് ഞാൻ എന്നെത്തന്നെ താദാൽമ്യപ്പെടുത്തുന്നത്. അല്ലെങ്കിൽ എന്റെ മനസ്സുമായി. അതുമല്ലെങ്കിൽ സമൂഹത്തിലെ എന്റെ സ്ഥാനമാനങ്ങളുമായി. "ഞാൻ ജേക്കബ് നാലുപറായിലാണ്, ഞാൻ കത്തോലിക്കാ പുരോഹിതനാണ്, ദൈവശാസ്ത്ര അദ്ധ്യാപകനാണ്"- ഞാൻ ആരാണന്ന ചോദ്യത്തിന് ഇതൊക്കെയായിരിക്കും എന്റെ ഉത്തങ്ങൾ.
 
എന്നാൽ മരണം മുമ്പിൽ വന്നു നിൽക്കുമ്പോൾ, ഞാൻ ആരാണ് എന്ന ചോദ്യം ചോദിച്ചാൽ മുൻപു പറഞ്ഞ ഉത്തരങ്ങളൊക്കെ അപര്യാപ്തങ്ങളായിരിക്കും. കാരണം, അൽപ്പസമയത്തിനുള്ളിൽ സംഭവിക്കുന്ന മരണത്തിനു ശേഷം എന്റെ ശരീരം മണ്ണോടു ചേരും. അങ്ങനെ ഞാൻ എന്റെ ശരീരം അല്ലാതായിത്തീരും. 
 
എന്റെ മനോ വ്യാപാരങ്ങളുടെ ഉറവിടമായ തലച്ചോറും മണ്ണിൽ ചേരും. അങ്ങനെ ഞാൻ എന്റെ മനസ്സല്ലാതായിത്തീരും. സമൂഹത്തിലെ എന്റെ സ്ഥാനമാനങ്ങലും അവസാനിക്കും. ചുരുക്കത്തിൽ മരിച്ച് മണിക്കൂറിനുള്ളിൽ ഞാൻ വെറുമൊരു ശവമായി പരിണമിക്കും. ആ സന്ദർഭത്തിൽ, ഞാൻ ആരാണ് എന്ന ചോദ്യത്തിന്, ഞാൻ എന്ത് ഉത്തരം പറയും. ഈശോയുടെ ആത്മാനുഭാവമായിരിയ്കില്ലേ അപ്പോൾ മിച്ചം നിൽക്കുന്നത്? ദൈവത്തിൽ  നിന്നും വന്നിട്ട്, ദൈവത്തിലേക്ക് തന്നെ തിരികെപ്പോകുന്ന ജീവനാണ് ഞാൻ.
 
നിഷേധാത്മകമായിട്ടാണെങ്കിലും ഇത്തരമൊരു തിരിച്ചറിവിലേക്ക് അവസാന മിഷങ്ങളിൽ ഉണർന്ന കഥയാണ് മഹാനായ അലക്‌സാണ്ടർ ചക്രവർത്തിയുടേത്.
 
സാമ്രാജ്യങ്ങൾ പിടിച്ചടക്കിയ ശേഷമുള്ള മടക്കയാത്രയാലായിരുന്നു ചക്രവർത്തിക്ക് ദീനം ബാധിച്ചത്. വൈദ്യന്മാർ കിണഞ്ഞു പരിശ്രമിച്ചിട്ടും രോഗം ശമിച്ചില്ല. മരണം അടുത്തെത്തിയെന്നു അദ്ദേഹത്തിനുറപ്പായി. മരിക്കുന്നതിന് മുൻപ് സ്വന്തം അമ്മയെ കാണണമെന്ന ആഗ്രഹം പോലും നടക്കില്ലെന്നായി. അപ്പോൾ അദ്ദേഹം തന്റ സൈന്യാധിപന്മാരെയെല്ലാം അടുത്തു വിളിച്ച് മരണക്കിടക്കയിൽ കിടന്ന്, അദ്ദേഹം പറഞ്ഞു.
 
''എന്റെ മൂന്ന് ആഗ്രഹങ്ങൾ മരണ ശേഷം നിങ്ങൾ നിറവേറ്റണം. ഒന്ന്, എന്റെ ശവമഞ്ചം ചുമക്കുന്നത് എന്നെ ചികിത്സിച്ച ഭിഷഗ്വരന്മാരായിരിക്കണം. രണ്ട്, എന്റെ ശവമഞ്ചം പോകുന്ന വഴിയിലൊക്കെ ഞാൻ പിടിച്ചെടുത്ത മുത്തും പവിഴയും സ്വർണ്ണവും വിതറണം. മൂന്ന്, എന്റെ ശവപ്പെട്ടി അടക്കുമ്പോൾ എന്റെ ഇരുകരങ്ങളും പുറത്തേക്കിടണം. അങ്ങനെ അവസാന യാത്രിൽ മഞ്ചത്തിനിരുവശത്തും എന്റെ കൈകൾ തൂങ്ങിയാടണം."
 
നിറകണ്ണുകളോടെ പ്രധാന സൈന്യാധിപകൻ ഈ വിചിത്ര അഭിലാഷത്തിന്റെ, ഉദ്ദേശ്യം ആരാഞ്ഞു. അദ്ദേഹം പറഞ്ഞു - ''ഞാൻ അനുഭവിച്ചറിഞ്ഞ മൂന്നു ജീവിത പാഠങ്ങൾ എന്റെ ജനങ്ങളെ അറിയിക്കാനാണിത്. ഒന്ന്, എത്ര മഹാനായ രാജാവാണെങ്കിലും വൈദ്യന്മാർക്ക് അവന്റെ ജീവൻ പിടിച്ചു നിർത്താനാവില്ല. രണ്ട്. സ്വന്തമാക്കിയ ഒരു തരി രത്‌നമോ സ്വർണ്ണമോ മരിച്ചവന് കൂടെ കൊണ്ടുപോകാനായില്ല. മൂന്ന്, ഭൂമിയിലേക്ക് ഒന്നുമില്ലാതെ വന്നവൻ, ഒന്നുമില്ലാതെ തന്നെയാണ് തിരികെ പോകേണ്ടതും''
 
ഇതാണ് ജീവിതത്തിന്റെ പരമ സത്യം. ഞാൻ സ്വരുക്കുട്ടുന്ന സമ്പത്തല്ല ഞാൻ. ഞാൻ വളർത്തി മോടി പിടിപ്പിച്ച ശരീരമല്ല ഞാൻ. ഞാൻ ആർജ്ജിച്ചെടുത്ത സാമൂഹിക സ്ഥാനമാനങ്ങളല്ല ഞാൻ. അവയൊക്കെ ഇടക്കാലത്ത് എനിക്കു കിട്ടിയ വെറും കളിക്കോപ്പുകൾ മാത്രം. ഞാൻ യഥാർത്ഥത്തിൽ ദൈവത്തിൽ നിന്നും വരുകയും, ദൈവത്തിങ്കലേക്ക് തിരികെപ്പോകുകയം ചെയ്യുന്നവനാണ്.
 
ഇത്തരമൊരു ആത്മബോധത്തിലാകുമ്പോൾ തന്റെ ചുറ്റുമുള്ളവരെയും അതേ രീതിയൽ പരിഗണിക്കും. അവരും ദൈവത്തിൽ നിന്ന് വന്ന്, ദൈവത്തിങ്കലേക്ക് തിരികെ പോകുന്നവരാണ്. അങ്ങനെയെങ്കിൽ അവർ എന്റെ തന്നെ ഭാഗമായാണ്. അവർ എന്റെ ജീവന്റെ തന്നെ ഭാഗമാണ്, അവർ എന്റെ സ്വന്തമാണ്.
ഈശോയുടെ തിരിച്ചറിവ് ഇതായിരുന്നുവെന്നാണ് യോഹന്നാൻ പറയുന്നത് - ''തനിക്കു സ്വന്തമായുള്ളവരെ ഈശോ സ്‌നേഹിച്ചു. അവസാനം വരെ സ്‌നേഹിച്ചു'' (യോഹ 13:1).
 
അത്തരമൊരു തിരിച്ചറിലിലാണ് ഈശോ താലത്തിലെ വെള്ളവുമായി ശിഷ്യരുടെ പാദത്തിൽ അവരെ പരിചരിക്കാനിരിക്കുന്നത്. ''ഞാൻ നിങ്ങളുടെയിടയിൽ പരിചാരകരെപ്പോലെയാണ്'' എന്നാണ് ഈശോ അവരോടു പറയുന്നത് (ലൂക്കോ 22:27). അതിനു കാരണം, ശിഷ്യരെ തന്റെ തന്നെ ഭാഗമായി ഈശോയ്ക്കു കാണാനായി, തന്റെതന്നെ സ്വന്തമായി കാണാനായി.
 
പാദം കഴുകുന്നതിന് പത്രോസ് തടസ്സം പറയുമ്പോൾ ഈശോ പറയുന്ന മറുപടി ശ്രദ്ധിക്കണം. ''ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ, നിനക്ക് എന്നോടു കൂടെ പങ്കില്ല'' (യോഹ 13:8). ഇത് തിരിച്ചു പറഞ്ഞാലോ, നീ എന്റെ പങ്കും ഭാഗവുമായതുകൊണ്ടാണ് ഞാൻ നിന്നെ കഴുകുന്നത്. നീ എന്റെ പങ്കും ഭാഗവുമായതുകൊണ്ടാണ് ഞാൻ നിന്നെ പരിചരിക്കുന്നത്.
 
ഇതേ കാര്യം ശ്രീബുദ്ദൻ മികവോടെ അവതരിപ്പിക്കുന്നുണ്ട് - ''വിശന്നിരിക്കുന്ന ഒരുവന് നിന്റെ ഭക്ഷണം കൊടുക്കുമ്പോൾ, വിശപ്പു കൊണ്ട് നീ തളർന്നു പോവുകയില്ല. മറിച്ച് നീ കൂടുതൽ ഊർജ്ജസ്വലനാവുകയേ ഉള്ളൂ. കാരണം വിശന്നിരിക്കുന്നവൻ നിന്റെ തന്നെ ഭാഗമാണ്."
 
ഭക്ഷണത്തിന്റെ കാര്യത്തിൽ മാത്രമല്ല, മറ്റെന്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സത്യം. കൊടുക്കുന്നതുകൊണ്ട് നീ കുറഞ്ഞു പോകില്ല. മറിച്ച് നീയും നിന്നിലെ ജീവനും വർദ്ധിച്ചു വരുകയേ ഉള്ളൂ. അളവില്ലാത്ത സ്‌നേഹം പകർന്നു കൊടുക്കുമ്പോൾ നിന്നിലെ ആനന്ദം വർദ്ധിക്കുകയേ ഉള്ളൂ,
 
ഈ തത്വം മുമ്പോട്ടു വളർത്തിയെടത്താൽ സ്വന്തം ഭക്ഷണവും സമ്പത്തും സ്‌നേഹവും മാത്രമല്ല, ജീവൻ പോലും ദാനം ചെയ്യാൻ ഒരുവൻ തയ്യാറാകുന്നതന്റെ പിന്നിലുള്ള മാനസിക ഭാവമിതാണ് - ഞാൻ ദൈവത്തിൽ നിന്ന് വന്ന് ദൈവത്തിലേക്ക് തിരികെ പോകുന്ന ജീവനാണ്. എന്റെ ചുറ്റുമുള്ളവരും അങ്ങനെ തന്നെ. അങ്ങനെയെങ്കിൽ, എന്റെ പ്രിയന്റെ ജീവൻ രക്ഷിക്കാൻ, എന്റേതു ദാനം ചെയ്യുന്നതിനുള്ള പ്രേരകശക്തി ഇതല്ലാതെ മറ്റെന്താണ്?
 
നാസി തടങ്കൽ പാളയത്തിൽ നിന്നും കേട്ടിട്ടുള്ള കഥ ഓർക്കാം (ഓഡിയോ കേൾക്കുക)
 
ദൈവത്തിൽ നിന്ന് വരുകയും ദൈവത്തിങ്കലേക്ക് തിരികെപ്പോകുകയും ചെയ്യുന്നുവെന്നറിഞ്ഞ ഈശോ ശിഷ്യരുടെ പാദം കഴുകുന്നതിന് പുറമെ, ചെയ്യുന്നു മറ്റൊരു കാര്യമുണ്ട്. തന്റെ പ്രിയപ്പെട്ടവർക്കായി അവൻ അപ്പം മുറിച്ചു കൊടുക്കുന്നു വീഞ്ഞ് പങ്കു വച്ചു കൊടുക്കുന്നു. അവൻ പറയുന്നത്, "നിങ്ങൾക്ക് വേണ്ടി നൽകപ്പെടുന്ന എന്റെ ശരീരം" (ലൂക്കാ 22:19); "നിങ്ങൾക്ക് വേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തം'' (ലൂക്കാ 22: 20) എന്നാണ്.
 
ദൈവത്തിൽ നിന്ന് വന്ന്, ദൈവത്തിങ്കലേക്ക് തിരികെപ്പോകുന്നുവെന്ന് തിരിച്ചറിഞ്ഞ ഈശോ, ലോകത്തിൽ തനിക്ക് സ്വന്തമായുള്ളവരെ സ്‌നേഹിച്ച ഈശോ, ചെയ്യുന്നത് സ്വന്തം ശരീരവും രക്തവും പങ്കു വച്ചു നൽകുകയാണ്. പങ്കുവച്ചു കൊടുക്കലിന്റെ പരകോടിയാണ് ആത്മദാനം. അതിലൂടെ ക്രൂശിതൻ നിത്യതയിക്കേ് ഉയിർക്കുകയാണ് ചെയ്തത്. 
 
യഥാർത്ഥത്തിൽ താൻ ആരാണെന്ന് തിരിച്ചറിയുന്നവൻ നടന്നു കയറേണ്ട സ്‌നേഹദാനത്തിന്റെ കൊടുമുടിയാണ് ഈശോയുടെ അന്ത്യ അത്താഴം - ശരീരവും രക്തവും പകുത്തു കൊടുക്കൽ; സ്വന്തം ജീവൻ തന്നെ ദാനം ചെയ്യൽ. അതിലൂടെ വളർന്നു പുഷ്പിക്കുന്നത് നിന്നിലെ ജീവൻ തന്നെയായിരിക്കും - ദൈവത്തിൽ നിന്ന് ഉത്ഭവിച്ച് ദൈവത്തിങ്കലേക്ക് തിരികെപ്പോകുന്ന നിന്നിലെ ജീവൻ.
 
ചുരുക്കതത്തിൽ പെസഹാവ്യാഴാഴ്ച ഈശോ ആവശ്യപ്പെടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, നീ യഥാർത്ഥത്തിൽ ആരാണെന്ന് തിരിച്ചരിയുക. അതോടൊപ്പം നിന്റെ പ്രിയരും യഥാർത്ഥത്തിൽ ആരാണെന്നറിയുക. തൽഫലമായി നിന്റെ പ്രിയരെ നിന്റെ സ്വന്തമായിക്കരുതാനും അവർക്കായി ആത്മദാനം ചെയ്യുവാനുമാവും. തൽഫലമായി നിന്റെ ജീവൻ കുറഞ്ഞുപോകില്ല. നേരെ മറിച്ച് നിന്നിലെ ജീവൻ വിടർന്ന് പുഷ്പിക്കും - നിത്യതയിലേക്ക്.